- ഉറക്കത്തിൽ നിന്നുണർന്ന ശേഷമല്ലെങ്കിൽ വുദൂഇൻ്റെ തുടക്കത്തിൽ പാത്രത്തിൽ കൈ മുക്കുന്നതിന് മുൻപ് രണ്ട് കൈകളും കഴുകൽ സുന്നത്താണ്. എന്നാൽ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു വന്ന സന്ദർഭത്തിലാണെങ്കിൽ ഇപ്രകാരം കഴുകൽ നിർബന്ധവുമാണ്.
- കാര്യങ്ങൾ ഗ്രഹിക്കാൻ ഏറ്റവും സഹായകമായ, വിജ്ഞാനം ഹൃദയത്തിൽ ആഴത്തിൽ വേരൂന്നുന്ന വിധത്തിലുള്ള അദ്ധ്യാപനരീതിയാണ് അദ്ധ്യാപകന്മാർ സ്വീകരിക്കേണ്ടത്. അതിൽ പെട്ടതാണ് പ്രവർത്തിയിലൂടെ ഒരു കാര്യം പഠിപ്പിക്കുക എന്നത്.
- ഐഹിക ജീവിതവുമായി ബന്ധപ്പെട്ട ചിന്തകൾ അകറ്റി നിർത്താൻ നിസ്കാരവേളയിൽ ശ്രദ്ധിക്കേണ്ടതുണ്ട്. നിസ്കാരത്തിൻ്റെ പൂർണ്ണതയും കൃത്യതയും ഹൃദയസാന്നിദ്ധ്യത്തിൽ നിന്നാണ് ഉണ്ടാകുന്നത്. എന്നാൽ നിസ്കാരത്തിൽ മറ്റു ചിന്തകൾ ഉണ്ടാവുക എന്നത് ഉറപ്പായും സംഭവിക്കുന്നതാണ്; പക്ഷേ അവയെ തടുത്തു നിർത്താൻ അവൻ പരിശ്രമിക്കുകയും, അത്തരം ചിന്തകളിൽ തുടർന്നു പോകാതിരിക്കാൻ ശ്രദ്ധിക്കുകയും വേണ്ടതുണ്ട്.
- വുദൂഅ് ചെയ്യുമ്പോൾ ആദ്യം വലതു ഭാഗം മുന്തിക്കുന്നത് സുന്നത്താണ്.
- വായിൽ വെള്ളം കൊപ്ലിക്കുക, ശേഷം മൂക്കിൽ വെള്ളം കയറ്റുക, ശേഷം വെള്ളം (മൂക്കിൽ നിന്ന്) ചീറ്റിക്കളയുക എന്നത് ഈ പറഞ്ഞ ക്രമത്തിൽ നിർവ്വഹിക്കുന്നതാണ് നല്ലത്.
- മുഖവും കൈകളും കാലുകളും മൂന്ന് തവണ കഴുകുക എന്നത് സുന്നത്താണ്. ഒരു തവണ കഴുകിയാൽ നിർബന്ധബാധ്യത പൂർത്തീകരിക്കപ്പെടുന്നതാണ്.
- അല്ലാഹു മുൻകഴിഞ്ഞ പാപങ്ങൾ പൊറുത്തു നൽകുമെന്ന് പറഞ്ഞത്; ഹദീഥിൽ പറഞ്ഞതു പോലെ പൂർണ്ണമായി വുദൂഅ് ചെയ്യുകയും രണ്ട് റക്അത്തുകൾ നിസ്കരിക്കുകയും ചെയ്യുന്നതിന് ഒരുമിച്ചുള്ള പ്രതിഫലമായി കൊണ്ടാണ്.
- വുദൂഇൻ്റെ ഓരോ അവയവങ്ങൾക്കും (വെള്ളം എത്തേണ്ട) കൃത്യമായ അതിരുകളുണ്ട്. മുഖത്തിൻ്റെ അതിരുകൾ: സാധാരണയായി മുടി മുളക്കുന്ന ഭാഗം മുതൽ താടിയുടെയും രണ്ട് താടിയെല്ലുകളുടെയും താഴ്ഭാഗം വരെ നീളമായും, രണ്ട് ചെവിക്കുറ്റികൾക്ക് ഇടയിൽ വീതിയായും കണക്കാക്കപ്പെട്ടിരിക്കുന്നു. കൈകളുടെ അതിരുകൾ: വിരലുകളുടെ അറ്റം മുതൽ ആരംഭിക്കുകയും, മുട്ടുകൾ ഉൾപ്പടെയുള്ള ഭാഗം വരെ നീളുകയും ചെയ്യുന്നു. തലയുടെ അതിരുകൾ: മുടി സാധാരണയായി മുളക്കുന്ന ഭാഗം മുതൽ പിരടിയുടെ മുകൾ ഭാഗം വരെയാണ്. ചെവികൾ തടവുക എന്നത് തലതടവുന്നതിൻ്റെ ഭാഗമായാണ് എണ്ണപ്പെടുക. കാലുകളുടെ അതിരുകൾ: കാൽപ്പാദം മുഴുവനായും, കണങ്കാലിനും കാലിനും ഇടയിലുള്ള സന്ധിയുൾപ്പെടെയുമാണ്.