/ നിങ്ങളിൽ ആരുടെയെങ്കിലും പാത്രത്തിൽ നിന്ന് നായ കുടിച്ചാൽ അവൻ ഏഴു തവണ അത് കഴുകട്ടെ

നിങ്ങളിൽ ആരുടെയെങ്കിലും പാത്രത്തിൽ നിന്ന് നായ കുടിച്ചാൽ അവൻ ഏഴു തവണ അത് കഴുകട്ടെ

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളിൽ ആരുടെയെങ്കിലും പാത്രത്തിൽ നിന്ന് നായ കുടിച്ചാൽ അവൻ ഏഴു തവണ അത് കഴുകട്ടെ."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

നായ ഒരു പാത്രത്തിലേക്ക് അതിൻ്റെ നാവ് പ്രവേശിപ്പിച്ചാൽ ആ പാത്രം ഏഴു തവണ കഴുകാനും, അതിൽ ആദ്യത്തെ തവണ മണ്ണ് കൊണ്ടായിരിക്കാനും നബി -ﷺ- കൽപ്പിക്കുന്നു. ആദ്യത്തെ തവണ മണ്ണ് കൊണ്ട് കഴുകുകയും പിന്നീട് വെള്ളം കൊണ്ട് കഴുകുകയും ചെയ്യുന്നതിലൂടെ പാത്രം നജസിൽ നിന്നും അതിൻ്റെ ഉപദ്രവങ്ങളിൽ നിന്നും പൂർണ്ണമായും ശുദ്ധമാകുന്നതാണ്.

Hadeeth benefits

  1. നായയുടെ ഉമിനീർ നജസുകളുടെ കൂട്ടത്തിൽ ഏറ്റവും കടുത്ത നജസാണ്.
  2. നായ പാത്രത്തിൽ തലയിടുന്നത് കൊണ്ട് പാത്രം നജസാകുന്നതാണ്; അതിലുള്ള വെള്ളവും അതോടെ നജസാകും.
  3. മണ്ണു കൊണ്ട് കഴുകലും, ഏഴു തവണ ആവർത്തിക്കലും നായ നാവിട്ടാൽ മാത്രമേ ചെയ്യേണ്ടതുള്ളൂ. എന്നാൽ നായ മൂത്രമൊഴിക്കുകയോ കാഷ്ഠിക്കുകയോ മറ്റേതെങ്കിലും നിലക്ക് നായ സ്പർശിക്കുകയോ ചെയ്തവക്ക് ഈ നിയമമില്ല.
  4. പാത്രം മണ്ണു കൊണ്ട് കഴുകേണ്ട രൂപം ഇപ്രകാരമാണ്: പാത്രത്തിൽ വെള്ളം ഒഴിച്ചതിന് ശേഷം അതിലേക്ക് മണ്ണ് ചേർക്കുകയും, പിന്നീട് മണ്ണും വെള്ളവും കലർന്ന ആ മിശ്രിതം കൊണ്ട് പാത്രം കഴുകുകയും ചെയ്യുക.
  5. ഹദീഥിൻ്റെ പൊതുവായ പ്രയോഗത്തിൽ നിന്ന് മനസ്സിലാകുന്നത് ഈ വിധി എല്ലാ നായകൾക്കും ബാധകമാണെന്ന് തന്നെയാണ്. വളർത്താൻ അനുവദിക്കപ്പെട്ടിട്ടുള്ള വേട്ടനായ, കാവൽ നായ, മേച്ചിൽനായ പോലുള്ളവയുടെ കാര്യവും അതിൽ ഉൾപ്പെടുമെന്ന് ചുരുക്കം.
  6. സോപ്പ് പോലുള്ള ശുദ്ധീകരണ വസ്തുക്കൾ മണ്ണിന് പകരം ഉപയോഗിക്കാവതല്ല. കാരണം, നബി -ﷺ- മണ്ണ് എന്നത് പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു.