അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരാൾ തൻ്റെ ഉറ്റമിത്രത്തിൻ്റെ മതത്തിലായിരിക്കും. അതിനാൽ ഓരോരുത്തരും താൻ ഉറ്റസുഹൃത്തായി സ്വീ...
ഓരോ മനുഷ്യനും തൻ്റെ ഉറ്റസുഹൃത്തിൻ്റെയും ആത്മമിത്രത്തിൻ്റെയും മാർഗത്തിലും ചര്യയിലുമായിരിക്കുമുണ്ടാവുക എന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം സൗഹൃദം ഒരാളുടെ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരാൾ തൻ്റെ ഉറ്റമിത്രത്തിൻ്റെ മതത്തിലായിരിക്കും. അതിനാൽ ഓരോരുത്തരും താൻ ഉറ്റസുഹൃത്തായി സ്വീകരിക്കുന്നത് ആരെയാണെന്ന് നോക്കട്ടെ."

തമീമുദ്ദാരീ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നത് ഞാൻ കേട്ടു: "രാത്രിയും പകലും എത്തിയിടത്തെല്ലാം ഇക്കാര്യം എത്തുക തന്നെ ചെയ്യും. പട്ടണത്തിലും ഗ്രാമത്തിലുമുള്ള ഭവനങ്ങളിലെല്ലാം ഈ ദീൻ പ്രവേശിപ്പിക്കാതെ അല്ലാഹു വിടുകയുമില്ല. പ്രതാപിയുടെ പ്രതാപത്തോടെയും, നിന്ദ്യരുടെ നിന്ദ്യതയോടെയും. ഇസ്‌ലാമിലൂടെ അല്ലാഹു നൽകുന്ന പ്രതാപവും, നിഷേധത്തിന് അല്ലാഹു നൽകുന്ന നിന്ദ്യതയുമായിരിക്കും അത്. തമീമുദ്ദാരീ -رَضِيَ اللَّهُ عَنْهُ- പറയാറുണ്ടായിരുന്നു: "എൻ്റെ വീട്ടുകാരുടെ കാര്യത്തിൽ ഇക്കാര്യം ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരിൽ നിന്ന് ഇസ്‌ലാം സ്വീകരിച്ചവർക്ക് നന്മയും പദവിയും പ്രതാപവും നേടാൻ കഴിഞ്ഞു. അവരിൽ നിഷേധത്തിൽ തുടർന്നവർക്ക് നിന്ദ്യതയും പതിത്വവും ജിസ്‌യ കൊടുക്കാനുള്ള ബാധ്യതയുമാണ് ലഭിച്ചത്."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഈ സമുദായത്തിൽ പെട്ട ഏതൊരാൾ - അവൻ യഹൂദനോ ക്രൈസ്തവനോ ആകട്ടെ -; അവൻ എന്നെ കുറിച്ച് കേൾക്കുകയും, ശേഷം ഞാൻ അയക്കപ്പെട്ട കാര്യത്തിൽ (ഇസ്ലാമിൽ) വിശ്വസിക്കാതെ മരണപ്പെടുകയും ചെയ്തുവെങ്കിൽ അവൻ നരകക്കാരിൽ പെട്ടവനാകാതിരിക്കുകയില്ല."

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: അഖബഃ ദിവസത്തിൻ്റെ പ്രഭാതത്തിൽ നബി -ﷺ- തൻ്റെ ഒട്ടകപ്പുറത്തായിരിക്കെ പറഞ്ഞു: "എനിക്ക് വേണ്ടി ചരൽക്കല്ലുകൾ പെറുക്കിയെടുക്കൂ." അവിടുത്തേക്ക് വേണ്ടി ഞാൻ ഏഴു ചരൽക്കല്ലുകൾ പെറുക്കിയെടുത്തു. (തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് എറിയാൻ കഴിയുന്ന വിധത്തിലുള്ള ചെറിയ കല്ലുകളായിരുന്നു അവ). തൻ്റെ കൈയ്യിൽ അവ വിതറിക്കൊണ്ട് നബി -ﷺ- പറഞ്ഞു: "ഇതു പോലുള്ളത് കൊണ്ട് നിങ്ങൾ (ജംറയിൽ) എറിയുക." ശേഷം നബി -ﷺ- പറഞ്ഞു: "ജനങ്ങളേ! നിങ്ങൾ ദീനിൻ്റെ കാര്യത്തിൽ അതിരു കവിയുന്നതിനെ സൂക്ഷിക്കുക. നിങ്ങൾക്ക് മുൻപുള്ളവരെ നശിപ്പിച്ചത് ദീനിൻ്റെ കാര്യത്തിലുള്ള അതിരു കവിയൽ മാത്രമാണ്."

അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അതിരു കവിയുന്നവർ നശിച്ചിരിക്കുന്നു." അവിടുന്ന് മൂന്നു തവണ അക്കാര്യം പറഞ്ഞു.

അദിയ്യ് ബ്നു ഹാതിം -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "യഹൂദർ കോപിക്കപ്പെട്ടവരും, നസ്വാറാക്കൾ അങ്ങേയറ്റം വഴിപിഴച്ചവരുമാണ്."

അബ്ദുല്ലാഹി ബ്‌നു അംറ് ബ്‌നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സർവ്വ സൃഷ്ടികളുടെയും വിധിനിർണ്ണയത്തിൻ്റെ കണക്കുകൾ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുന്നതിന് അൻപതിനായിരം വർഷങ്ങൾക്ക് മുൻപ് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു." നബി -ﷺ- അതോടൊപ്പം പറഞ്ഞു: "അല്ലാഹുവിൻ്റെ സിംഹാസനം വെള്ളത്തിന് മുകളിലാണുള്ളത്."

അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: സത്യസന്ധനും (അല്ലാഹുവിനാൽ) സത്യപ്പെടുത്തപ്പെട്ടവരുമായ അല്ലാഹുവിൻ്റെ റസൂൽ -ﷺ- ഞങ്ങളെ അറിയിച്ചു: "നിങ്ങളുടെ ഓരോരുത്തരുടെയും സൃഷ്ടിപ്പ് അവൻ്റെ മാതാവിൻ്റെ വയറ്റിൽ നാൽപ്പത് ദിവസം -അല്ലെങ്കിൽ നാൽപ്പത് രാത്രി- ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്. പിന്നീട് അത്രയും ദിവസങ്ങൾ അത് ഒരു 'അലഖ' (രക്തക്കട്ട) യാകും. പിന്നീട് അത്രയും ദിവസങ്ങൾ 'മുദ്ഗ' (ഇറച്ചിക്കഷ്ണം) ആകും. പിന്നീട് അവനിലേക്ക് ഒരു മലക്ക് അയക്കപ്പെടും. അദ്ദേഹത്തോട് നാല് കാര്യങ്ങൾ കൽപ്പിക്കപ്പെട്ടിരിക്കും. അങ്ങനെ ആ മലക്ക് (ഗർഭസ്ഥശിശുവിൻ്റെ) ഉപജീവനവും ആയുസ്സും പ്രവർത്തനങ്ങളും, അവൻ സൗഭാഗ്യവാനാണോ അതല്ല ദൗർഭാഗ്യവനാണോ എന്നതും രേഖപ്പെടുത്തും. പിന്നീട് അവനിൽ ആത്‌മാവ് ഊതപ്പെടും. നിങ്ങളിൽ ചിലർ സ്വർഗക്കാരുടെ പ്രവർത്തനങ്ങൾ ചെയ്യുകയും, അങ്ങനെ അവനും സ്വർഗത്തിനും ഇടയിൽ ഒരു ചാൺ മാത്രം ദൂരം ബാക്കിയാവുകയും ചെയ്യുന്ന സന്ദർഭത്തിൽ (അല്ലാഹുവിൻ്റെ വിധി രേഖപ്പെടുത്തിയ) ഗ്രന്ഥം അവനെ മറികടക്കുകയും, അങ്ങനെ അവൻ നരകക്കാരുടെ പ്രവർത്തനം ചെയ്യുകയും, അതിലൂടെ നരകത്തിൽ പ്രവേശിക്കുകയും ചെയ്യും. നിങ്ങളിൽ ചിലർ നരകക്കാരുടെ പ്രവർത്തനങ്ങൾ ചെയ്യുകയും, അങ്ങനെ അവനും നരകത്തിനും ഇടയിൽ ഒരു ചാൺ മാത്രം ദൂരം ബാക്കിയാവുകയും ചെയ്യുന്ന സന്ദർഭത്തിൽ (അല്ലാഹുവിൻ്റെ വിധി രേഖപ്പെടുത്തിയ) ഗ്രന്ഥം അവനെ മറികടക്കുകയും, അങ്ങനെ അവൻ സ്വർഗക്കാരുടെ പ്രവർത്തനം ചെയ്യുകയും, അതിലൂടെ സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യും."

ഇബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തൻ്റെ ചെരുപ്പിൻ്റെ വള്ളിയേക്കാൾ സ്വർഗം നിങ്ങളോട് സമീപസ്ഥമാണ്. നരകവും അതു പോലെത്തന്നെ."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നരകം ദേഹേഛകൾ കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു. സ്വർഗം പ്രയാസകരമായ കാര്യങ്ങൾ കൊണ്ടും പൊതിയപ്പെട്ടിരിക്കുന്നു."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "അല്ലാഹു സ്വർഗത്തെയും നരകത്തെയും സൃഷ്ടിച്ചപ്പോൾ ജിബ്‌രീലിനെ -عَلَيْهِ السَّلَامُ- സ്വർഗത്തിലേക്ക് അയച്ചു. അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു: "സ്വർഗം നോക്കുക; അതിൻ്റെ ആളുകൾക്കായി ഞാൻ ഒരുക്കി വെച്ചത് നോക്കിക്കാണുക." അദ്ദേഹം സ്വർഗം നോക്കിക്കാണുകയും തിരിച്ചു വരികയും ചെയ്തു. ജിബ്രീൽ പറഞ്ഞു: "നിൻ്റെ പ്രതാപം തന്നെയാണെ സത്യം! ഇതിനെ കുറിച്ച് കേട്ടറിഞ്ഞ ഒരാളും ഇതിൽ പ്രവേശിക്കാതിരിക്കില്ല." അപ്പോൾ അല്ലാഹു സ്വർഗം പ്രയാസകരമായ കാര്യങ്ങൾ കൊണ്ട് വലയം ചെയ്യാൻ കൽപ്പിക്കും. ശേഷം ജിബ്‌രീലിനോട് പറയും: ഇനി പോയി നീ സ്വർഗം നോക്കൂ! അതിൻ്റെ ആളുകൾക്കായി ഞാൻ ഒരുക്കി വെച്ചതും നോക്കിക്കാണുക." ജിബ്രീൽ നോക്കുമ്പോൾ സ്വർഗം പ്രയാസകരമായ കാര്യങ്ങൾ കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നതായി കാണും. അദ്ദേഹം പറഞ്ഞു: "നിൻ്റെ പ്രതാപം തന്നെയാണെ സത്യം! അതിൽ ഒരാൾ പോലും പ്രവേശിക്കുകയില്ലെന്ന് ഞാൻ ഭയക്കുന്നു." അല്ലാഹു ജിബ്രീലിനോട് പറയും: "നീ പോയി നരകം നോക്കുക! അതിലെ ആളുകൾക്ക് വേണ്ടി ഞാൻ ഒരുക്കി വെച്ചിരിക്കുന്നതും നോക്കുക." ജിബ്രീൽ നരകത്തെ വീക്ഷിക്കുമ്പോൾ അത് ഇളകിമറിയുന്നതായി കാണും. അദ്ദേഹം മടങ്ങിവന്നു കൊണ്ട് പറയും: "നിൻ്റെ പ്രതാപം തന്നെയാണെ സത്യം. ഒരാളും ഇതിൽ പ്രവേശിക്കുന്നതല്ല." അപ്പോൾ നരകം ദേഹേഛകൾ കൊണ്ട് വലയം ചെയ്യാൻ അല്ലാഹു കൽപ്പിക്കും. ശേഷം ജിബ്രീലിനോട് പറയും: മടങ്ങിപ്പോവുക; എന്നിട്ട് നരകം വീക്ഷിക്കുക." അദ്ദേഹം നരകത്തിലേക്ക് നോക്കുമ്പോൾ അത് ദേഹേഛകൾ കൊണ്ട് വലയം ചെയ്യപ്പെട്ടിരിക്കും. മടങ്ങിവന്നു കൊണ്ട് അദ്ദേഹം പറയും: "നിൻ്റെ പ്രതാപം തന്നെയാണെ സത്യം! അതിൽ പ്രവേശിക്കാതെ ഒരാൾക്ക് പോലും രക്ഷപ്പെടാൻ സാധിക്കില്ലെന്ന് ഞാൻ ഭയന്നു പോയി."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളുടെ അഗ്നി നരകാഗ്നിയുടെ എഴുപത് ഭാഗങ്ങളിലൊന്നാണ്." അപ്പോൾ നബി -ﷺ- യോട് ചിലർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അത് തന്നെ മതിയാകുമല്ലോ?!" നബി -ﷺ- പറഞ്ഞു: "എന്നാൽ (ഭൂമിയിലെ) അഗ്നിയേക്കാൾ അറുപത്തി ഒൻപത് ഭാഗം (ചൂട്) അതിന് അധികമായി നൽകപ്പെട്ടിരിക്കുന്നു. ഓരോ ഭാഗവും ഭൂമിയിലെ തീയുടെ ചൂടിന് തുല്യമാണ്."