/ ചില മടമ്പുകൾക്ക് നരകത്തിൽ നിന്നുള്ള നാശം! നിങ്ങൾ വുദൂഅ് പൂർണ്ണമായി നിർവ്വഹിക്കുക

ചില മടമ്പുകൾക്ക് നരകത്തിൽ നിന്നുള്ള നാശം! നിങ്ങൾ വുദൂഅ് പൂർണ്ണമായി നിർവ്വഹിക്കുക

അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: മക്കയിൽ നിന്ന് മദീനയിലേക്ക് നബി -ﷺ- യോടൊപ്പം ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. അങ്ങനെ വഴിയിൽ വെള്ളമുള്ള ഒരിടത്ത് എത്തിയപ്പോൾ കുറച്ചു പേർ അസ്വർ നിസ്കരിക്കാൻ വേണ്ടി (വെള്ളം ലക്ഷ്യം വെച്ച്) വേഗത്തിൽ പോവുകയും, ധൃതിയിൽ വുദൂഅ് എടുക്കുകയും ചെയ്തു. ഞങ്ങൾ അവരുടെ അടുത്തെത്തുമ്പോൾ അവരുടെ കാൽമടമ്പുകൾ വെള്ളം സ്പർശിക്കാത്ത വിധമാണ് കാണപ്പെട്ടത്. അപ്പോൾ നബി -ﷺ- പറഞ്ഞു: "ചില മടമ്പുകൾക്ക് നരകത്തിൽ നിന്നുള്ള നാശം! നിങ്ങൾ വുദൂഅ് പൂർണ്ണമായി നിർവ്വഹിക്കുക."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- മക്കയിൽ നിന്ന് മദീനയിലേക്ക് സ്വഹാബികളോടൊപ്പം യാത്ര ചെയ്ത സന്ദർഭം; വഴിയിൽ വെള്ളമുള്ള ഒരു സ്ഥലത്തെത്തിയപ്പോൾ സ്വഹാബികളിൽ ചിലർ അസ്വർ നിസ്കാരത്തിനായി വുദൂഅ് ചെയ്യുന്നതിന് വേണ്ടി ധൃതികൂട്ടി. എന്നാൽ അവരുടെ കാൽമടമ്പുകൾ വെള്ളം തട്ടാതെ ഉണങ്ങിയ നിലയിൽ കാണാൻ സാധിക്കുമായിരുന്നു. ഇത് കണ്ടപ്പോൾ നബി -ﷺ- പറഞ്ഞു: വുദൂഅ് ചെയ്യുന്ന വേളയിൽ തങ്ങളുടെ മടമ്പുകാലുകൾ കഴുകുന്നതിൽ അലസത കാണിക്കുന്നവർക്ക് നരകത്തിൽ നിന്നുള്ള ശിക്ഷയും നാശവുമുണ്ടായിരിക്കുന്നതാണ്. വുദൂഅ് പൂർത്തീകരിക്കുന്നതിൽ അങ്ങേയറ്റം ശ്രദ്ധ പുലർത്താൻ നബി -ﷺ- അവരോട് കൽപ്പിക്കുകയും ചെയ്തു.

Hadeeth benefits

  1. വുദൂഅ് ചെയ്യുന്ന വേളയിൽ രണ്ട് കാലുകളും കഴുകൽ നിർബന്ധമാണ്. കാരണം കാലുകൾ (കഴുകാതെ കേവലം) തടവൽ മാത്രം മതിയാകുമായിരുന്നെങ്കിൽ മടമ്പുകാലുകൾ നനയാത്തതിൻ്റെ പേരിൽ നബി -ﷺ- അവരെ ആക്ഷേപിക്കുമായിരുന്നില്ല.
  2. വുദൂഇൻ്റെ സന്ദർഭത്തിൽ കഴുകാൻ കൽപ്പിക്കപ്പെട്ട അവയവങ്ങളെല്ലാം മുഴുവനായും കഴുകൽ നിർബന്ധമാണ്. ആരെങ്കിലും ബോധപൂർവ്വമോ അശ്രദ്ധയും അലസതയും കാരണത്താലോ നിർബന്ധമായും കഴുകേണ്ട അവയങ്ങളിൽ ഏതെങ്കിലുമൊരു ചെറിയ ഭാഗം ഉപേക്ഷിച്ചാൽ അവൻ്റെ നിസ്കാരം ശരിയാവുകയില്ല.
  3. വിവരമില്ലാത്തവർക്ക് പഠിപ്പിച്ചു കൊടുക്കുകയും നേർമാർഗം കാണിച്ചുകൊടുക്കുകയും ചെയ്യേണ്ടതിൻ്റെ പ്രാധാന്യം.
  4. നിർബന്ധകർമ്മങ്ങളും സുന്നത്തായ (ഐഛിക) കർമ്മങ്ങളും ഉപേക്ഷിക്കപ്പെടുന്നത് കാണുമ്പോൾ പണ്ഡിതന്മാർ അനുയോജ്യമായ രീതിയിൽ അത് തിരുത്തുകയും എതിർക്കുകയും ചെയ്യേണ്ടതുണ്ട്.
  5. മുഹമ്മദ് ബ്നു ഇസ്ഹാഖ് അദ്ദഹ്‌ലവി പറയുന്നു: വുദൂഅ് പൂർണ്ണമായി നിർവ്വഹിക്കുക എന്നത് മൂന്നു രൂപത്തിലുണ്ട്.
  6. ഒന്ന്: നിർബന്ധമായത്; വുദൂഇൻ്റെ അവയവം ഒരു തവണ പൂർണ്ണമായി കഴുകുക എന്നതാണത്.
  7. രണ്ട്: സുന്നത്തായത്; വുദൂഇൻ്റെ അവയവങ്ങൾ മൂന്ന് തവണ കഴുകുക എന്നതാണത്.
  8. മൂന്ന്: കൂടുതൽ നല്ലതും മുസ്തഹബ്ബായതും; മൂന്നു തവണ കഴുകുകയും അതോടൊപ്പം വുദൂഇൻ്റെ അവയവങ്ങളുടെ പുറത്തേക്ക് കുറച്ച് നീട്ടിക്കഴുകുകയും ചെയ്യുക എന്നതാണത്.