/ നിങ്ങളിലാരെങ്കിലും വല്ല തിന്മയും കണ്ടാൽ കൈ കൊണ്ടതിനെ തടയട്ടെ. അതിന് അവന് സാധ്യമല്ലെങ്കിൽ തൻ്റെ നാവ് കൊണ്ട്. അതിനും സാധ്യമല്ലെങ്കിൽ തൻ്റെ ഹൃദയം കൊണ്ട് (വെറുക്കട്ടെ). അതാണ് ഈമാനിൻ്റെ ഏറ്റവും ദുർബലമായ അവസ്ഥ...

നിങ്ങളിലാരെങ്കിലും വല്ല തിന്മയും കണ്ടാൽ കൈ കൊണ്ടതിനെ തടയട്ടെ. അതിന് അവന് സാധ്യമല്ലെങ്കിൽ തൻ്റെ നാവ് കൊണ്ട്. അതിനും സാധ്യമല്ലെങ്കിൽ തൻ്റെ ഹൃദയം കൊണ്ട് (വെറുക്കട്ടെ). അതാണ് ഈമാനിൻ്റെ ഏറ്റവും ദുർബലമായ അവസ്ഥ...

അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "നിങ്ങളിലാരെങ്കിലും വല്ല തിന്മയും കണ്ടാൽ കൈ കൊണ്ടതിനെ തടയട്ടെ. അതിന് അവന് സാധ്യമല്ലെങ്കിൽ തൻ്റെ നാവ് കൊണ്ട്. അതിനും സാധ്യമല്ലെങ്കിൽ തൻ്റെ ഹൃദയം കൊണ്ട് (വെറുക്കട്ടെ). അതാണ് ഈമാനിൻ്റെ ഏറ്റവും ദുർബലമായ അവസ്ഥ."
മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

തിന്മകളെ സാധ്യമായ രൂപത്തിൽ തടയേണ്ടതുണ്ട് എന്ന് നബി -ﷺ- ഈ ഹദീഥിലൂടെ നമ്മോട് കൽപ്പിച്ചിരിക്കുന്നു. അല്ലാഹുവും അവൻ്റെ ദൂതനും വിലക്കിയ എല്ലാ കാര്യങ്ങളും തിന്മയാണ്. ഒരാൾ ഒരു തിന്മ കണ്ടാൽ അതിനെ കൈ കൊണ്ട് തടയാൻ സാധിക്കുമെങ്കിൽ കൈ കൊണ്ട് തടയുക എന്നത് അവൻ്റെ മേൽ നിർബന്ധമാണ്. കൈ കൊണ്ട് തടയാൻ സാധിക്കില്ലെങ്കിൽ തൻ്റെ നാവ് കൊണ്ട് തടയുക; തിന്മ ചെയ്യുന്നവനെ അതിൽ നിന്ന് വിലക്കുകയും, തിന്മയുടെ അപകടം ബോധ്യപ്പെടുത്തി കൊടുക്കുകയും, ഈ തിന്മക്ക് പകരം നന്മയുടെ വഴി ഏതുണ്ട് എന്ന് അവന് അറിയിച്ചു കൊടുക്കുകയും ചെയ്യണം. അതും അവന് സാധ്യമല്ലെങ്കിൽ തൻ്റെ ഹൃദയം കൊണ്ട് ആ തിന്മയെ തടയണം; മനസ്സ് കൊണ്ട് ആ തെറ്റിനെ വെറുക്കുകയും തനിക്ക് സാധിക്കുമായിരുന്നെങ്കിൽ ആ തിന്മയെ താൻ തടയുമായിരുന്നു എന്ന ദൃഢബോധ്യം ഹൃദയത്തിൽ ഉണ്ടാവുകയും ചെയ്യലാണ് അത് കൊണ്ട് ഉദ്ദേശ്യം. തിന്മകളെ തടയുന്ന വിഷയത്തിൽ ഏറ്റവും ദുർബലമായ പദവിയാണ് ഹൃദയം കൊണ്ട് തിന്മകളെ തടയുക എന്നത്.

Hadeeth benefits

  1. തിന്മകളെ തിരുത്തുക എന്ന വിഷയത്തിലെ അടിസ്ഥാന തെളിവാണ് ഈ ഹദീഥ്.
  2. തിന്മകളെ തടയുന്നതിൽ ക്രമം പാലിക്കാനുള്ള കൽപ്പന. ഓരോരുത്തരും അവരവർക്ക് സാധ്യമായ രൂപത്തിലും കഴിവനുസരിച്ചും അക്കാര്യം നിർവഹിക്കുക.
  3. തിന്മകളെ തടയുക എന്നത് ഇസ്‌ലാമിലെ ഏറെ പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നാണ്. ഈ ബാധ്യത ഒരാളിൽ നിന്നും ഒഴിവാകുന്നില്ല. ഓരോ മുസ്‌ലിമിൻ്റെയും കഴിവും ശക്തിയും അനുസരിച്ചാണ് ഇക്കാര്യം അവൻ്റെ മേൽ ബാധ്യതയാക്കപ്പെടുക.
  4. നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നത് ഈമാനിൻ്റെ സ്വഭാവങ്ങളിൽ പെട്ടതാണ്. ഈമാൻ വർദ്ധിക്കുകയും കുറയുകയും ചെയ്യുന്നതുമാണ്.
  5. ഒരു തിന്മയെ എതിർക്കുമ്പോൾ താൻ എതിർക്കുന്ന കാര്യം തിന്മയാണെന്ന വ്യക്തമായ അറിവുണ്ടായിരിക്കണം എന്ന നിബന്ധനയുണ്ട്.
  6. ഒരു തിന്മ തടയുന്നതിലൂടെ അതിനേക്കാൾ വലിയ തിന്മ സംഭവിക്കാൻ പാടില്ല എന്നതും അതിൻ്റെ നിബന്ധനകളിൽ പെട്ടതാണ്.
  7. തിന്മ തടയുന്നതിന് ഇസ്‌ലാമിൽ പഠിപ്പിക്കപ്പെട്ട മര്യാദകളും നിബന്ധനകളുമുണ്ട്. അവ ഓരോ മുസ്‌ലിമും പഠിച്ചിരിക്കണം.
  8. തിന്മകളെ എതിർക്കാൻ ഇസ്‌ലാമികമായ നയങ്ങളും മര്യാദകളും ആവശ്യമാണ്. വിജ്ഞാനവും ഉൾക്കാഴ്ച്ചയും അക്കാര്യത്തിൽ നിർബന്ധവുമാണ്.
  9. ഹൃദയം കൊണ്ട് ഒരാൾ തിന്മയെ വെറുക്കുന്നില്ല എന്നത് അയാളുടെ ഈമാനിൻ്റെ ദുർബലതയെയാണ് അറിയിക്കുന്നത്.