- മുസ്‌ലിമായ ഒരാൾ നടത്തുന്ന പ്രാർത്ഥന ഒരിക്കലും തള്ളപ്പെടുന്നതല്ല; എന്നാൽ ഏതു പ്രാർത്ഥനകളിലും പാലിക്കപ്പെടേണ്ട നിബന്ധനകളും മര്യാദകളുമുണ്ട് എന്ന കാര്യം വിസ്മരിച്ചു കൂടാ. അതിനാൽ ഓരോ മുഅ്മിനും തൻ്റെ പ്രാർത്ഥനകൾ അധികരിപ്പിക്കട്ടെ; 'പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നില്ല' എന്ന് ആവലാതി പറഞ്ഞു കൊണ്ട് അവൻ ധൃതികൂട്ടാതിരിക്കട്ടെ.
- പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുക എന്നാൽ ചോദിച്ച കാര്യം നൽകപ്പെടുക എന്ന് മാത്രമല്ല അർത്ഥം. ചിലപ്പോൾ അവൻ്റെ പ്രാർത്ഥന കാരണത്താൽ അവൻ്റെ പാപങ്ങൾ പൊറുത്തു നൽകപ്പെടുകയോ, അവന് പരലോകത്തേക്ക് പുണ്യമായി അത് രേഖപ്പെടുത്തപ്പെടുകയോ ചെയ്തേക്കാം.
- ശൈഖ് ഇബ്നു ബാസ് (رحمه الله) പറയുന്നു: "നിരന്തരമായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവിനെ കുറിച്ച് നല്ലത് വിചാരിക്കുകയും, നിരാശയടയാതിരിക്കുകയും ചെയ്യുക എന്നത് പ്രാർത്ഥന സ്വീകരിക്കപ്പെടാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്. അതിനാൽ ഓരോരുത്തരും തൻ്റെ പ്രാർത്ഥന നിരന്തരമായി നിലനിർത്തുകയും, അല്ലാഹുവിനെ കുറിച്ചുള്ള തൻ്റെ വിചാരവും പ്രതീക്ഷയും നന്നാക്കുകയും ചെയ്യട്ടെ. അല്ലാഹു ഏറ്റവും യുക്തിയുള്ളവനായ ഹകീമും, എല്ലാം അറിയുന്നവനായ അലീമുമാണ് എന്ന് അവൻ മനസ്സിലാക്കട്ടെ. ചിലപ്പോൾ അവൻ്റെ തേട്ടങ്ങൾക്ക് ഉടനെ ഉത്തരം നൽകപ്പെട്ടേക്കാം; അതിന് പിന്നിൽ അല്ലാഹുവിന് ഒരു യുക്തിയുണ്ടായിരിക്കും. മറ്റു ചിലപ്പോൾ അവൻ്റെ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുന്നത് വൈകിയേക്കാം; അതിലും അവന് മഹത്തരമായ യുക്തിയുണ്ട്. ചിലപ്പോൾ ചോദിച്ചതിനേക്കാൾ നല്ലത് അല്ലാഹു അവന് നൽകുകയും ചെയ്തേക്കാം."