- തൗഹീദിൻ്റെയും (ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കൽ) വിശ്വാസത്തിൻ്റെയും മേന്മയിൽ കുറവുവരുത്തുന്ന കാര്യങ്ങളിൽ നിന്ന് ഇസ്‌ലാം നൽകിയ സംരക്ഷണത്തിൻ്റെ വേലിക്കെട്ടുകൾ നോക്കൂ!
- ബഹുദൈവാരാധനപരമായ മന്ത്രങ്ങളും, എല്ലാ തരത്തിലുള്ള ഉറുക്കുകളും, സ്നേഹം ജനിപ്പിക്കുന്ന കൈ വിഷങ്ങളും ഇസ്‌ലാം നിഷിദ്ധമാക്കിയിരിക്കുന്നു.
- ഹദീഥിൽ പരാമർശിക്കപ്പെട്ട മൂന്ന് കാര്യങ്ങൾ കാരണങ്ങളാണെന്ന് വിശ്വസിക്കൽ ബഹുദൈവാരാധനയുടെ ചെറിയ രൂപങ്ങളിൽ പെടുന്നതാണ്. കാരണം അല്ലാഹു നിശ്ചയിക്കാത്ത മാർഗം ഫലങ്ങൾ നൽകുമെന്ന വിശ്വാസം അതിലുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾ സ്വയം ഉപകാരോപദ്രവങ്ങൾ നൽകുമെന്ന് വിശ്വസിക്കുന്നത് ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന വിധത്തിലുള്ള വലിയ ശിർക്കിലാണ് ഉൾപ്പെടുക.
- ബഹുദൈവാരാധനപരമോ, നിഷിദ്ധമോ ആയ മാർഗങ്ങൾ സ്വീകരിക്കുന്നതിൽ നിന്നുള്ള താക്കീത്.
- മന്ത്രം നിഷിദ്ധമാണ്, അത് ശിർക്കിൽ പെട്ടതാണ്; ഇസ്‌ലാമിൽ അനുവദിക്കപ്പെട്ട മന്ത്രങ്ങളൊഴികെ.
- അല്ലാഹുവിൽ മാത്രമാണ് ഓരോ മുസ്‌ലിമും തൻ്റെ ഹൃദയം ബന്ധിപ്പിക്കേണ്ടത്. അവനിൽ നിന്ന് മാത്രമാണ് ഉപകാരോപദ്രവങ്ങൾ ഉണ്ടാകുന്നത്. അവന് യാതൊരു പങ്കുകാരനുമില്ല. അല്ലാഹുവല്ലാതെ നന്മകൾ നൽകുന്നവനോ, തിന്മകൾ തടുക്കുന്നവനോ ഇല്ല.
- ഇസ്‌ലാമിൽ അനുവദിക്കപ്പെട്ട മന്ത്രങ്ങൾ മൂന്ന് നിബന്ധനകൾ പാലിക്കപ്പെട്ടവ മാത്രമാണ്:
- 1- ഈ മന്ത്രങ്ങൾ അല്ലാഹു നിശ്ചയിച്ച കാരണം മാത്രമാണെന്നും, അവ അല്ലാഹുവിൻ്റെ അനുമതിയില്ലാതെ ഒരു ഉപകാരവും ചെയ്യില്ലെന്ന വിശ്വാസം മന്ത്രിക്കുന്നവന് ഉണ്ടായിരിക്കണം.
- 2- വിശുദ്ധ ഖുർആനിലെ ആയത്തുകൾ കൊണ്ടോ, അല്ലാഹുവിൻ്റെ നാമവിശേഷണങ്ങൾ കൊണ്ടോ, നബി ﷺ പഠിപ്പിച്ചതോ ഇസ്‌ലാം അനുവദിച്ചതോ ആയ ദിക്റുകൾ കൊണ്ടോ ഉള്ള മന്ത്രങ്ങൾ ആയിരിക്കണം.
- 3- മനസ്സിലാക്കാൻ സാധിക്കുന്ന ഭാഷയിലായിരിക്കണം; അവ്യക്തമായ ജപോഛാരണങ്ങളോ മന്ത്രവാദമോ കലർന്നവ പാടില്ല.