ഉമർ ബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "പ്രവർത്തനങ്ങൾ ഉദ്ദേശ്യത്തിൻ്റെ അടിസ്ഥാനത്തിലാണ്; ഓരോ വ്യക്തിക്കും അവൻ ഉദ്ദേശിച്ചത്...
എല്ലാ പ്രവർത്തനങ്ങളും നിയ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിഗണിക്കപ്പെടുക എന്ന് നബി ﷺ ഈ ഹദീഥിലൂടെ അറിയിക്കുന്നു. ആരാധനകൾക്കും ഇടപാടുകൾക്കുമെല്ലാം ഈ പൊതുനി...
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) അതിലില്ലാത്തത് പുതുതായി നിർമ്മിച്ചാൽ അത് തള്ളപ്പെടേണ്...
ആരെങ്കിലും മതത്തിൽ എന്തെങ്കിലും ഒന്ന് പുതുതായി നിർമ്മിക്കുകയോ ഖുർആനിലും സുന്നത്തിലും തെളിവില്ലാത്ത ഒരു പ്രവർത്തി ചെയ്യുകയോ ഉണ്ടായാൽ അത് അയാളിലേക്ക് തന...
ഉമർ ബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരു ദിവസം ഞങ്ങൾ നബി ﷺ യുടെ അരികിൽ ഉണ്ടായിരിക്കെ ഒരാൾ അവിടെ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു. തൂവെള്ള വസ...
ജിബ്രീൽ -عَلَيْهِ السَّلَامُ- സ്വഹാബികൾക്കിടയിലേക്ക് പരിചയമില്ലാത്ത ഒരാളുടെ രൂപത്തിൽ വന്ന സംഭവമാണ് ഈ ഹദീഥിലൂടെ ഉമർ ബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْ...
അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു: "ഇസ്‌ലാം അഞ്ച് കാര്യങ്ങൾക്ക് മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. അല്ലാഹുവല...
അഞ്ച് തൂണുകൾക്ക് മേൽ കൃത്യമായി കെട്ടിയുയർത്തപ്പെട്ട ഒരു ഭവനത്തോട് ഇസ്‌ലാമിനെ നബി -ﷺ- സാദൃശ്യപ്പെടുത്തുന്നു ഈ ഹദീഥിൽ. ഈ അഞ്ച് കാര്യങ്ങൾക്ക് പുറമെയുള്ള...
മുആദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ സഹയാത്രികനായി, ഉഫൈർ എന്ന് പേരുള്ള ഒരു കഴുതപ്പുറത്ത് (യാത്ര ചെയ്യുന്നതിനിടയിൽ) നബി -ﷺ- എന്നോട് പറഞ്...
അല്ലാഹുവിന് അവൻ്റെ അടിമകളുടെ മേലുള്ള അവകാശവും, അടിമകൾക്ക് അല്ലാഹുവിങ്കലുള്ള അവകാശവുമാണ് ഈ ഹദീഥിലൂടെ നബി -ﷺ- വിവരിച്ചിരിക്കുന്നത്. അല്ലാഹുവിനെ മാത്രം ആ...

ഉമർ ബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "പ്രവർത്തനങ്ങൾ ഉദ്ദേശ്യത്തിൻ്റെ അടിസ്ഥാനത്തിലാണ്; ഓരോ വ്യക്തിക്കും അവൻ ഉദ്ദേശിച്ചത് മാത്രമാണുണ്ടാവുക. ആരുടെയെങ്കിലും പാലായനം അല്ലാഹുവിലേക്കും അവൻ്റെ ദൂതനിലേക്കുമാണെങ്കിൽ അവൻ്റെ പാലായനം അല്ലാഹുവിലേക്കും അവൻ്റെ ദൂതനിലേക്കും തന്നെ. ആരുടെയെങ്കിലും പാലായനം നേടിപ്പിടിച്ചേക്കാവുന്ന എന്തെങ്കിലും ഭൗതികനേട്ടത്തിനോ, വിവാഹം കഴിക്കാൻ സാധിച്ചേക്കാവുന്ന ഒരു പെണ്ണിന് വേണ്ടിയോ ആണെങ്കിൽ അവൻ്റെ പാലായനം അതിലേക്കെല്ലാമാണ്." ബുഖാരിയുടെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "പ്രവർത്തനങ്ങൾ ഉദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഓരോ വ്യക്തിക്കും അവൻ ഉദ്ദേശിച്ചത് മാത്രമാണുണ്ടാവുക."

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) അതിലില്ലാത്തത് പുതുതായി നിർമ്മിച്ചാൽ അത് തള്ളപ്പെടേണ്ടതാണ്." (ബുഖാരി, മുസ്‌ലിം) മുസ്‌ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "ആരെങ്കിലും നമ്മുടെ മതത്തിലില്ലാത്ത ഒരു കാര്യം പ്രവർത്തിച്ചാൽ അത് തള്ളപ്പെടേണ്ടതാണ്."

ഉമർ ബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരു ദിവസം ഞങ്ങൾ നബി ﷺ യുടെ അരികിൽ ഉണ്ടായിരിക്കെ ഒരാൾ അവിടെ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു. തൂവെള്ള വസ്ത്രവും, കറുകറുത്ത മുടിയുമുള്ള അയാളുടെ മേൽ യാത്രയുടെ ഒരടയാളവും കാണാനുണ്ടായിരുന്നില്ല. (എന്നാൽ) ഞങ്ങളിലൊരാൾക്കും അദ്ദേഹത്തെ അറിയുകയുമില്ല. അങ്ങനെ അദ്ദേഹം നബി ﷺ യുടെ അരികിൽ വന്നിരിക്കുകയും, തൻ്റെ രണ്ട് മുട്ടുകാലുകളും അവിടുത്തെ മുട്ടുകാലിലേക്ക് ചേർത്തു വെക്കുകയും, തൻ്റെ രണ്ട് കൈപ്പത്തികളും അവിടുത്തെ തുടയുടെ മേൽ വെക്കുകയും ചെയ്തു. എന്നിട്ട് അദ്ദേഹം പറഞ്ഞു: "ഹേ മുഹമ്മദ്! എനിക്ക് ഇസ്‌ലാമിനെ കുറിച്ച് പറഞ്ഞു തരിക." നബി ﷺ പറഞ്ഞു: "ഇസ്‌ലാമെന്നാൽ നീ 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിൻ്റെ ദൂതനാണെന്നും) സാക്ഷ്യം വഹിക്കലും, നിസ്കാരം നിലനിർത്തലും, സകാത്ത് നൽകലും, റമദാൻ മാസത്തിൽ നോമ്പെടുക്കലും, നിനക്ക് സാധിക്കുമെങ്കിൽ കഅ്ബയിൽ ചെന്ന് ഹജ്ജ് നിർവ്വഹിക്കലുമാണ്." ആഗതൻ പറഞ്ഞു: "താങ്കൾ പറഞ്ഞത് സത്യമാണ്." ഉമർ -رَضِيَ اللَّهُ عَنْهُ- പറയുന്നു: "അദ്ദേഹത്തിൻ്റെ കാര്യത്തിൽ ഞങ്ങൾ അത്ഭുതം കൂറി; അദ്ദേഹം തന്നെ നബി ﷺ യോട് ചോദിക്കുകയും, അദ്ദേഹം തന്നെ അവിടുത്തെ സത്യപ്പെടുത്തുകയും ചെയ്യുന്നു!" ശേഷം ആഗതൻ പറഞ്ഞു: "ഇനി ഈമാനിനെ കുറിച്ച് എനിക്ക് പറഞ്ഞുതരിക." നബി ﷺ പറഞ്ഞു: "(ഈമാൻ എന്നാൽ) നീ അല്ലാഹുവിലും, അവൻ്റെ മലക്കുകളിലും, അവൻ്റെ വേദഗ്രന്ഥങ്ങളിലും, അവൻ്റെ ദൂതന്മാരിലും, അന്ത്യനാളിലും വിശ്വസിക്കലാണ്. അല്ലാഹുവിൻ്റെ വിധിയിലും, അതിലെ നന്മയിലും തിന്മയിലും വിശ്വസിക്കലുമാണ്." ആഗതൻ പറഞ്ഞു: "താങ്കൾ പറഞ്ഞത് ശരിയാണ്." ശേഷം അദ്ദേഹം ചോദിച്ചു: "ഇനി ഇഹ്സാനിനെ കുറിച്ച് എനിക്ക് പറഞ്ഞു തരിക." നബി ﷺ പറഞ്ഞു: "നീ അല്ലാഹുവിനെ കാണുന്നുണ്ട് എന്നത് പോലെ അവനെ ആരാധിക്കലാണ്; നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്." ആഗതൻ പറഞ്ഞു: "ഇനി അന്ത്യനാളിനെ കുറിച്ച് എനിക്ക് അറിയിച്ചു തരിക." നബി ﷺ പറഞ്ഞു: "ചോദിക്കപ്പെട്ട വ്യക്തി ചോദിക്കുന്നയാളെക്കാൾ അതിനെ കുറിച്ച് അറിവുള്ളവനല്ല." അദ്ദേഹം പറഞ്ഞു: "എങ്കിൽ അതിൻ്റെ അടയാളങ്ങളെ കുറിച്ച് എനിക്ക് പറഞ്ഞു തരിക." നബി ﷺ പറഞ്ഞു: "അടിമസ്ത്രീ അവളുടെ ഉടമസ്ഥനെ പ്രസവിക്കുന്നത് നീ കാണലാണ് (അതിൻ്റെ അടയാളം). നഗ്നപാദരും വിവസ്ത്രരും ദരിദ്രരുമായ ആട്ടിടയന്മാർ തങ്ങളുടെ കെട്ടിടങ്ങളുടെ പേരിൽ മത്സരിക്കുന്നത് നീ കാണലും (അതിൻ്റെ അടയാളമാണ്)." ഉമർ -رَضِيَ اللَّهُ عَنْهُ- പറയുന്നു: "ശേഷം അദ്ദേഹം അവിടെ നിന്ന് പോയി. അങ്ങനെ ഞാൻ അവിടെ കുറച്ചു നേരം കഴിച്ചു കൂട്ടി." പിന്നീട് നബി ﷺ എന്നോട് ചോദിച്ചു: "ഹേ ഉമർ! ആ ചോദ്യകർത്താവ് ആരാണെന്ന് നിനക്കറിയുമോ?!" ഞാൻ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ ദൂതനുമാണ് ഏറ്റവും അറിയുക." നബി ﷺ പറഞ്ഞു: "അത് ജിബ്രീലായിരുന്നു; നിങ്ങളുടെ ദീൻ നിങ്ങളെ പഠിപ്പിക്കുന്നതിനാണ് അദ്ദേഹം നിങ്ങളിലേക്ക് വന്നത്."

അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു: "ഇസ്‌ലാം അഞ്ച് കാര്യങ്ങൾക്ക് മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നുമുള്ളത് സാക്ഷ്യം വഹിക്കലും, നിസ്കാരം നേരായവിധം നിലനിർത്തലും, സകാത്ത് നൽകലും, അല്ലാഹുവിൻ്റെ ഭവനമായ കഅ്ബയിൽ ഹജ്ജ് നിർവ്വഹിക്കലും, റമദാൻ മാസത്തിൽ നോമ്പെടുക്കലും ആണ് അവ."

മുആദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ സഹയാത്രികനായി, ഉഫൈർ എന്ന് പേരുള്ള ഒരു കഴുതപ്പുറത്ത് (യാത്ര ചെയ്യുന്നതിനിടയിൽ) നബി -ﷺ- എന്നോട് പറഞ്ഞു: "ഹേ മുആദ്! അല്ലാഹുവിന് അവൻ്റെ ദാസന്മാർക്ക് മേലുള്ള അവകാശവും, ദാസന്മാർക്ക് അല്ലാഹുവിൻ്റെ മേലുള്ള അവകാശവും എന്താണെന്ന് നിനക്കറിയുമോ?!" ഞാൻ പറഞ്ഞു: "അല്ലാഹുവിനും റസൂലിനുമാണ് കൂടൂതൽ അറിയുക!" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ മാത്രം അവൻ്റെ ദാസന്മാർ ആരാധിക്കുകയും, അവനിൽ ഒരാളെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യണമെന്നതാണ് അല്ലാഹുവിന് അവൻ്റെ അടിമകളുടെ മേലുള്ള അവകാശം. അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാത്തവരെ അവൻ ശിക്ഷിക്കാതിരിക്കുക എന്നതാണ് അടിമകൾക്ക് അല്ലാഹുവിങ്കലുള്ള അവകാശം." ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞാൻ ജനങ്ങൾക്ക് സന്തോഷവാർത്ത അറിയിക്കട്ടെയോ?!" നബി -ﷺ- പറഞ്ഞു: "നീ അവരോട് അറിയിക്കേണ്ടതില്ല. കാരണം അവരതിൽ പിടിച്ചു തൂങ്ങിയേക്കാം."

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: മുആദ് -رَضِيَ اللَّهُ عَنْهُ- വിനെ പിറകിൽ സഹയാത്രികനായി ഇരുത്തി പോകുന്ന വേളയിൽ നബി -ﷺ- പറഞ്ഞു: "ഹേ മുആദ് ബ്നു ജബൽ!" അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ വിളിക്ക് ഉത്തരം നൽകി ഞാൻ സന്നിഹിതനായിരിക്കുന്നു." നബി -ﷺ- പറഞ്ഞു: "ഹേ മുആദ്!" അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ വിളിക്ക് ഉത്തരം നൽകി ഞാൻ സന്നിഹിതനായിരിക്കുന്നു." മൂന്നു തവണ ഇപ്രകാരം ആവർത്തിച്ചു. ശേഷം നബി -ﷺ- പറഞ്ഞു: "ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല), മുഹമ്മദുൻ റസൂലുല്ലാഹ് (മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാകുന്നു) എന്ന് ഹൃദയത്തിൽ നിന്ന് സത്യസന്ധമായി സാക്ഷ്യം വഹിക്കുന്ന ഏതൊരാൾക്ക് മേലും അല്ലാഹു നരകം നിഷിദ്ധമാക്കാതിരിക്കില്ല." മുആദ് -رَضِيَ اللَّهُ عَنْهُ- ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞാൻ ജനങ്ങൾക്ക് സന്തോഷമാകുന്നതിന് വേണ്ടി അവരെ ഈ വാർത്ത അറിയിക്കട്ടെയോ?" നബി -ﷺ- പറഞ്ഞു: "അതോടെ അവർ അതിൽ ഒതുങ്ങിക്കൂടും." അനസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: "മുആദ് തൻ്റെ മരണവേളയിൽ (വിജ്ഞാനം മറച്ചു വെക്കുന്നത്) തെറ്റാകുമോ എന്ന ഭയത്തിലാണ് ഇക്കാര്യം അറിയിച്ചത്."

ത്വാരിഖ് ബ്നു അശ്‌യം അൽഅശ്ജഇ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയുകയും, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുകയും ചെയ്താൽ അവൻ്റെ സമ്പാദ്യവും രക്തവും പവിത്രമായിരിക്കുന്നു. അവൻ്റെ വിചാരണ അല്ലാഹുവിങ്കലാണ്."

ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു കൊണ്ട് ചോദിച്ചു: "(സ്വർഗനരകങ്ങൾ) നിർബന്ധമാക്കുന്ന രണ്ട് കാര്യങ്ങൾ എന്താണ് ?" നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിൽ ഒന്നിനെയും പങ്കുചേർക്കാതെ മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും. ആരെങ്കിലും അല്ലാഹുവിൽ വല്ലതിനെയും പങ്കുചേർത്തു കൊണ്ട് മരണപ്പെട്ടാൽ അവൻ നരകത്തിലും പ്രവേശിക്കും."

അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഒരു വാചകം പറഞ്ഞിരിക്കുന്നു; (അതോടൊപ്പം) ഞാനും ഒരു വാക്ക് പറയട്ടെ. നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിനു പുറമെ മറ്റു വല്ല സമന്മാരെയും വിളിച്ചുതേടുന്നവനായിക്കൊണ്ട് മരിച്ചാൽ അവൻ നരകത്തിൽ പ്രവേശിക്കുന്നതാണ്." ഞാൻ പറയട്ടെ: "ആരെങ്കിലും അല്ലാഹുവിന് പുറമെ മറ്റു വല്ല സമന്മാരെയും വിളിച്ചുതേടാതെയാണ് മരിക്കുന്നത് എങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്."

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: മുആദ് ബ്‌നു ജബൽ -رَضِيَ اللَّهُ عَنْهُ- വിനെ യമനിലേക്ക് പറഞ്ഞയക്കുമ്പോൾ നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: "വേദക്കാരായ ഒരു ജനതയിലേക്കാണ് നീ പോകുന്നത്. അതിനാൽ അവരിലേക്ക് ചെന്നെത്തിയാൽ 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും) എന്നത് സാക്ഷ്യം വഹിക്കുന്നതിലേക്ക് നീ അവരെ ക്ഷണിക്കുക. അക്കാര്യത്തിൽ നിന്നെ അവർ അനുസരിച്ചാൽ എല്ലാ പകലിലും രാത്രിയിലുമായി അഞ്ചു നേരത്തെ നമസ്കാരം അല്ലാഹു അവർക്ക് മേൽ നിർബന്ധമാക്കിയിട്ടുണ്ട് എന്ന കാര്യം നീ അവരെ അറിയിക്കുക. അതിൽ അവർ നിന്നെ അനുസരിച്ചാൽ അവരുടെ ധനികരിൽ നിന്ന് എടുക്കപ്പെടുകയും അവരിലെ ദരിദ്രരിലേക്ക് മടക്കപ്പെടുകയും ചെയ്യുന്ന ഒരു ദാനം അവരുടെ മേൽ അല്ലാഹു നിർബന്ധമാക്കിയിട്ടുണ്ട് എന്ന് അവരെ അറിയിക്കുക. അതിൽ അവർ നിന്നെ അനുസരിച്ചാൽ അവരുടെ ഏറ്റവും മൂല്യവത്തായ സമ്പത്തുകൾ എടുക്കുന്നത് നീ സൂക്ഷിക്കുക. അതിക്രമിക്കപ്പെട്ടവൻ്റെ പ്രാർത്ഥനയെ നീ സൂക്ഷിച്ചു കൊള്ളുക; തീർച്ചയായും അതിനും അല്ലാഹുവിനുമിടയിൽ യാതൊരു മറയുമില്ല."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ചോദിക്കപ്പെട്ടു: "അല്ലാഹുവിൻ്റെ റസൂലേ! ഖിയാമത്ത് നാളിൽ അങ്ങയുടെ ശുപാർശ കൊണ്ട് ഏറ്റവും സൗഭാഗ്യം ലഭിക്കുന്നവർ ആരായിരിക്കും?" നബി -ﷺ- പറഞ്ഞു: "അബൂ ഹുറൈറ! ഈ ഹദീഥിനെ കുറിച്ച് ആദ്യമായി എന്നോട് ചോദിക്കുന്നത് താങ്കൾ തന്നെയായിരിക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നു. ഹദീഥുകൾ (പഠിക്കാനുള്ള) താങ്കളുടെ താൽപ്പര്യം ഞാൻ കണ്ടതിനാലാണത്. ഖിയാമത്ത് നാളിൽ എൻ്റെ ശുപാർശ കൊണ്ട് ഏറ്റവും സൗഭാഗ്യമുണ്ടാവുക 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്നത് തൻ്റെ ഹൃദയത്തിൽ നിന്ന് -അല്ലെങ്കിൽ മനസ്സിൽ നിന്ന്- നിഷ്കളങ്കമായി പറഞ്ഞവനായിരിക്കും."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഈമാൻ എഴുപതിൽ പരം -അല്ലെങ്കിൽ അറുപതിൽ പരം- ശാഖകളാണ്. അതിൽ ഏറ്റവും ശ്രേഷ്ഠമായത് ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി ആരുമില്ല) എന്ന വാക്കാകുന്നു. അതിൽ ഏറ്റവും താഴെയുള്ളത് വഴിയിൽ നിന്ന് ഉപദ്രവം നീക്കലാണ്. ലജ്ജ വിശ്വാസത്തിൻ്റെ ശാഖകളിൽ പെട്ടതാകുന്നു."