- വിശുദ്ധ ഖുർആനിലെ മുഹ്കമായ (ഖണ്ഡിതമായ) വചനങ്ങൾ എന്നത് കൊണ്ട് ഉദ്ദേശ്യം: ആശയം വ്യക്തമായതും അർത്ഥം പ്രകടമായതുമായ വചനങ്ങളാണ്. മുതശാബിഹായ (ആശയസാദൃശ്യമുള്ള) വചനങ്ങൾ എന്നത് കൊണ്ട് ഉദ്ദേശ്യം: ഒന്നിലധികം അർത്ഥ സാധ്യതകളുള്ളതും, കൂടുതൽ ചിന്തയും ഗഹനമായ പഠനവും ആവശ്യമുള്ള വചനങ്ങൾ എന്നുമാണ്.
- വഴികേടിൻ്റെ മാർഗത്തിൽ ജീവിക്കുകയും, ബിദ്അത്തുകളിൽ കഴിയുകയും ചെയ്യുന്നവരോട് കൂടിക്കലരുന്നതിൽ നിന്നുള്ള താക്കീത് ഈ ഹദീഥിലുണ്ട്. ജനങ്ങളെ വഴികേടിലാക്കുന്നതിനും അവർക്ക് സംശയങ്ങൾ ജനിപ്പിക്കുന്നതിനുമായി നടക്കുന്ന ഇത്തരക്കാരെ സൂക്ഷിക്കണം.
- "ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ." - ഇതാണ് സൂറത്തു ആലി ഇംറാനിലെ വചനത്തിൻ്റെ അവസാനം. വഴിതെറ്റിയവർക്കുള്ള ആക്ഷേപവും, അല്ലാഹുവിൻ്റെ ദീനിൽ ഉറച്ചു നിൽക്കുന്നവർക്കുള്ള പ്രശംസയും ഒരേസമയം ഈ വാക്കിലുണ്ട്. ഖുർആനിൽ നിന്ന് ഉൽബോധനം ഉൾക്കൊള്ളുകയോ ഗുണപാഠം സ്വീകരിക്കുകയോ ചെയ്യാതെ സ്വന്തം ദേഹേഛകളെ പിൻപറ്റുന്നവർ ബുദ്ധിയുള്ളവരിൽ ഉൾപ്പെട്ടിട്ടില്ല എന്ന സൂചന അതിലുണ്ട്.
- ആശയസാദൃശ്യമുള്ളവയെ പിന്തുടരുന്നത് ഹൃദയത്തിൻ്റെ വഴികേടിന് കാരണമാകും.
- ആശയസാദൃശ്യമുള്ള, ചിലപ്പോൾ ഉദ്ദേശ്യം മനസ്സിലാക്കാൻ സാധിക്കാതെ വന്നേക്കാവുന്ന മുതശാബിഹായ ആയത്തുകൾ ഖണ്ഡിതവും ആശയവ്യക്തതയുമുള്ള മുഹ്കമായ ആയത്തുകളിലേക്ക് മടക്കണം.
- വിശുദ്ധ ഖുർആനിലെ ചില വചനങ്ങൾ അല്ലാഹു ഖണ്ഡിതമായ മുഹ്കമുകളായും, മറ്റു ചിലത് ആശയസാദൃശ്യമുള്ള മുതശാബിഹുകളായും വേർതിരിച്ചത് ജനങ്ങളെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ്. യഥാർത്ഥ വിശ്വാസികളെയും വഴികെട്ടവരെയും അതിലൂടെ അവൻ വേർതിരിക്കുന്നു.
- വിശുദ്ധ ഖുർആനിൽ വന്നിട്ടുള്ള ആശയസാദൃശ്യമുള്ള മുതശാബിഹായ വചനങ്ങൾ മറ്റുള്ളവർക്ക് മുകളിൽ പണ്ഡിതന്മാർക്കുള്ള ശ്രേഷ്ഠത ബോധ്യപ്പെടുത്തുന്നുണ്ട്. മനുഷ്യബുദ്ധിയുടെ പരിമിതിയും അത് ബോധ്യപ്പെടുത്തുന്നു; സ്രഷ്ടാവായ അല്ലാഹുവിന് കീഴൊതുങ്ങുകയും, തൻ്റെ ദുർബലത അംഗീകരിക്കുകയും ചെയ്യാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന കാര്യമാണത്.
- മതവിജ്ഞാനങ്ങളിൽ ആഴത്തിലുള്ള പരിജ്ഞാനം നേടുക എന്നതിനുള്ള ശ്രേഷ്ഠതയും, ആ മാർഗ്ഗത്തിൽ ഉറച്ചു നിൽക്കേണ്ടതിൻ്റെ അനിവാര്യതയും.
- സൂറത്തു ആലു ഇംറാനിൻ്റെ ആയത്തിൽ എവിടെയാണ് വഖ്ഫ് (പാരായണത്തിൽ താത്കാലിക ഇടവേള നൽകേണ്ടത്) എന്നതിൽ പണ്ഡിതന്മാർക്ക് രണ്ട് അഭിപ്രായങ്ങളുണ്ട്.
- ചിലർ പറഞ്ഞു: "അല്ലാഹുവിന് മാത്രമേ മുതശാബിഹുകൾ അറിയുകയുള്ളൂ' എന്ന് അർത്ഥം വരുന്ന വിധത്തിൽ ആയത്ത് പാരായണം ചെയ്യണം. അപ്പോൾ അവിടെ ഉദ്ദേശിക്കപ്പെടുന്നത് കാര്യങ്ങളുടെ യാഥാർത്ഥ്യവും രൂപവും അസ്തിത്വവും എങ്ങനെയാണെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ എന്നായിരിക്കും. തങ്ങൾക്ക് യാഥാർത്ഥ്യം മനസ്സിലാക്കാൻ കഴിയാത്ത (അദൃശ്യകാര്യങ്ങളിലും അല്ലാഹുവിൻ്റെ വിശേഷണങ്ങളിലും) അല്ലാഹു പറഞ്ഞത് അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യാനേ മനുഷ്യർക്ക് സാധിക്കൂ; അവയുടെ രൂപം തിരിച്ചറിയാൻ അവർക്ക് കഴിയില്ല.
- രണ്ടാമത്തെ അഭിപ്രായം: "അല്ലാഹുവിനും പണ്ഡിതന്മാർക്കുമല്ലാതെ അവർ അറിയില്ല" എന്ന വിധത്തിൽ പാരായണം ചെയ്യണമെന്നതാണ്. ഇങ്ങനെ വരുമ്പോൾ ഉദ്ദേശ്യം വിശദീകരണവും വാക്കുകളുടെ വിവരണവുമായിരിക്കും. കാരണം അല്ലാഹുവിൻ്റെ വചനങ്ങളുടെ വിശദീകരണം അല്ലാഹുവിനറിയാം; അതോടൊപ്പം അവൻ്റെ ദീനിൽ ആഴത്തിലുള്ള വിജ്ഞാനം നേടിയ പണ്ഡിതന്മാർക്കും അതറിയാം. അവർ അല്ലാഹുവിൽ നിന്ന് വന്നെത്തിയതിലെല്ലാം വിശ്വസിക്കുകയും, ആശയസാദൃശ്യമുള്ള മുതശാബിഹാതുകൾ ഖണ്ഡിതമായ അർത്ഥം നൽകുന്ന മുഹ്കമുകളിലേക്ക് മടക്കി കൊണ്ട് അതിനെ വിശദീകരിക്കുകയും ചെയ്യുന്നു.