- തനിക്കുവേണ്ടി ഇഷ്ടപ്പെടുന്ന കാര്യം തൻ്റെ സഹോദരനും ലഭിക്കണമെന്ന ആഗ്രഹം നിർബന്ധമായും ഉണ്ടാവണം. കാരണം, പ്രസ്തുത സ്വഭാവമില്ലാത്തവൻ വിശ്വാസിയാവുകയില്ല എന്ന നബി -ﷺ- യുടെ പ്രയോഗം അത് നിർബന്ധമാണ് എന്നറിയിക്കുന്നുണ്ട്.
- അല്ലാഹുവിൻ്റെ മാർഗത്തിലുള്ള സാഹോദര്യം രക്തബന്ധത്തിലൂടെയുള്ള സാഹോദര്യത്തേക്കാൾ വലുതാണ്. വിശ്വാസപരമായ ബന്ധത്തിലുള്ള ബാധ്യതകൾ കുടുംബബന്ധത്തിലെ ബാധ്യതകളേക്കാൾ ഗൗരവപ്പെട്ടതുമാണ്.
- ഹദീഥിൽ പഠിപ്പിക്കപ്പെട്ട സ്നേഹബന്ധത്തിന് വിരുദ്ധമാകുന്ന എല്ലാ വാക്കുകളും പ്രവർത്തികളും നിഷിദ്ധമാണ്; വഞ്ചനയും പരദൂഷണവും അസൂയയും മുസ്‌ലിം സഹോദരൻ്റെ ശരീരത്തിനോ സമ്പത്തിനോ അഭിമാനത്തിനോ മേൽ ശത്രുത വെക്കുന്നതുമെല്ലാം നിഷിദ്ധം തന്നെ.
- നന്മ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള വാക്കുകൾ സംസാരത്തിൽ പ്രയോഗിക്കുന്നതിന് ഉദാഹരണമാണ് 'തൻ്റെ സഹോദരന് വേണ്ടി ആഗ്രഹിക്കുക' എന്ന നബി -ﷺ- യുടെ പ്രയോഗം.
- കിർമാനീ (റഹി) പറയുന്നു: "തൻ്റെ സ്വന്തത്തിന് വെറുക്കുന്ന തിന്മകളും ഉപദ്രവങ്ങളും തൻ്റെ സഹോദരന് സംഭവിക്കുന്നതിലും വെറുപ്പുണ്ടാകുക എന്നതും ഈമാനിൻ്റെ ഭാഗം തന്നെ. ഒരു കാര്യം സ്നേഹിക്കണമെന്ന് പറഞ്ഞാൽ അതിൻ്റെ നേർവിപരീതം വെറുക്കണമെന്ന് മനസ്സിലാക്കാം എന്നതിനാൽ നബി -ﷺ- അത് പ്രത്യേകം എടുത്തു പറഞ്ഞില്ല എന്നു മാത്രം."