- ഹദീഥിൽ വിവരിക്കപ്പെട്ട ഇനങ്ങൾ അഞ്ചെണ്ണമാണ്: സ്വർണ്ണം, വെള്ളി, ഗോതമ്പ്, ചോളം, ഈത്തപ്പഴം എന്നിവയാണവ. ഇവ രണ്ടും ഒരേ ഇനം തന്നെയാണ് പരസ്പരം കൈമാറുന്നത് എങ്കിൽ (ഉദാഹരണത്തിന് സ്വർണ്ണത്തിന് പകരം സ്വർണ്ണം തന്നെയാണെങ്കിൽ) അവയിൽ രണ്ട് നിബന്ധനകൾ പാലിക്കണം. (1) റൊക്കമായ കച്ചവടമായിരിക്കണം. (ഒരേ സമയം കൈമാറ്റം നടന്നിരിക്കണം എന്നർത്ഥം). (2) ഒരേ അളവായിരിക്കണം. (ഒരു പവൻ സ്വർണ്ണത്തിന് പകരം ഒരു പവൻ തന്നെയായിരിക്കണം എന്നർത്ഥം). അതല്ലെങ്കിൽ അധികമായി കൈമാറ്റം ചെയ്യപ്പെടുന്ന പലിശയുടെ (رِبَا الفَضْلِ) ഇനത്തിലാണ് അത് ഉൾപ്പെടുക.
- ഇനി ഈ ഇനങ്ങളിൽ പെട്ടവ പരസ്പരമാണ് കൈമാറുന്നത് എങ്കിൽ (ഉദാഹരണത്തിന് സ്വർണ്ണത്തിന് പകരം വെള്ളിയാണ് നൽകുന്നത് എങ്കിൽ) റൊക്കമായ കച്ചവടമായിരിക്കണം അത് എന്ന ഒരു നിബന്ധന മാത്രമാണ് അതിൽ പാലിക്കേണ്ടത്. കച്ചവട സദസ്സിൽ തന്നെ രണ്ടുപേരും പരസ്പരം വസ്തു കൈമാറിയിരിക്കണം അതല്ലെങ്കിൽ സമയം നീട്ടിവെച്ചതിലൂടെ സംഭവിക്കുന്ന പലിശയുടെ (رِبَا النَّسِيئَةِ) ഇനത്തിലാണ് അത് ഉൾപ്പെടുക.
- കച്ചവടം റൊക്കമാവുക എന്നു പറഞ്ഞാൽ ക്രയവിക്രയം ഒരേ സദസ്സിൽ തന്നെ ഒറ്റത്തവണയായി തീർപ്പാക്കലാണ്. 'മജ്ലിസുൽ അഖ്ദ്' എന്നാണ് അറബിയിൽ അതിനു പറയുക. അതിൽ നിന്ന് ഇരുന്നു കൊണ്ട് തന്നെ ഇക്കാര്യം ചെയ്യണമെന്ന് ധരിക്കേണ്ടതില്ല. നടന്നു കൊണ്ടോ വാഹനത്തിലായി കൊണ്ടോ കച്ചവടം ചെയ്താലും കുഴപ്പമൊന്നുമില്ല. മറിച്ച്, പൊതുവെ ജനങ്ങൾ കച്ചവടത്തിൽ നിന്ന് രണ്ടു പേരും പിരിഞ്ഞു പോയതായി കണക്കാക്കുന്ന സ്ഥിതി ഈ നിബന്ധനകൾ പാലിച്ചു കൊണ്ടല്ലാതെ ഉണ്ടാകരുതെന്ന് മാത്രം.
- നാണയമായി മാറ്റപ്പെട്ടതോ അല്ലാത്തതോ ആയ എല്ലാ വിധത്തിലുള്ള സ്വർണ്ണവും വെള്ളിയും ഹദീഥിൽ പറയപ്പെട്ട നിയമത്തിൻ്റെ പരിധിയിൽ ഉൾപ്പെടുന്നതാണ്.
- സ്വർണ്ണത്തിന് പകരം വെള്ളി കച്ചവടം ചെയ്യുമ്പോൾ പാലിക്കപ്പെടുന്ന നിബന്ധനകൾ ഈ കാലഘട്ടത്തിൽ കറൻസികൾ കൈമാറ്റം ചെയ്യുമ്പോഴും പാലിക്കപ്പെടേണ്ടതുണ്ട്. ഉദാഹരണത്തിന് റിയാലിന് പകരം രൂപ കൈമാറ്റം ചെയ്യുന്നെങ്കിൽ രണ്ട് പേരും പരസ്പരം തൃപ്തിപ്പെട്ട വിധത്തിൽ അവ കൈമാറ്റം ചെയ്യാം. എന്നാൽ ഒരേ സമയമായിരിക്കണം അവ കൈമാറ്റം ചെയ്യപ്പെടുന്നത് എന്ന നിബന്ധന ഈ വിഷയത്തിൽ പാലിക്കേണ്ടതുണ്ട്. അതല്ലെങ്കിൽ ആ കച്ചവടം അസാധുവാകുന്നതാണ്. നിഷിദ്ധമായ പലിശയുടെ ഇനത്തിലാണ് അത് ഉൾപ്പെടുക.
- പലിശ ഇടപാടുകൾ അനുവദനീയമല്ല. അത്തരം കച്ചവടക്കരാറുകൾ അസാധുവാണ്; ആ കച്ചവടത്തിൽ ഏർപ്പെട്ടവർ തൃപ്തിപ്പെട്ടു കൊണ്ട് നടക്കുന്ന കച്ചവടമാണ് അത് എങ്കിലും (അവ ഹറാമാണ്). കാരണം ഇസ്‌ലാം ഓരോ വ്യക്തിക്കും സമൂഹത്തിനുമുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നുണ്ട്; ഒരു വ്യക്തി അത് തനിക്ക് വേണ്ടതില്ലെന്ന് തീരുമാനിച്ചാലും സമൂഹത്തിനുള്ള അവകാശം അതിൽ ബാക്കി നിൽക്കുന്നുണ്ട്.
- തിന്മ വിലക്കുക എന്നതും തടയുക എന്നതും -അതിന് സാധിക്കുന്നവരുടെ മേൽ- നിർബന്ധമാണ്.
- തിന്മ എതിർക്കുമ്പോൾ അതിനുള്ള തെളിവ് കൂടി വിവരിക്കാം; ഉമർ -رَضِيَ اللَّهُ عَنْهُ- സ്വീകരിച്ച രീതി അതാണ്.