/ ആരെങ്കിലും അല്ലാഹുവിനായി ഒരു മസ്ജിദ് നിർമ്മിച്ചാൽ അല്ലാഹു സ്വർഗത്തിൽ സമാനമായത് അവന് വേണ്ടി നിർമ്മിക്കും...

ആരെങ്കിലും അല്ലാഹുവിനായി ഒരു മസ്ജിദ് നിർമ്മിച്ചാൽ അല്ലാഹു സ്വർഗത്തിൽ സമാനമായത് അവന് വേണ്ടി നിർമ്മിക്കും...

മഹ്മൂദ് ബ്നു ലബീദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഉഥ്മാൻ ബ്നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- മസ്ജിദുന്നബവി (പരിഷ്കരിച്ചു) നിർമ്മിക്കാൻ ഉദ്ദേശിച്ചപ്പോൾ ജനങ്ങൾക്ക് അത് അനിഷ്ടകരമായിരുന്നു. (പഴയ) രൂപത്തിൽ തന്നെ മസ്ജിദിനെ നിലനിർത്താനായിരുന്നു അവർക്ക് താൽപ്പര്യം. അപ്പോൾ ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: നബി -ﷺ- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "ആരെങ്കിലും അല്ലാഹുവിനായി ഒരു മസ്ജിദ് നിർമ്മിച്ചാൽ അല്ലാഹു സ്വർഗത്തിൽ സമാനമായത് അവന് വേണ്ടി നിർമ്മിക്കും."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- യുടെ മസ്ജിദ് പുനർ നിർമ്മിക്കുകയും, ആദ്യത്തേതിനേക്കാൾ നല്ല രൂപത്തിൽ നിർമ്മാണം നടത്താനും ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- തീരുമാനിച്ചപ്പോൾ ജനങ്ങൾക്ക് അതിൽ താൽപ്പര്യമുണ്ടായിരുന്നില്ല. നബി -ﷺ- യുടെ കാലത്തുള്ളതിൽ നിന്ന് വ്യത്യാസപ്പെടുത്തി കൊണ്ടായിരിക്കും പുതിയ നിർമ്മാണം ഉണ്ടാവുക എന്നതായിരുന്നു അവരുടെ എതിർപ്പിൻ്റെ കാരണം. ആദ്യത്തെ നിർമ്മിതി മൺകട്ടകൾ കൊണ്ടായിരുന്നു; മേൽക്കൂരയാകട്ടെ ഈന്തപ്പനയോലകൾ കൊണ്ടും. ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- നിർമ്മാണത്തിന് കല്ലും കുമ്മായവും ഉപയോഗിക്കാം എന്നായിരുന്നു തീരുമാനിച്ചത്. ജനങ്ങളുടെ എതിർപ്പ് കണ്ടപ്പോൾ ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- അവരോട് നബി -ﷺ- യിൽ നിന്ന് കേട്ട ഹദീഥ് പറഞ്ഞു കൊടുത്തു: "ആരെങ്കിലും അല്ലാഹുവിൻ്റെ തൃപ്തി പ്രതീക്ഷിച്ചു കൊണ്ട് -ലോകമാന്യമോ പ്രശസ്തിയോ ഉദ്ദേശിക്കാതെ- ഒരു മസ്ജിദ് നിർമ്മിച്ചാൽ അല്ലാഹു അവൻ്റെ പ്രവർത്തനത്തിന് അനുയോജ്യമായ പ്രതിഫലം തന്നെ അവന് നൽകുന്നതാണ്. സ്വർഗത്തിൽ സമാനമായ ഒരു ഭവനം അല്ലാഹു അവന് വേണ്ടിയും നിർമ്മിക്കും എന്നതാണത്."

Hadeeth benefits

  1. മസ്ജിദ് നിർമ്മിക്കാനുള്ള പ്രോത്സാഹനവും, അതിലുള്ള ശ്രേഷ്ഠതയും.
  2. മസ്ജിദ് നിർമ്മിക്കുന്ന പ്രതിഫലത്തിൽ മസ്ജിദ് വികസിപ്പിക്കുന്നതും അതിൻ്റെ നിർമ്മാണം പുതുക്കുന്നതും ഉൾപ്പെടും.
  3. എല്ലാ പ്രവർത്തനങ്ങളും അല്ലാഹുവിന് നിഷ്കളങ്കമാക്കി കൊണ്ട് ഇഖ്ലാസ് കാത്തുസൂക്ഷിക്കുന്നതിൻ്റെ പ്രാധാന്യം.