- അല്ലാഹുവിന് അവൻ്റെ അടിമകളുടെ മേലുള്ള, അവൻ അവരുടെ മേൽ നിർബന്ധമാക്കിയ അവകാശം അവർ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നതും, അവനിൽ യാതൊന്നിനെയും പങ്കുചേർത്തുകൂടാ എന്നതുമാണ്.
- അല്ലാഹു സ്വയം തനിക്ക് മേൽ നിർബന്ധമാക്കിയ കാര്യമാണ് അടിമകളുടെ അവകാശം എന്ന് പറഞ്ഞത്; അവൻ തൻ്റെ ദാസന്മാർക്ക് ഔദാര്യമായും അനുഗ്രഹമായും നൽകിയതാണത്. അവരെ സ്വർഗത്തിൽ പ്രവേശിപ്പിക്കാം എന്നതും, അവരെ ശിക്ഷിക്കുകയില്ല എന്നതുമാണത്.
- അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാത്ത ശുദ്ധമായ ഏകദൈവാരാധന (തൗഹീദ്) കാത്തുസൂക്ഷിക്കുന്നവർക്കുള്ള മഹത്തരമായ സന്തോഷവാർത്ത ഈ ഹദീഥിലുണ്ട്. അവരുടെ സങ്കേതവും പര്യവസാനവും സ്വർഗമായിരിക്കും.
- മുആദ് -رَضِيَ اللَّهُ عَنْهُ- മരണത്തിന് തൊട്ടുമുൻപാണ് ഈ ഹദീഥ് മറ്റുള്ളവരോട് പറഞ്ഞത്; ഈ ഹദീഥ് പൂർണ്ണമായി മറച്ചു വെക്കുന്നത് വിജ്ഞാനം മറച്ചു വെക്കുക എന്ന തിന്മയിൽ ഉൾപ്പെടുമോ എന്ന ഭയം കാരണത്താലാണ് അദ്ദേഹം അത് പറഞ്ഞത്.
- ചില ഹദീഥുകൾ അവയുടെ അർത്ഥം മനസ്സിലാക്കാൻ സാധിക്കാത്തവരോട് പറയാതിരിക്കുകയാണ് വേണ്ടത് എന്ന ഓർമ്മപ്പെടുത്തൽ. പ്രത്യേകിച്ചെന്തെങ്കിലുമൊരു പ്രവർത്തനമോ ഏതെങ്കിലും മതപരമായ വിധിവിലക്കുകളോ പരാമർശിക്കപ്പെട്ടിട്ടില്ലാത്ത ഹദീഥുകളുടെ കാര്യമാണിത്.
- അല്ലാഹുവിനെ മാത്രം ആരാധിച്ച തൗഹീദുള്ളവരിൽ തിന്മകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവരുടെ കാര്യം അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തിന് കീഴിലാണ്. അവൻ ഉദ്ദേശിച്ചാൽ അവരെ ശിക്ഷിച്ചേക്കാം. അതല്ലെങ്കിൽ അവൻ അവർക്ക് പൊറുത്തു കൊടുക്കുകയും ചെയ്തേക്കാം. രണ്ടാണെങ്കിലും അവരുടെ അവസാന സങ്കേതം സ്വർഗമായിരിക്കും.