/ “നിങ്ങൾ മുഅ്മിനീങ്ങളാകുന്നത് വരെ നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്നേഹിക്കുന്നത് വരെ നിങ്ങൾ മുഅ്മിനുകളുമാകില്ല. നിങ്ങൾക്ക് ഞാൻ ഒരു പ്രവർത്തനം അറിയിച്ചു തരട്ടെയോ; അത് ചെയ്താൽ നിങ്ങൾ പരസ്പരം സ്നേഹിക്കും. നിങ്ങൾക്കിടയിൽ സലാ...

“നിങ്ങൾ മുഅ്മിനീങ്ങളാകുന്നത് വരെ നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്നേഹിക്കുന്നത് വരെ നിങ്ങൾ മുഅ്മിനുകളുമാകില്ല. നിങ്ങൾക്ക് ഞാൻ ഒരു പ്രവർത്തനം അറിയിച്ചു തരട്ടെയോ; അത് ചെയ്താൽ നിങ്ങൾ പരസ്പരം സ്നേഹിക്കും. നിങ്ങൾക്കിടയിൽ സലാ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: “നിങ്ങൾ മുഅ്മിനീങ്ങളാകുന്നത് വരെ നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്നേഹിക്കുന്നത് വരെ നിങ്ങൾ മുഅ്മിനുകളുമാകില്ല. നിങ്ങൾക്ക് ഞാൻ ഒരു പ്രവർത്തനം അറിയിച്ചു തരട്ടെയോ; അത് ചെയ്താൽ നിങ്ങൾ പരസ്പരം സ്നേഹിക്കും. നിങ്ങൾക്കിടയിൽ സലാം വർദ്ധിപ്പിക്കുക.”
മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

അല്ലാഹുവിലും അവൻ്റെ ദൂതനിലും പരലോകത്തിലുമെല്ലാം വിശ്വസിച്ചവർ മാത്രമേ സ്വർഗത്തിൽ പ്രവേശിക്കുകയുള്ളൂ എന്ന് നബി -ﷺ- വ്യക്തമാക്കുന്നു. ഒരാളുടെ ഈമാൻ പൂർണ്ണമാവുകയും, മുസ്‌ലിം സമൂഹത്തിൻ്റെ കെട്ടുറപ്പ് നന്നാവുകയും ചെയ്യണമെങ്കിൽ അവർക്കിടയിൽ പരസ്പര സ്നേഹം ഉണ്ടായിരിക്കണം എന്നും അവിടുന്ന് അറിയിക്കുന്നു. ജനങ്ങൾക്കിടയിൽ സ്നേഹം വ്യാപിപ്പിക്കാൻ സഹായിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ ഒരു പ്രവർത്തിയെ കുറിച്ചാണ് ശേഷം നബി -ﷺ- അറിയിക്കുന്നത്. മുസ്‌ലിംകൾക്കിടയിൽ പരസ്പരം സലാം പറയുക എന്നത് വ്യാപിപ്പിക്കണമെന്നാണ് അതിനായി അവിടുന്ന് കൽപ്പിച്ചത്. അല്ലാഹു തൻ്റെ ദാസന്മാർക്കിടയിൽ നിശ്ചയിച്ച അഭിവാദനരൂപമാണ് സലാം.

Hadeeth benefits

  1. സ്വർഗ്ഗ പ്രവേശനം ഈമാൻ (അല്ലാഹുവിലും അവൻ്റെ ദൂതനിലും അന്ത്യനാളിലുമുള്ള വിശ്വാസം) കൊണ്ടല്ലാതെ സാധ്യമല്ല.
  2. ഒരാൾ തൻ്റെ സ്വന്തത്തിന് ഇഷ്ടപ്പെടുന്ന കാര്യം തൻ്റെ സഹോദരനായ മുസ്‌ലിമിനും ഇഷ്ടപ്പെടുക എന്നത് വിശ്വാസത്തിൻ്റെ പൂർണ്ണതയിൽ പെട്ടതാണ്.
  3. സലാം വ്യാപിപ്പിക്കുകയും മുസ്‌ലിംകളോട് അത് പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുക എന്നത് സുന്നത്താണ്; അതിൽ ജനങ്ങൾക്കിടയിൽ സ്നേഹവും നിർഭയത്വവും വ്യാപിപ്പിക്കലുണ്ട്.
  4. മുസ്‌ലിമിനോടല്ലാതെ സലാം പറയരുത്. നബി -ﷺ- 'നിങ്ങൾക്കിടയിൽ സലാം വ്യാപിക്കുക' എന്ന് പറഞ്ഞതിലെ "നിങ്ങൾ" മുസ്‌ലിംകളാണ്.
  5. സലാം പറയുന്നതിലൂടെ അകൽച്ചകൾ നീക്കാനും മുറിഞ്ഞ ബന്ധങ്ങൾ ഇണക്കി ചേർക്കാനും വിദ്വേഷങ്ങൾ ഇല്ലാതാക്കാനും സാധിക്കും.
  6. മുസ്‌ലിംകൾക്കിടയിൽ പരസ്പരം സ്നേഹമുണ്ടാകേണ്ടതിൻ്റെ പ്രാധാന്യവും, അത് വിശ്വാസത്തിൻ്റെ പൂർണ്ണതയിൽ പെട്ടതാണെന്ന പാഠവും.
  7. സലാമിൻ്റെ പൂർണ്ണരൂപം മറ്റു ചില ഹദീഥുകളിൽ വന്നിട്ടുണ്ട്. 'അസ്സലാമു അലൈക്കും വറഹ്മതുല്ലാഹി വ ബറകാതുഹു' (അല്ലാഹുവിൽ നിന്നുള്ള രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും താങ്കൾക്ക് മേൽ ഉണ്ടാകട്ടെ) എന്നാണത്. 'അസ്സലാമു അലൈക്കും' എന്നെങ്കിലും പറഞ്ഞാൽ സലാമിൻ്റെ ഏറ്റവും ചുരുങ്ങിയ രൂപമായി.