- സുബ്ഹ് നിസ്കാരവും അസ്ർ നിസ്കാരവും ശ്രദ്ധയോടെ നിർവ്വഹിക്കുന്നതിനുള്ള ശ്രേഷ്ഠത. കാരണം ഉറക്കം ഏറ്റവും ആസ്വാദ്യകരമാകുന്ന സന്ദർഭത്തിലാണ് സുബ്ഹ് (ഫജ്ർ) നിസ്കാരം. ജനങ്ങൾ തങ്ങളുടെ ജോലികളിൽ വ്യാപൃതരാകുന്ന വേളയിലാണ് അസ്ർ നിസ്കാരം. ഇവ രണ്ടും ഒരാൾ ശ്രദ്ധയോടെ നിർവ്വഹിക്കുന്നുണ്ടെങ്കിൽ മറ്റു നിസ്കാരങ്ങളും അവൻ ശ്രദ്ധിക്കുന്നുണ്ടായിരിക്കും എന്നതിൽ സംശയമില്ല.
- സുബ്ഹ്, അസ്ർ നിസ്കാരങ്ങളെ 'തണുപ്പിൻ്റെ നിസ്കാരങ്ങൾ' എന്ന അർത്ഥം നൽകാവുന്ന 'ബർദയ്നി' എന്ന പദം കൊണ്ടാണ് നബി -ﷺ- വിശേഷിപ്പിച്ചത്. കാരണം സുബ്ഹ് നിസ്കാരത്തിൻ്റെ സന്ദർഭത്തിൽ രാത്രിയുടെ തണുപ്പുണ്ടായിരിക്കും. അസ്ർ നിസ്കാരത്തിൻ്റെ സമയം പകലിൽ ഏറ്റവും ചൂടു കൂടുതലുള്ള ഉച്ച കഴിഞ്ഞാണ് ആഗതമാകുന്നത് എന്നതിനാൽ പകലിൽ തണുപ്പുള്ള സമയത്താണ് ഈ നിസ്കാരം നിർവ്വഹിക്കപ്പെടുന്നത്. സൂര്യനെയും ചന്ദ്രനെയും ഒരുമിച്ചു പറയുമ്പോൾ 'ചന്ദ്രൻ' എന്ന അർത്ഥമുള്ള 'ഖമർ' എന്ന പദത്തിൻ്റെ ദ്വിവചനം (ഖമറാനി) തന്നെ രണ്ടിനും നൽകുന്നതു പോലെ, അറബി ഭാഷാശൈലിയുടെ ഭാഗമാകാനും സാധ്യതയുണ്ട് ഈ പ്രയോഗം.