/ ഈമാൻ എഴുപതിൽ പരം -അല്ലെങ്കിൽ അറുപതിൽ പരം- ശാഖകളാണ്. അതിൽ ഏറ്റവും ശ്രേഷ്ഠമായത് ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി ആരുമില്ല) എന്ന വാക്കാകുന്നു. അതിൽ ഏറ്റവും താഴെയുള്ളത് വഴിയിൽ നിന്ന് ഉപദ്രവം നീക്കലാണ്...

ഈമാൻ എഴുപതിൽ പരം -അല്ലെങ്കിൽ അറുപതിൽ പരം- ശാഖകളാണ്. അതിൽ ഏറ്റവും ശ്രേഷ്ഠമായത് ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി ആരുമില്ല) എന്ന വാക്കാകുന്നു. അതിൽ ഏറ്റവും താഴെയുള്ളത് വഴിയിൽ നിന്ന് ഉപദ്രവം നീക്കലാണ്...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഈമാൻ എഴുപതിൽ പരം -അല്ലെങ്കിൽ അറുപതിൽ പരം- ശാഖകളാണ്. അതിൽ ഏറ്റവും ശ്രേഷ്ഠമായത് ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി ആരുമില്ല) എന്ന വാക്കാകുന്നു. അതിൽ ഏറ്റവും താഴെയുള്ളത് വഴിയിൽ നിന്ന് ഉപദ്രവം നീക്കലാണ്. ലജ്ജ വിശ്വാസത്തിൻ്റെ ശാഖകളിൽ പെട്ടതാകുന്നു."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ഇസ്‌ലാമിക വിശ്വാസത്തിന് അനേകം ശാഖകളും ഇനങ്ങളുമുണ്ട് എന്ന് നബി -ﷺ- അറിയിക്കുന്നു. അവ പ്രവർത്തനങ്ങളും വിശ്വാസങ്ങളും വാക്കുകളുമെല്ലാം ഉൾപ്പെടുന്നതാണ്. ഇസ്‌ലാമിക വിശ്വാസത്തിലെ ഏറ്റവും ഉന്നതവും ശ്രേഷ്ഠവുമായ ഘടകം ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന വാക്കാണ്. ഈ വാക്കിൻ്റെ അർത്ഥം അറിഞ്ഞു കൊണ്ടും, അതിൻ്റെ ലക്ഷ്യങ്ങൾ നിറവേറ്റി കൊണ്ടുമാണ് ഈ വാക്ക് പറയേണ്ടത്. അല്ലാഹു മാത്രമാണ് ആരാധനകൾക്ക് അർഹതയുള്ള ഒരേയൊരുവനും ഏകനായ ആരാധ്യനെന്നും, അവന് പുറമെ മറ്റാർക്കും അതിൽ യാതൊരു അർഹതയുമില്ല എന്നും അവൻ വിശ്വസിച്ചിരിക്കണം. ജനങ്ങൾക്ക് വഴികളിൽ പ്രയാസം സൃഷ്ടിക്കുന്ന ഏതൊരു കാര്യവും എടുത്തു നീക്കലാണ് ഈമാനിൻ്റെ ഏറ്റവും താഴെയുള്ള പ്രവർത്തനം. ലജ്ജ ഈമാനിൻ്റെ ഭാഗങ്ങളിൽ പെടുമെന്ന് നബി -ﷺ- അറിയിക്കുന്നു. ഒരാളുടെ വ്യക്തിത്വത്തിന് ഭംഗി നൽകുന്നത് മാത്രം പ്രവർത്തിക്കാനും, അവനെ മോശപ്പെടുത്തുന്ന കാര്യങ്ങൾ ഉപേക്ഷിക്കാനും പ്രേരിപ്പിക്കുന്ന സ്വഭാവഗുണമാണ് ലജ്ജ.

Hadeeth benefits

  1. ഇസ്‌ലാമിക വിശ്വാസം വ്യത്യസ്ത പദവികളും പടികളുമുള്ളതാണ്. അതിൽ ചിലത് മറ്റു ചിലതിനേക്കാളും ശ്രേഷ്ഠതയുള്ളതാണ്.
  2. ഇസ്‌ലാമിക വിശ്വാസം വാക്കുകളും പ്രവർത്തനങ്ങളും വിശ്വാസങ്ങളും ഒരു പോലെ ഉൾപ്പെടുന്നതാണ്.
  3. അല്ലാഹുവിൽ നിന്ന് ഒരാൾ ലജ്ജ പാലിക്കുന്നുണ്ടെങ്കിൽ അല്ലാഹു വിലക്കിയിടത്ത് അവൻ നിന്നെ കാണാതിരിക്കുകയും, അവൻ കൽപ്പിച്ചിടത്ത് നിന്നെ അവൻ കാണുകയും ചെയ്യട്ടെ.
  4. ഈമാൻ അറുപതിൽ പരം ശാഖകളുണ്ട് എന്ന് പറഞ്ഞതിൻ്റെ ഉദ്ദേശ്യം അത്ര ശാഖകൾ മാത്രമേ അതിനുള്ളൂ എന്നല്ല. മറിച്ച്, ഈമാനിൻ്റെ ഭാഗമായ പ്രവർത്തനങ്ങൾ അനേകമുണ്ട് എന്ന് മാത്രമേ അതിന് ഉദ്ദേശ്യമുള്ളൂ. അറബി ഭാഷയുടെ രീതികളിൽ പെട്ടതാണത്; അവർ എണ്ണങ്ങൾ പറയുന്നതിൻ്റെ ഉദ്ദേശ്യം അതിനപ്പുറത്തേക്ക് ഇനിയില്ല എന്നല്ല.