- തൗബയുടെ വാതിൽ തുറന്നു കിടക്കുന്ന കാലം മുഴുവൻ തൗബ സ്വീകരിക്കപ്പെടും. എന്നാൽ സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നതോടെ അതിൻ്റെ വാതിൽ അടക്കപ്പെടും. ഓരോ വ്യക്തിയുടെയും കാര്യത്തിലാണെങ്കിൽ, മരണം അവൻ്റെ തൊണ്ടക്കുഴിയിൽ വന്നെത്തുന്നതിന് മുൻപ് അവൻ തൗബ ചെയ്തിരിക്കണം.
- തിന്മകൾ പ്രവർത്തിച്ചു പോയതിൻ്റെ പേരിൽ നിരാശനാവുകയും അല്ലാഹുവിൻ്റെ കാരുണ്യത്തിൽ പ്രതീക്ഷയറ്റവനാകുകയും ചെയ്യരുത്. അല്ലാഹുവിൻ്റെ കാരുണ്യവും വിട്ടുവീഴ്ചയും അതിവിശാലമാണ്; തൗബയുടെ വാതിൽ എപ്പോഴും തുറന്നിടപ്പെട്ടിരിക്കുന്നു.
- തൗബ സ്വീകരിക്കപ്പെടാൻ പാലിച്ചിരിക്കേണ്ട ചില നിബന്ധനകളുണ്ട്.
- ഒന്ന്: തിന്മ ഉപേക്ഷിക്കുക. രണ്ട്: സംഭവിച്ചു പോയതിൽ ഖേദമുണ്ടായിരിക്കുക. മൂന്ന്: ആ തിന്മയിലേക്ക് ഇനിയൊരിക്കലും തിരിച്ചു പോകില്ലെന്ന ഉറച്ച തീരുമാനം ഉണ്ടായിരിക്കുക. അല്ലാഹുവിനോടുള്ള ബാധ്യതകളിൽ വരുത്തിയ തിന്മകളിൽ നിന്ന് പശ്ചാത്തപിക്കുമ്പോൾ ഈ മൂന്ന് നിബന്ധനകളാണ് പാലിക്കേണ്ടത്.
- എന്നാൽ സൃഷ്ടികളുമായി ബന്ധപ്പെട്ട തിന്മകളാണ് ചെയ്തത് എങ്കിൽ മറ്റൊരു നിബന്ധന കൂടിയുണ്ട്; ഒരാളുടെ അവകാശം കവർന്നെടുത്തുവെങ്കിൽ അത് അയാൾക്ക് തിരിച്ചേൽപ്പിക്കണം. അതല്ലെങ്കിൽ അയാൾ അക്കാര്യം വിട്ടുപൊറുത്തു മാപ്പാക്കണം.