- നിസ്കാരം മസ്ജിദുകളിൽ വെച്ച് തന്നെ നിർവ്വഹിക്കേണ്ടതിൻ്റെ പ്രാധാന്യം. നിസ്കാരങ്ങളുടെ കാര്യം ഗൗരവത്തിൽ ശ്രദ്ധിക്കുക. മറ്റുള്ള കാര്യങ്ങളിൽ മുഴുകി നിസ്കാരത്തിന്റെ കാര്യത്തിൽ അലംഭാവം പുലർത്തുന്നത് ഉപേക്ഷിക്കുക.
- ചോദ്യ രൂപത്തിൽ നബി -ﷺ- സ്വഹാബികളുടെ മുൻപിൽ വിഷയം അവതരിപ്പിച്ചതും അതിലൂടെ സ്വഹാബികളുടെ മനസ്സിൽ ചോദ്യത്തിൽ പറഞ്ഞ പ്രതിഫലത്തിനോട് ആഗ്രഹം ജനിപ്പിച്ചതും നബി -ﷺ- യുടെ മനോഹരമായ ശൈലിയുടെ തെളിവാണ്. അദ്ധ്യാപനത്തിൻ്റെ വ്യത്യസ്ത രൂപങ്ങളിലൊന്നാണ് ഇത്.
- ചോദ്യോത്തര രൂപത്തിൽ വിഷയങ്ങൾ പഠിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നതിൻ്റെ ഉപകാരം; അതിലൂടെ പഠിപ്പിക്കപ്പെടുന്ന കാര്യം കൂടുതൽ മനസ്സിൽ പതിയുമെന്നതാണ്. ആദ്യം കാര്യം അവ്യക്തമാക്കപ്പെടുകയും പിന്നീട് അതിന് വിശദീകരണം നൽകപ്പെടുകയും ചെയ്യുന്നത് ആശയം മനസ്സിൽ ഉറപ്പിക്കും.
- നവവി (റഹിമഹുല്ലാഹ്) പറയുന്നു: "അതാകുന്നു രിബാത്വ് എന്ന നബി -ﷺ- യുടെ വാക്കിൻ്റെ അർത്ഥം ഈ രിബാത്വാകുന്നു പ്രതിഫലം പ്രതീക്ഷിക്കപ്പേടേണ്ട രിബാത്വ് എന്നാകുന്നു. ഈ പദത്തിൻ്റെ അടിസ്ഥാനപരമായ അർത്ഥം എന്തെങ്കിലുമൊരു കാര്യം തടഞ്ഞു വെക്കുക എന്നതാണ്. ഹദീഥിൽ പറയപ്പെട്ട നന്മയിൽ സ്വന്തത്തെ പിടിച്ചു വെക്കുക എന്നതാണല്ലോ ഒരർത്ഥത്തിൽ ഇവിടെ സംഭവിക്കുന്നത്.
- മറ്റൊരു വിശദീകരണം കൂടി ഈ ഹദീഥിന് പറയപ്പെട്ടിട്ടുണ്ട്; ഇതാണ് ഏറ്റവും ശ്രേഷ്ഠമായ രിബാത്വ് എന്ന വിശദീകരണമാണത്. ഈ വിശദീകരണപ്രകാരം സ്വന്തം ഇഛകളോടും ആഗ്രഹങ്ങളോടുമുള്ള യുദ്ധമാണ് ഏറ്റവും ശ്രേഷ്ഠമായ യുദ്ധം എന്നു പറയപ്പെട്ട അതേ അർത്ഥം തന്നെ ഇവിടെയും പരിഗണിക്കാം.
- എളുപ്പമുള്ളതും സാധ്യമായതുമായ രിബാത്വ് ഈ പറഞ്ഞതാണ് എന്ന അർത്ഥവും ഈ വാചകത്തിന് നൽകാൻ സാധിക്കും. അതായത്, രിബാത്വുകളുടെ കൂട്ടത്തിൽ പെട്ടതാണ് ഈ പ്രവർത്തികളും എന്നർത്ഥം."
- അതിർത്തി സംരക്ഷണം എന്ന അർത്ഥം നൽകാവുന്ന രിബാത്വ് എന്ന പദം ഈ ഹദീഥിൽ ആവർത്തിക്കപ്പെടുകയും, 'അലിഫ് ലാം' ചേർത്തു കൊണ്ട് പ്രയോഗിച്ചതിനാൽ പ്രത്യേക ശ്രദ്ധ നൽകപ്പെടുകയും ചെയ്തിരിക്കുന്നു. ഇതെല്ലാം ഹദീഥിൽ പറയപ്പെട്ട പ്രവർത്തനങ്ങളുടെ ശ്രേഷ്ഠതയും മഹത്വമേറിയ സ്ഥാനവും എടുത്തു കാട്ടുന്നതിന് വേണ്ടിയാണ്.