- അല്ലാഹുവിൻ്റെ കാരുണ്യത്തിൻ്റെയും പാപമോചനത്തിൻ്റെയും ഔദാര്യത്തിൻ്റെയും വിശാലത.
- തൗഹീദിൻ്റെ ശ്രേഷ്ഠത; അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന മുവഹ്ഹിദുകൾക്ക് അവരുടെ തിന്മകളും പാപങ്ങളും അല്ലാഹു പൊറുത്തു നൽകുന്നതാണ്.
- ബഹുദൈവാരാധന (ശിർക്ക്) എന്ന പാപത്തിൻ്റെ ഗൗരവം; അല്ലാഹു ശിർക്ക് ചെയ്തവർക്ക് പൊറുത്തു നൽകുന്നതല്ല.
- ഇബ്നു റജബ് (റഹി) പറയുന്നു: "തിന്മകൾ അല്ലാഹു പൊറുത്തു നൽകാനുള്ള കാരണങ്ങൾ മൂന്നാണ്. അവ മൂന്നും ഈ ഹദീഥിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു.
- ഒന്ന്: അല്ലാഹുവിൻ്റെ കാരുണ്യത്തിൽ പ്രതീക്ഷ വെച്ചു കൊണ്ട് അവനോട് പ്രാർത്ഥിക്കലാണ്. രണ്ട്: അല്ലാഹുവിനോട് പാപമോചനം തേടലും തൗബ ആവശ്യപ്പെടലുമാണ്. മൂന്ന്: തൗഹീദിലായി കൊണ്ട് മരണപ്പെടുക എന്നതാണ്.
- അല്ലാഹു പറഞ്ഞതായി നബി ﷺ അറിയിക്കുന്ന ഹദീഥുകളിൽ പെട്ടതാണ് ഈ ഹദീഥ്. 'ഖുദ്സിയായ ഹദീഥ്' എന്നാണ് ഇത്തരം ഹദീഥുകളെ വിശേഷിപ്പിക്കാറുള്ളത്. അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള വാക്കും ആശയവുമാണ് ഇത്തരം ഹദീഥുകളിൽ ഉണ്ടാവുക. എന്നാൽ വിശുദ്ധ ഖുർആനിന് പറയപ്പെട്ടത് പോലുള്ള പ്രത്യേകമായ ശ്രേഷ്ഠതകളും പ്രതിഫലങ്ങളും ഈ ഹദീഥുകൾക്ക് പറയാവതല്ല; ഖുർആനിൻ്റെ കേവല പാരായണം തന്നെ ആരാധനയാണ് എന്നതും, പാരായണത്തിന് മുൻപ് വുദൂഅ് ചെയ്യണമെന്നതും, ഖുർആൻ പോലെ മറ്റൊന്ന് കൊണ്ടുവരാമോ എന്ന വെല്ലുവിളിയും മറ്റുമെല്ലാം ഖുർആനിൻ്റെ മാത്രം പ്രത്യേകതകളാണ്.
- തിന്മകൾ മൂന്ന് വിധത്തിലുണ്ട്.
- ഒന്ന്: അല്ലാഹുവിൽ പങ്കുചേർക്കുക എന്ന ശിർക്ക്; ഇത് അല്ലാഹു പൊറുത്തു നൽകുന്നതല്ല. അല്ലാഹു പറയുന്നു: "തീർച്ചയായും ഒരാൾ അല്ലാഹുവിൽ പങ്കുചേർത്താൽ അവന് അല്ലാഹു സ്വർഗം നിഷിദ്ധമാക്കുന്നതാണ്."
- രണ്ട്: മനുഷ്യൻ അവനോട് തന്നെ ചെയ്യുന്ന, അവനും അവൻ്റെ രക്ഷിതാവിനും ഇടയിലുള്ള തിന്മകൾ. ഇത് അല്ലാഹു അവൻ ഉദ്ദേശിച്ചാൽ പൊറുത്തു കൊടുക്കുന്നതാണ്.
- മൂന്ന്: അല്ലാഹു ഒരിക്കലും വിട്ടുകൊടുക്കാത്ത തെറ്റുകൾ. മനുഷ്യർ പരസ്പരം ചെയ്യുന്ന തിന്മകൾ ഈ പറഞ്ഞതിലാണ് ഉൾപ്പെടുക. ഇവയിൽ നിർബന്ധമായും പ്രതിക്രിയ ഉണ്ടായിരിക്കുന്നതാണ്.