/ ഓരോ ഏഴു ദിവസങ്ങളിലും ഒരു ദിവസം തൻ്റെ തലയും ശരീരം മുഴുവനും കഴുകിക്കൊണ്ട് കുളിക്കുക എന്നത് മുസ്‌ലിമിൻ്റെ മേലുള്ള ബാധ്യതയാണ്...

ഓരോ ഏഴു ദിവസങ്ങളിലും ഒരു ദിവസം തൻ്റെ തലയും ശരീരം മുഴുവനും കഴുകിക്കൊണ്ട് കുളിക്കുക എന്നത് മുസ്‌ലിമിൻ്റെ മേലുള്ള ബാധ്യതയാണ്...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഓരോ ഏഴു ദിവസങ്ങളിലും ഒരു ദിവസം തൻ്റെ തലയും ശരീരം മുഴുവനും കഴുകിക്കൊണ്ട് കുളിക്കുക എന്നത് മുസ്‌ലിമിൻ്റെ മേലുള്ള ബാധ്യതയാണ്."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

പ്രായപൂർത്തിയെത്തിയ, ബുദ്ധിയുള്ള ഓരോ മുസ്‌ലിമും ആഴ്ച്ചയിലെ ഏഴു ദിവസങ്ങൾക്കുള്ളിൽ ഒരു ദിവസമെങ്കിലും തൻ്റെ തലയും ശരീരവും മുഴുവൻ കഴുകുന്ന വിധത്തിൽ കുളിക്കുക എന്നത് ഏറെ ഊന്നിപ്പറയപ്പെട്ട ബാധ്യതയാണെന്ന് നബി -ﷺ- അറിയിക്കുന്നു. ഇതിലൂടെ ശുദ്ധിയും വൃത്തിയും അവന് കാത്തുസൂക്ഷിക്കാൻ സാധിക്കുന്നു. ആഴ്ച്ചയിൽ ഒരു ദിവസം കുളിക്കണം എന്ന് പറയപ്പെട്ടതിൽ ഏറ്റവും അർഹമായ ദിവസം വെള്ളിയാഴ്ച്ചയാണ്. ഹദീഥിൻ്റെ മറ്റു ചില നിവേദനങ്ങളിൽ അതിന് സൂചനയുമുണ്ട്. ഒരാൾ വ്യാഴാഴ്ച്ച കുളിച്ചാൽ പോലും വെള്ളിയാഴ്ച്ച ദിവസം നിസ്കാരത്തിന് മുൻപ് കുളിക്കുക എന്നതാകട്ടെ, ഏറെ ഊന്നിപ്പറയപ്പെട്ട സുന്നത്തുകളിലൊന്നുമാണ്. ഈ പറഞ്ഞത് നിർബന്ധമല്ല എന്നറിയിക്കുന്ന തെളിവ് ആഇശ -رَضِيَ اللَّهُ عَنْهَا- യുടെ ഹദീഥിൽ വന്നിട്ടുണ്ട്. "ജനങ്ങൾ തങ്ങളുടെ പണികൾ സ്വയം തന്നെ ചെയ്തിരുന്നവരായിരുന്നു. അവർ വെള്ളിയാഴ്ച്ച (മസ്ജിദിലേക്ക്) പുറപ്പെട്ടാൽ അവരുടെ അതേ കോലത്തിൽ തന്നെ പുറപ്പെടുമായിരുന്നു. അപ്പോൾ അവരോട് പറയപ്പെട്ടു: "നിങ്ങൾ (മസ്ജിദിലേക്ക് വരുന്നതിന് മുൻപ്) കുളിച്ചിരുന്നെങ്കിൽ." (ബുഖാരി) 'അവർക്ക് മോശം മണമുണ്ടാകാറുണ്ടായിരുന്നു' എന്ന് മറ്റു ചില നിവേദനങ്ങളിൽ വന്നിട്ടുണ്ട്; അതായത് വിയർപ്പിൻ്റെയും മറ്റും മണമാണ് ഉദ്ദേശ്യം. എന്നാൽ ഇതെല്ലാം ഉണ്ടായിട്ടും അവരോട് 'നിങ്ങൾ കുളിച്ചിരുന്നെങ്കിൽ (നന്നായിരുന്നു)' എന്ന് മാത്രമേ പറയപ്പെട്ടിട്ടുള്ളൂ. അതിൽ നിന്ന് മറ്റുള്ളവർക്ക് അന്നേ ദിവസം കുളിക്കൽ എന്തു കൊണ്ടും നിർബന്ധമായിരിക്കില്ല എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

Hadeeth benefits

  1. ഇസ്‌ലാം ശുദ്ധീകരണത്തിനും വൃത്തിക്കും നൽകിയ പ്രാധാന്യം.
  2. ജുമുഅ ദിവസം കുളിക്കുക എന്നത് ഏറെ ഊന്നിപ്പറയപ്പെട്ട പുണ്യകർമ്മങ്ങളിലൊന്നാണ്
  3. ശരീരം കഴുകുക എന്നു പറയുന്നതിൽ നിന്ന് തന്നെ ശിരസ്സും കഴുകണമെന്ന് മനസ്സിലാക്കാമെങ്കിലും അത് പ്രത്യേകം ഊന്നിപ്പറഞ്ഞത് ശിരസ്സ് കഴുകേണ്ടതിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ്.
  4. ജനങ്ങൾക്ക് പ്രയാസകരമാകുന്ന വിധത്തിൽ ശരീരത്തിൽ മണമുണ്ടാകുന്നു എങ്കിൽ അവൻ കുളിക്കൽ നിർബന്ധമാണ്.
  5. വെള്ളിയാഴ്ച്ച ദിവസത്തിന് പ്രത്യേകം ശ്രേഷ്ഠതകൾ വന്നിട്ടുള്ളതിനാൽ അന്നേ ദിവസം കുളിക്കുക എന്നതാണ് കൂടുതൽ അർഹമായിട്ടുള്ളത്.