/ ആരെങ്കിലും ഒരു ജനതയോട് സാദൃശ്യപ്പെട്ടാൽ അവൻ അവരിൽ പെട്ടവനാണ്

ആരെങ്കിലും ഒരു ജനതയോട് സാദൃശ്യപ്പെട്ടാൽ അവൻ അവരിൽ പെട്ടവനാണ്

അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു: "ആരെങ്കിലും ഒരു ജനതയോട് സാദൃശ്യപ്പെട്ടാൽ അവൻ അവരിൽ പെട്ടവനാണ്."

വിശദീകരണം

അവിശ്വാസിയോ അധർമ്മകാരിയോ സച്ചരിതരോ ആയ ഏതൊരു വിഭാഗത്തോട് ആര് - അവർക്ക് മാത്രം പ്രത്യേകമായ വിശ്വാസങ്ങളോ ആരാധനകളോ ആചാരങ്ങളോ സ്വീകരിച്ച് - സാദൃശ്യം പുലർത്തിയാലും അവൻ അവരിൽ പെട്ടവനാണ് എന്ന് നബി ﷺ അറിയിക്കുന്നു. കാരണം ബാഹ്യമായ സാദൃശ്യം മനസ്സും അവരോട് യോജിക്കുന്നതിലേക്ക് നയിക്കുന്നതാണ്. മാത്രമല്ല, ഒരു വിഭാഗത്തോടുള്ള ഇഷ്ടത്തിൽ നിന്നും താൽപ്പര്യത്തിൽ നിന്നുമാണല്ലോ അവരോട് സാദൃശ്യപ്പെടാനുള്ള ആഗ്രഹം ഉണ്ടാകുന്നത്. ഇത് ചിലപ്പോൾ അവരോട് സ്നേഹവും ആദരവും ഉണ്ടാകുന്നതിലേക്കും, അവരിലേക്ക് ക്രമേണ ചാഞ്ഞുപോകുന്നതിലേക്കും എത്തിച്ചേക്കാം. പിന്നീട് മനസ്സിനുള്ളിലും ഈ സദൃശ്യത സംഭവിക്കാനും, ആരാധനകളിൽ വരെ അത് സംഭവിക്കാനും വഴിയൊരുങ്ങിയേക്കാം. അല്ലാഹു കാത്തുരക്ഷിക്കുമാറാകട്ടെ.

Hadeeth benefits

  1. അല്ലാഹുവിനെ നിഷേധിച്ചവരോടും അധർമ്മികളോടും സദൃശ്യത പുലർത്തുന്നതിൽ നിന്നുള്ള താക്കീത്.
  2. സൽകർമ്മികളും സച്ചരിതരുമായ ജനങ്ങളോട് സദൃശ്യപ്പെടാനും അവരെ മാതൃകയാക്കാനുമുള്ള പ്രോത്സാഹനം.
  3. പുറമേക്കുള്ള സദൃശ്യത മനസ്സിൽ ഇഷ്ടവും സ്നേഹവുമുണ്ടാകാൻ വഴിയൊരുക്കും.
  4. മുസ്‌ലിംകളല്ലാത്തവരോടുള്ള സദൃശ്യത്തിൻ്റെ രൂപവും തോതുമനുസരിച്ച് ഈ ഹദീഥിലുള്ള താക്കീത് ബാധകമാകുന്നതാണ്.
  5. മറ്റു മതസ്ഥരുടെ മതപരമോ ആചാരപരമോ ആയ സവിശേഷതകൾ സ്വീകരിക്കുന്നതിൽ നിന്നുള്ള വിലക്ക്. എന്നാൽ ഒരു ജനതയുടെ പ്രത്യേക സവിശേഷതയിൽ പെടാത്ത ഭൗതിക വിജ്ഞാനങ്ങളോ മറ്റോ ഈ പറഞ്ഞതിൽ ഉൾപ്പെടുകയില്ല.