/ ഒരാൾ തൻ്റെ ഭവനത്തിൽ പ്രവേശിക്കുകയും, വീട്ടിൽ കയറുമ്പോഴും ഭക്ഷണം കഴിക്കുന്ന വേളയിലും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്താൽ പിശാച് പറയും: നിങ്ങൾക്ക് (ഇവിടെ) രാപ്പാർക്കാനോ അത്താഴം കഴിക്കാനോ സാധ്യമല്ല...

ഒരാൾ തൻ്റെ ഭവനത്തിൽ പ്രവേശിക്കുകയും, വീട്ടിൽ കയറുമ്പോഴും ഭക്ഷണം കഴിക്കുന്ന വേളയിലും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്താൽ പിശാച് പറയും: നിങ്ങൾക്ക് (ഇവിടെ) രാപ്പാർക്കാനോ അത്താഴം കഴിക്കാനോ സാധ്യമല്ല...

ജാബിർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി അദ്ദേഹം കേട്ടു: "ഒരാൾ തൻ്റെ ഭവനത്തിൽ പ്രവേശിക്കുകയും, വീട്ടിൽ കയറുമ്പോഴും ഭക്ഷണം കഴിക്കുന്ന വേളയിലും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്താൽ പിശാച് പറയും: നിങ്ങൾക്ക് (ഇവിടെ) രാപ്പാർക്കാനോ അത്താഴം കഴിക്കാനോ സാധ്യമല്ല. അവൻ തൻ്റെ ഭവനത്തിൽ പ്രവേശിക്കുമ്പോൾ വീട്ടിൽ കയറുന്ന വേളയിൽ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കിൽ പിശാച് പറയും: നിങ്ങൾക്ക് രാപ്പാർക്കാൻ സ്ഥലം ലഭിച്ചിരിക്കുന്നു. ഭക്ഷണത്തിൻ്റെ വേളയിൽ അവൻ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കിൽ പിശാച് പറയും: നിങ്ങൾക്ക് രാപ്പാർക്കാൻ ഇടവും, അത്താഴത്തിന് ഭക്ഷണവും ലഭിച്ചിരിക്കുന്നു."
മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

വീട്ടിൽ പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുവിനെ സ്മരിക്കണമെന്ന് നബി -ﷺ- കൽപ്പിക്കുന്നു. ഒരാൾ ഇപ്രകാരം 'ബിസ്മില്ലാഹ്' (അല്ലാഹുവിൻ്റെ നാമത്തിൽ) എന്ന് പറഞ്ഞു കൊണ്ട് വീട്ടിൽ പ്രവേശിക്കുന്ന വേളയിലും ഭക്ഷണം കഴിക്കാൻ തുടങ്ങുന്ന വേളയിലും അല്ലാഹുവിനെ സ്മരിച്ചാൽ പിശാച് തൻ്റെ കൂട്ടാളികളോട് പറയും: നിങ്ങൾക്ക് ഇവിടെ രാപ്പാർക്കാനുള്ള അവസരമോ അത്താഴം ഭക്ഷിക്കാനുള്ള വഴിയോ ഇല്ല. കാരണം ഈ വീടിൻ്റെ ഉടമസ്ഥൻ അല്ലാഹുവിനെ സ്മരിച്ചു കൊണ്ട് നിങ്ങളിൽ നിന്ന് അല്ലാഹുവിനോട് സംരക്ഷണം തേടിയിരിക്കുന്നു. എന്നാൽ ഒരാൾ തൻ്റെ ഭവനത്തിൽ പ്രവേശിക്കുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കിൽ പിശാച് തൻ്റെ കൂട്ടാളികളോട് പറയും: നിങ്ങൾക്ക് ഈ വീട്ടിൽ രാപ്പാർക്കാനുള്ള സ്ഥലവും, അത്താഴത്തിനുള്ള ഭക്ഷണവും ലഭിച്ചിരിക്കുന്നു.

Hadeeth benefits

  1. വീട്ടിൽ പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുവിനെ സ്മരിക്കുക എന്നത് സുന്നത്താണ്. വീട്ടിലുള്ളവർ അല്ലാഹുവിനെ സ്മരിക്കുന്നില്ലെങ്കിൽ പിശാച് അവിടെ രാപ്പാർക്കുകയും, അവരുടെ ഭക്ഷണത്തിൽ പങ്കുചേരുകയും ചെയ്യുന്നതാണ്.
  2. മനുഷ്യൻ്റെ പ്രവർത്തനങ്ങളും നീക്കങ്ങളും എല്ലാ ചലനങ്ങളും പിശാച് സൂക്ഷ്മമായി വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്; അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് മനുഷ്യൻ അശ്രദ്ധനായാൽ തൻ്റെ ഉദ്ദേശ്യം അവനിൽ നിന്ന് പിശാച് നേടിയെടുക്കും.
  3. അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ (ദിക്ർ) പിശാചിനെ അകറ്റുന്നതാണ്.
  4. തങ്ങളുടെ നേതാവിൻ്റെ വാക്കുകളിൽ സന്തോഷിക്കുകയും, അവൻ്റെ കൽപ്പനകൾ പിൻപറ്റുകയും ചെയ്യുന്ന അനുയായികളും സഹായികളും എല്ലാ പിശാചുക്കൾക്കും ഉണ്ടായിരിക്കും.