/ നബി -ﷺ- യോട് ഞാൻ ചോദിച്ചു: "ഏതു തിന്മയാണ് അല്ലാഹുവിങ്കൽ ഏറ്റവും ഗുരുതരം?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവാണ് നിന്നെ സൃഷ്ടിച്ചത് എന്നിരിക്കെ, നീ അവന് പങ്കാളിയെ നിശ്ചയിക്കലാണ്...

നബി -ﷺ- യോട് ഞാൻ ചോദിച്ചു: "ഏതു തിന്മയാണ് അല്ലാഹുവിങ്കൽ ഏറ്റവും ഗുരുതരം?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവാണ് നിന്നെ സൃഷ്ടിച്ചത് എന്നിരിക്കെ, നീ അവന് പങ്കാളിയെ നിശ്ചയിക്കലാണ്...

അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ഞാൻ ചോദിച്ചു: "ഏതു തിന്മയാണ് അല്ലാഹുവിങ്കൽ ഏറ്റവും ഗുരുതരം?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവാണ് നിന്നെ സൃഷ്ടിച്ചത് എന്നിരിക്കെ, നീ അവന് പങ്കാളിയെ നിശ്ചയിക്കലാണ്." ഞാൻ പറഞ്ഞു: "തീർച്ചയായും അത് അതീവഗുരുതരം തന്നെ. ഞാൻ ചോദിച്ചു: പിന്നെ ഏതാണ്?" നബി -ﷺ- പറഞ്ഞു: "നിന്നോടൊപ്പം ഭക്ഷിക്കുമെന്ന ഭയത്താൽ നിൻ്റെ സന്താനത്തെ വധിക്കലാണ്." ഞാൻ ചോദിച്ചു: "ശേഷം ഏതാണ്?" നബി -ﷺ- പറഞ്ഞു: "നിൻ്റെ അയൽവാസിയുടെ ഭാര്യയുമായി വ്യഭിചാരത്തിൽ ഏർപ്പെടലാണ്."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ഏറ്റവും ഗുരുതരമായ തിന്മ ഏതാണെന്ന് നബി -ﷺ- യോട് ചോദിക്കപ്പെട്ടു: അപ്പോൾ അവിടുന്ന് -ﷺ- പറഞ്ഞു: ഏറ്റവും ഗുരുതരമായത് അല്ലാഹുവിൽ പങ്കുചേർക്കുക എന്ന ശിർക്കാണ്. അല്ലാഹുവാണ് സർവ്വതിൻ്റെയും സൃഷ്ടികർത്താവായുള്ളവൻ എന്നതിലോ, അവൻ മാത്രമാണ് ആരാധനകൾക്ക് അർഹതയുള്ളവൻ എന്നതിലോ, അവൻ്റെ നാമങ്ങളിലോ വിശേഷണങ്ങളിലോ അല്ലാഹുവിന് പങ്കാളിയെയോ തുല്യനെയോ സങ്കൽപ്പിക്കലാണത്. അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങിയാലല്ലാതെ അവൻ ഒരിക്കലും പൊറുത്തു നൽകാത്ത തിന്മയാണ് ശിർക്ക്. ശിർക്കിലായിക്കൊണ്ട് ഒരാൾ മരണപ്പെട്ടാൽ അവൻ നരകത്തിൽ ശാശ്വതനായിരിക്കും. പിന്നീട് തൻ്റെ സന്താനം തന്നോടൊപ്പം ഭക്ഷിക്കുമല്ലോ എന്ന ഭയത്താൽ അതിനെ കൊലപ്പെടുത്തലാണ്. ഏതൊരു മനുഷ്യനെയും അന്യായമായി വധിക്കുക എന്നത് നിഷിദ്ധം തന്നെ. എന്നാൽ വധിക്കപ്പെടുന്നത് കുടുംബബന്ധമുള്ള ഒരാളാണെങ്കിൽ ആ തിന്മയുടെ ഗൗരവം വീണ്ടും വർദ്ധിക്കുന്നതാണ്. അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള ഉപജീവനത്തിൽ മറ്റൊരാൾ കൂടി പങ്കുചേരുമെന്ന ഭയത്തോടെയാണ് ഈ വധം നടത്തിയത് എങ്കിൽ ആ തിന്മ വീണ്ടും ഗൗരവമുള്ളതായി തീരുന്നു. അതിന് ശേഷം ഏറ്റവും ഗുരുതരമായ തിന്മ ഒരാൾ തൻ്റെ അയൽവാസിയുടെ ഭാര്യയെ വശീകരിക്കാൻ ശ്രമിക്കുകയും അവളുമായി വ്യഭിചരിക്കുകയും ചെയ്യലാണ്. വ്യഭിചാരം നിഷിദ്ധമാണ്. എന്നാൽ അല്ലാഹു ഓരോ മുസ്‌ലിമിനോടും നന്മയിൽ വർത്തിക്കണമെന്നും, പുണ്യം ചെയ്യണമെന്നും, നല്ല വിധത്തിൽ സഹകരിക്കണമെന്നും കൽപ്പിച്ച അവൻ്റെ അയൽവാസിയുടെ ഭാര്യയുമായി വ്യഭിചരിക്കുക എന്നത് ആ തെറ്റിൻ്റെ ഗൗരവം വീണ്ടും വർദ്ധിപ്പിക്കുന്നു.

Hadeeth benefits

  1. തിന്മകളുടെ ഗൗരവം വ്യത്യസ്ത നിലവാരത്തിലാണ്. നന്മകളും അതു പോലെ തന്നെ; അതിൻ്റെ ശ്രേഷ്ഠതയിൽ ഏറ്റക്കുറച്ചിലുകളുണ്ട്.
  2. ഏറ്റവും വലിയ തിന്മ ശിർക്കാണ്. അതിന് ശേഷം തൻ്റെ ഭക്ഷണത്തിൽ പങ്കുചേരുമെന്ന ഭയത്തിൽ സന്താനത്തെ വധിക്കലും, അതിന് ശേഷം അയൽവാസിയുടെ ഭാര്യയുമായി വ്യഭിചരിക്കലുമാണ്.
  3. അല്ലാഹുവിൻ്റെ പക്കലാണ് ഉപജീവനത്തിൻ്റെ നിയന്ത്രണമുള്ളത്. സൃഷ്ടികളുടെ ഉപജീവനം അല്ലാഹു ഏറ്റെടുത്ത കാര്യമാണ്.
  4. അയൽവാസിയോടുള്ള ബാധ്യതയുടെ ഗൗരവം. അയൽവാസിയെ ഉപദ്രവിക്കുക എന്നത് മറ്റാരെയും ഉപദ്രവിക്കുന്നതിനേക്കാൾ ഗുരുതരമാണ്.
  5. സർവ്വരുടെയും സ്രഷ്ടാവാണ് -അല്ലാഹുവാണ്- ആരാധനകൾക്ക് അർഹതയുള്ള ഒരേയൊരുവൻ. അവന് യാതൊരു പങ്കാളിയുമില്ല.