- ഈമാനിന് -ഇസ്‌ലാമിലുള്ള വിശ്വാസത്തിന്- ഹൃദയം കൊണ്ട് ആസ്വദിക്കാവുന്ന മധുരവും രുചിയുമുണ്ട്. ഭക്ഷണപാനീയങ്ങൾ നാവു കൊണ്ടാണ് രുചിക്കാറുള്ളതെങ്കിൽ ഇത് ഹൃദയം കൊണ്ടാണ് രുചിക്കുന്നത് എന്ന് മാത്രം.
- ഭക്ഷണത്തിൻ്റെയും പാനീയത്തിൻ്റെയും രുചി ശരീരത്തിന് ആരോഗ്യമുള്ളപ്പോൾ മാത്രമേ ആസ്വദിക്കാൻ കഴിയാറുള്ളൂ എന്നത് പോലെ, ഹൃദയം വഴിപിഴക്കുന്ന ബിദ്അത്തുകളുടെയും നിഷിദ്ധമായ ദേഹേഛകളുടെയും രോഗങ്ങളിൽ നിന്ന് ശുദ്ധമായാൽ മാത്രമേ ഈമാനിൻ്റെ രുചി ആസ്വദിക്കാൻ സാധിക്കുകയുള്ളൂ. ഹൃദയം രോഗാതുരമായാൽ ഈമാനിൻ്റെ മധുരം ആസ്വദിക്കുക സാധ്യമല്ല. ചിലപ്പോഴെല്ലാം അവൻ്റെ നാശത്തിന് കാരണമാകുന്ന തിന്മകളും ബിദ്അത്തുകളുമായിരിക്കും -ഹൃദയം രോഗാതുരമായാൽ- അവന് രുചികരമായി അനുഭവപ്പെട്ടേക്കുക.
- ഒരാൾക്ക് എന്തെങ്കിലും കാര്യം തൃപ്തിയുള്ളതാവുകയും, അതാണ് നല്ലത് എന്ന് അവൻ വിശ്വസിക്കുകയും ചെയ്താൽ പിന്നീടുള്ള കാര്യം ഏറെ എളുപ്പമാണ്. അവൻ തൃപ്തിപ്പെട്ട ആ കാര്യത്തിൽ യാതൊരു പ്രയാസവും പിന്നീട് അവന് അനുഭവപ്പെടുകയില്ല. അതിലുള്ള എല്ലാം അവന് സന്തോഷമേകുന്നതായിരിക്കും. അതിൻ്റെ സന്തോഷം അവൻ്റെ ഹൃദയത്തിൽ ഇണപിരിഞ്ഞു ചേരുകയും ചെയ്തിരിക്കും.
- ഇതു പോലെയാണ് വിശ്വാസം ഹൃദയത്തിലേക്ക് പ്രവേശിച്ച മുഅ്മിനിൻ്റെ കാര്യവും. അല്ലാഹുവിനെ അനുസരിക്കുക എന്നത് അവന് ഏറെ ലളിതമാവുകയും, അതിൽ അവൻ്റെ മനസ്സ് ആസ്വാദനം കണ്ടെത്തുകയും ചെയ്യും. ആ മാർഗത്തിൽ നേരിടേണ്ട പ്രയാസങ്ങളിൽ അവന് യാതൊരു ക്ലേശവും ഉണ്ടാവുകയുമില്ല.
- ഇബ്നുൽ ഖയ്യിം (റഹി) പറയുന്നു: "അല്ലാഹുവാണ് എൻ്റെ രക്ഷിതാവ് എന്നതിലും അവൻ മാത്രമാണ് ആരാധനക്ക് അർഹനായുള്ളത് എന്നതിലുമുള്ള പരിപൂർണ്ണ തൃപ്തിയും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണ് എന്നതിലും അവിടുത്തേക്ക് കീഴൊതുങ്ങുന്നതിലുമുള്ള തൃപ്തിയും, അല്ലാഹുവിൻ്റെ ദീനിലും അതിന് സമർപ്പിക്കുന്നതിലുമുള്ള തൃപ്തിയും ഈ ഹദീഥിൻ്റെ പാഠങ്ങളിൽ പെട്ടതാണ്."