"*തീർച്ചയായും ഹലാൽ (അനുവദനീയമായവ) വ്യക്തമാണ്. തീർച്ചയായും ഹറാമും (നിഷിദ്ധമായവ) വ്യക്തമാണ്*. അവ രണ്ടിനുമിടയിൽ അവ്യക്തമായ ചിലതുണ്ട്; അധികജനങ്ങൾക്കും അവയെ കുറിച്ച് അറിയുകയില്ല. അതിനാൽ ആരെങ്കിലും ഈ അവ്യക്തമായ കാര്യങ്ങളെ സൂക്ഷിച്ചാൽ അവൻ തൻ്റെ ദീ...
നുഅ്മാൻ ബ്‌നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: -തൻ്റെ രണ്ട് വിരലുകളും ചെവിയിലേക്ക് ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു- നബി ﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "തീർച്ചയായും ഹലാൽ (അനുവദനീയമായവ) വ്യക്തമാണ്. തീർച്ചയായും ഹറാമും (നിഷിദ്ധമായവ) വ്യക്തമാണ്. അവ രണ്ടിനുമിടയിൽ അവ്യക്തമായ ചിലതുണ്ട്; അധികജനങ്ങൾക്കും അവയെ കുറിച്ച് അറിയുകയില്ല. അതിനാൽ ആരെങ്കിലും ഈ അവ്യക്തമായ കാര്യങ്ങളെ സൂക്ഷിച്ചാൽ അവൻ തൻ്റെ ദീനും അഭിമാനവും സുരക്ഷിതമാക്കിയിരിക്കുന്നു. ആരെങ്കിലും അവ്യക്തമായവയിൽ വീണുപോയാൽ അവൻ ഹറാമിൽ വീണുപോകുന്നതാണ്. ഒരു സുരക്ഷിതവേലിക്ക് ചുറ്റും മേയ്ക്കുന്ന ഇടയൻ്റെ കാര്യം പോലെ; (അവൻ്റെ മൃഗങ്ങൾ) അതിനുള്ളിൽ കയറി മേയാനായിട്ടുണ്ട്. അറിയുക! എല്ലാ രാജാക്കന്മാർക്കും അവരുടെ അതിർത്തികളുണ്ട്; അറിയുക! അല്ലാഹുവിൻ്റെ അതിർത്തി അവൻ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്. അറിയുക! തീർച്ചയായും ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് മോശമായാൽ ശരീരം മുഴുവൻ മോശമായി. അറിയുക; ഹൃദയമാകുന്നു അത്."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
വിശദീകരണം
എല്ലാ കാര്യങ്ങളിലും പാലിക്കേണ്ട ഒരു അടിസ്ഥാനമാണ് നബി ﷺ ഈ ഹദീഥിലൂടെ വിവരിച്ചിരിക്കുന്നത്. അല്ലാഹുവിൻ്റെ ദീനിൽ എല്ലാ വിഷയങ്ങളെയും മൂന്ന് ഇനങ്ങളായി തിരിക്കാൻ സാധിക്കും: വ്യക്തമായ ഹലാലുകൾ (അനുവദനീയമായവ), വ്യക്തമായ ഹറാമുകൾ (നിഷിദ്ധമായവ), അനുവദനീയമാണോ നിഷിദ്ധമാണോ എന്ന് വ്യക്തതയില്ലാത്ത, ആശയക്കുഴപ്പം നിലനിൽക്കുന്ന കാര്യങ്ങൾ. ഈ മൂന്നാമത്തെ കാര്യങ്ങളുടെ വിധികൾ ജനങ്ങളിൽ ധാരാളംപേർക്ക് അറിയുന്നുണ്ടാകില്ല.
ആരെങ്കിലും അവന് അവ്യക്തമായ അത്തരം കാര്യങ്ങൾ ഉപേക്ഷിച്ചാൽ നിഷിദ്ധകാര്യങ്ങളിൽ പതിക്കാതെ തൻ്റെ ദീനിനെ അയാൾ സുരക്ഷിതമാക്കി. അതു പോലെ, ഇത്തരം അവ്യക്തമായ കാര്യങ്ങൾ ചെയ്തതിൻ്റെ പേരിൽ ജനങ്ങൾ അവനെ ആക്ഷേപിക്കുകയും, അവൻ്റെ അഭിമാനത്തിന് പോറലേൽക്കുന്നതിൽ നിന്നും അവന് രക്ഷപ്പെടാൻ സാധിച്ചു. എന്നാൽ ആരെങ്കിലും ഇത്തരം അവ്യക്തമായ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാതിരിക്കുകയാണെങ്കിൽ അവൻ നിഷിദ്ധത്തിലേക്ക് വീഴാൻ സ്വന്തത്തിനുള്ള വഴിയൊരുക്കുകയോ, അതല്ലെങ്കിൽ ജനങ്ങൾക്ക് അവനെ ആക്ഷേപിക്കാനും കുറ്റം പറയാനുമുള്ള മാർഗം സൃഷ്ടിക്കുകയോ ചെയ്തിരിക്കുന്നു. അവ്യക്തമായ കാര്യങ്ങൾ പ്രവർത്തിക്കുന്ന വ്യക്തിക്ക് നബി -ﷺ- ഒരു ഉദാഹരണം പറഞ്ഞിരിക്കുന്നു. തൻ്റെ നാൽകാലികളെ മേയ്ക്കുന്ന ഒരു ഇടയനെ പോലെയാണവൻ. ഒരാൾ അതിരുകെട്ടി സംരക്ഷിച്ചിട്ടുള്ള പ്രദേശത്തിന് തൊട്ടടുത്തായാണ് അവൻ മേയ്ക്കുന്നത്. വളരെ അടുത്താണ് എന്നതിനാൽ അവൻ്റെ മൃഗങ്ങൾ ഈ സംരക്ഷിതമേഖലയിൽ പ്രവേശിച്ച് അവിടെ മേഞ്ഞു നടക്കാനുള്ള സാധ്യത വളരെയധികമുണ്ട്. ഇതു പോലെ തന്നെയാണ്, അവ്യക്തമായ കാര്യങ്ങൾ പ്രവർത്തിക്കുന്നവനും. അവൻ ഇതിലൂടെ വ്യക്തമായ ഹറാമിൻ്റെ അടുത്തേക്ക് എത്തിയിരിക്കുന്നു. ചിലപ്പോൾ അവൻ ഹറാമിൽ തന്നെ പതിച്ചു പോയേക്കാം. അതിന് ശേഷം നബി ﷺ ശരീരത്തിലുള്ള ഒരു മാംസക്കഷ്ണത്തെ കുറിച്ച് -ഹൃദയത്തെ കുറിച്ച്- വിവരിച്ചു; അത് നന്നാകുമ്പോൾ ശരീരം നന്നാകുമെന്നും, അത് മോശമാകുമ്പോൾ ശരീരം മോശമാകുമെന്നും അവിടുന്ന് അറിയിക്കുന്നു.
Hadeeth benefits
അവ്യക്തമായ -എന്താണ് വിധി എന്ന് വ്യക്തമാകാത്ത- കാര്യങ്ങൾ ഉപേക്ഷിക്കാനുള്ള പ്രോത്സാഹനം.
Share
Use the QR code to easily share the message of Islam with others