/ ആരെങ്കിലും ഒരു നന്മയിലേക്ക് വഴികാണിച്ചാൽ അവന് അത് ചെയ്തവൻ്റേതിന് സമാനമായ പ്രതിഫലമുണ്ട്...

ആരെങ്കിലും ഒരു നന്മയിലേക്ക് വഴികാണിച്ചാൽ അവന് അത് ചെയ്തവൻ്റേതിന് സമാനമായ പ്രതിഫലമുണ്ട്...

അബൂ മസ്ഊദ് അൽ അൻസ്വാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരാൾ നബി ﷺ യുടെ അരികിൽ വന്നു കൊണ്ട് പറഞ്ഞു: "എൻ്റെ വാഹനമൃഗം ചത്തുപോയിരിക്കുന്നു; അതിനാൽ എന്നെ (വാഹനത്തിൽ) വഹിച്ചാലും." അപ്പോൾ നബി ﷺ പറഞ്ഞു: "എൻ്റെ പക്കൽ (വാഹനം) ഇല്ല." അപ്പോൾ ഒരാൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അവനെ വഹിക്കുന്ന ഒരാളെ ഞാൻ പറഞ്ഞു കൊടുക്കാം." നബി ﷺ പറഞ്ഞു: "ആരെങ്കിലും ഒരു നന്മയിലേക്ക് വഴികാണിച്ചാൽ അവന് അത് ചെയ്തവൻ്റേതിന് സമാനമായ പ്രതിഫലമുണ്ട്."
മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

ഒരാൾ നബി ﷺ യുടെ അരികിൽ വന്നു കൊണ്ട് പറഞ്ഞു: "എൻ്റെ യാത്രാവാഹനം നശിച്ചിരിക്കുന്നു. അതിനാൽ എന്നെ ഒരു യാത്രാമൃഗത്തിന് മേൽ വഹിച്ചാലും. അതല്ലെങ്കിൽ എന്നെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ഒരു വാഹനം എനിക്ക് നൽകിയാലും." അപ്പോൾ നബി ﷺ അയാളോട് ഒഴിവുകഴിവ് പറഞ്ഞു; അവിടുത്തെ പക്കൽ അയാളെ വഹിക്കാനുള്ള വാഹനമില്ലെന്നും അറിയിച്ചു. ഇത് കേട്ടപ്പോൾ അവിടെ സന്നിഹിതനായിരുന്ന ഒരാൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അവനെ വഹിക്കാൻ കഴിയുന്ന ഒരാളെ ഞാൻ പറഞ്ഞു കൊടുക്കാം." അപ്പോൾ നബി ﷺ പറഞ്ഞു: "വാഹനം നൽകി അവനെ സഹായിക്കുന്നവൻ്റെ പ്രതിഫലത്തിൽ അവനും പങ്കാളിയാണ്. കാരണം അവനാണ് ആവശ്യക്കാരനെ അതിലേക്ക് വഴികാണിച്ചത്."

Hadeeth benefits

  1. നന്മയിലേക്ക് വഴികാണിക്കാനുള്ള പ്രോത്സാഹനവും പ്രേരണയും.
  2. നന്മ പ്രവർത്തിക്കാനുള്ള പ്രോത്സാഹനം ഇസ്‌ലാമിക സമൂഹത്തെ ചേർത്തു നിർത്തുകയും സമ്പൂർണ്ണമാക്കുകയും ചെയ്യുന്നതാണ്.
  3. അല്ലാഹുവിൻ്റെ ഔദാര്യത്തിൻ്റെ വിശാലത.
  4. ഈ ഹദീഥ് ഇസ്‌ലാമിലെ ഒരു പൊതുഅടിത്തറയാണ് അറിയിക്കുന്നത്. എല്ലാ നന്മകൾക്കും ഈ പറഞ്ഞത് ബാധകമാണ്.
  5. തന്നോട് ചോദിച്ചു വരുന്നവൻ്റെ ആവശ്യം നിറവേറ്റാൻ ഒരാൾക്ക് സാധിക്കുന്നില്ലെങ്കിൽ അവന് അത് നിർവ്വഹിച്ചു നൽകാൻ സാധിക്കുന്ന മറ്റൊരാളെ ചൂണ്ടിക്കാണിച്ചു കൊടുക്കാവുന്നതാണ്.