/ ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നു എങ്കിൽ അവൻ നല്ലത് പറയട്ടെ, അല്ലെങ്കിൽ നിശബ്ദത പാലിക്കട്ടെ...

ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നു എങ്കിൽ അവൻ നല്ലത് പറയട്ടെ, അല്ലെങ്കിൽ നിശബ്ദത പാലിക്കട്ടെ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നു എങ്കിൽ അവൻ നല്ലത് പറയട്ടെ, അല്ലെങ്കിൽ നിശബ്ദത പാലിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നു എങ്കിൽ അവൻ തൻ്റെ അയൽവാസിയെ ആദരിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നു എങ്കിൽ അവൻ തൻ്റെ അതിഥിയെ ആദരിക്കട്ടെ."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും, അല്ലാഹുവിലേക്ക് മടങ്ങിപ്പോകാനിരിക്കുന്നു എന്നും തൻ്റെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകപ്പെടാനിരിക്കുന്നു എന്നും പ്രതീക്ഷിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസം താഴെ പറയുന്ന പ്രവർത്തനങ്ങളിലേക്ക് അവരെ നയിക്കുന്നതാണ്: ഒന്ന്: നല്ലത് സംസാരിക്കൽ. തസ്ബീഹും (സുബ്ഹാനല്ലാഹ്) തഹ്ലീലും (ലാ ഇലാഹ ഇല്ലല്ലാഹ്), നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും, ജനങ്ങൾക്കിടയിൽ നന്മയുണ്ടാക്കലും അതിൽ പെട്ടതാണ്. ഇതിന് അവന് സാധിച്ചില്ലെങ്കിൽ അവൻ മിണ്ടാതിരിക്കുകയും, തന്നിൽ നിന്ന് ഒരു ഉപദ്രവവും സംഭവിക്കാതെ സ്വന്തത്തെ പിടിച്ചു വെക്കുകയും, തൻ്റെ നാവിനെ സൂക്ഷിക്കുകയും ചെയ്യട്ടെ. രണ്ട്: അയൽവാസിയെ ആദരിക്കൽ. അയാൾക്ക് നന്മ ചെയ്തു കൊണ്ടും, അയാളെ ഉപദ്രവിക്കാതെയുമാണ് ഇക്കാര്യം ചെയ്യേണ്ടത്. മൂന്ന്: നിന്നെ സന്ദർശിക്കുക എന്ന ഉദ്ദേശ്യത്തോടെ വന്നെത്തിയ അതിഥിയെ ആദരിക്കൽ. നല്ല വാക്കുകൾ പറഞ്ഞു കൊണ്ടും ഭക്ഷണം നൽകിക്കൊണ്ടും മറ്റുമെല്ലാമാണ് ഇത് ചെയ്യേണ്ടത്.

Hadeeth benefits

  1. അല്ലാഹുവിലും അന്ത്യനാളിലുമുള്ള വിശ്വാസമാണ് എല്ലാ നന്മകളിലേക്കും നയിക്കുന്നതും, എല്ലാ നല്ല കാര്യങ്ങളിലേക്കും പ്രേരണ നൽകുന്നതും.
  2. നാവിൻ്റെ അപകടങ്ങളിൽ നിന്നുള്ള താക്കീത്.
  3. ഇസ്‌ലാം മതം സ്നേഹവും ആദരവും പഠിപ്പിച്ച മതമാണ്.
  4. ഈ ഹദീഥിൽ പറയപ്പെട്ട ഗുണങ്ങളെല്ലാം ഈമാനിൻ്റെ ശാഖകളിൽ പെട്ടതും, മനോഹരമായ മര്യാദകളിൽ എണ്ണപ്പെടുന്ന കാര്യങ്ങളുമാണ്.
  5. അധികമായുള്ള സംസാരം മതപരമായി വെറുക്കപ്പെട്ടതോ നിഷിദ്ധമായതോ ആയ പ്രവർത്തികളിലേക്ക് നയിക്കും. അതിനാൽ നന്മയല്ലെങ്കിൽ സംസാരിക്കാതിരിക്കുക എന്നതാണ് ഉത്തമവും സുരക്ഷിതവും.