- ഇസ്‌ലാമിക മതവിധികളിലെ എളുപ്പവും ലാളിത്യവും, അതിരുകവിച്ചിലിൻ്റെയും അലസതയുടെയും ഇടയിലുള്ള അതിൻ്റെ മദ്ധ്യമസ്ഥാനവും.
- ഓരോ വ്യക്തിയും അവന് സാധ്യമായത്രയാണ് കൽപ്പനകൾ നിറവേറ്റേണ്ടത്; അതിൽ അലസതയോ അതിർകവിച്ചിലോ പാടില്ല.
- ഉന്മേഷം നിറഞ്ഞ സമയങ്ങളാണ് ആരാധനകൾക്ക് തിരഞ്ഞെടുക്കേണ്ടത്. ഹദീഥിൽ പരാമർശിക്കപ്പെട്ട മൂന്ന് സന്ദർഭങ്ങൾ പ്രത്യേകിച്ചും; ശരീരം ആരാധനകൾക്ക് ഏറ്റവുമധികം ഉന്മേഷം കാണിക്കുന്ന സന്ദർഭങ്ങളാണവ.
- ഇബ്നു ഹജർ അസ്ഖലാനി (റഹി) പറയുന്നു: "ഒരു ലക്ഷ്യത്തിലേക്ക് യാത്രപോകുന്ന ഒരു യാത്രികനോട് സംസാരിക്കുന്നത് പോലെയാണ് നബി -ﷺ- ഈ ഹദീഥിൽ സംസാരിച്ചിരിക്കുന്നത്. യാത്രികന് ഏറ്റവും സുഖകരമായ സന്ദർഭങ്ങളാണ് ഹദീഥിൽ പരാമർശിക്കപ്പെട്ട മൂന്ന് സമയങ്ങൾ. യാത്രക്കാരൻ രാത്രിയും പകലും മുഴുവനായി യാത്രയിലായാൽ അവന് യാത്ര പ്രയാസകരമാവുകയും, അത് തുടരുന്നത് അസാധ്യമായി യാത്ര നിലക്കുകയും ചെയ്യും. എന്നാൽ ഹദീഥിൽ പരാമർശിക്കപ്പെട്ട, ഉന്മേഷമേകുന്ന ഈ മൂന്ന് സന്ദർഭങ്ങൾ ശ്രദ്ധിക്കുകയും, അവ പ്രയോജനപ്പെടുത്തുകയും ചെയ്താൽ അവന് തൻ്റെ യാത്ര പ്രയാസമില്ലാതെ തുടരാനും നിലനിർത്താനും സാധിക്കും."
- ഇബ്നു ഹജർ (റഹി) പറയുന്നു: "ഇസ്‌ലാമികമായ ഇളവുകൾ സ്വീകരിക്കാനുള്ള സൂചന ഈ ഹദീഥിലുണ്ട്. അല്ലാഹു ഇളവ് നൽകിയ സന്ദർഭങ്ങളിൽ അവ സ്വീകരിക്കാതെ പൂർണ്ണമായ പ്രവർത്തനം മാത്രമേ ചെയ്യൂ എന്ന നിർബന്ധബുദ്ധി സ്വീകരിക്കുന്നത് അതിരുകവിച്ചിലാണ്. വെള്ളം ഉപയോഗിക്കാൻ സാധ്യമല്ലാത്ത സന്ദർഭത്തിൽ (മണ്ണു കൊണ്ട് ശുദ്ധീകരിക്കുക എന്ന) തയമ്മുമിൻ്റെ രീതി ഉപേക്ഷിക്കുകയും, അത് മൂലം പ്രയാസം വരുത്തി വെക്കുകയും ചെയ്യുന്നത് ഈ പറഞ്ഞ തെറ്റായ രീതിക്ക് ഒരു ഉദാഹരണമാണ്."
- ഇബ്നുൽ മുനയ്യിർ (റഹി) പറയുന്നു: "നബി -ﷺ- യുടെ പ്രവാചകത്വത്തിൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന ഒരു തെളിവ് ഈ ഹദീഥിലുണ്ട്.
- ദീനിൻ്റെ കാര്യത്തിൽ അനാവശ്യമായ കടുംപിടുത്തം സ്വീകരിക്കുന്നവർ ദീനിൻ്റെ മാർഗത്തിൽ നിന്ന് തന്നെ തെറ്റിത്തെറിച്ചു പോകുന്നത് നമുക്കും നമുക്കു മുൻപ് ധാരാളം ആളുകൾക്കും നേരിട്ടു ബോധ്യമായിട്ടുണ്ട്. എന്നാൽ ഈ പറഞ്ഞതിൻ്റെ അർത്ഥം ആരാധനകളിൽ പരിപൂർണ്ണത കണ്ടെത്താൻ ശ്രമിക്കുന്നത് പാടില്ലെന്നല്ല; അത് നന്മ തന്നെയാണ്. എന്നാൽ മടുപ്പുണ്ടാകുന്നതിലേക്ക് എത്തിക്കുന്ന വിധത്തിലുള്ള അതിർകവിച്ചിലും, ഏറ്റവും ശ്രേഷ്ഠമായത് ഉപേക്ഷിക്കുന്ന വിധത്തിൽ സുന്നത്തുകളിൽ അതിപരിശ്രമം നടത്തുന്നതുമെല്ലാമാണ് ഉപേക്ഷിക്കേണ്ടതായുള്ളത്. രാത്രി മുഴുവൻ ഖിയാമുല്ലൈൽ നിസ്കരിച്ചതിനാൽ സുബ്ഹ് നിസ്കാരം ജമാഅത്തായി നിർവ്വഹിക്കാൻ കഴിയാതെ പോവുകയോ, സൂര്യൻ ഉദിക്കുന്നത് വരെ ഉറങ്ങിപ്പോവുകയോ ചെയ്യുന്ന ഒരാളുടെ അവസ്ഥ ഈ പറഞ്ഞതിന് ഉദാഹരണമാണ്."