- ഇബ്നു ദഖീഖ് അൽഈദ് (رحمه الله) പറയുന്നു: "മഹത്തരമായ ഒരു ഹദീഥാണിത്. വിവിധങ്ങളായ വിജ്ഞാനീയങ്ങളും അടിത്തറകളും മര്യാദകളും ഈ ഹദീഥിൽ ഒരുമിച്ചിരിക്കുന്നു. മുസ്‌ലിംകളുടെ ആവശ്യങ്ങൾ നിറവേറ്റി നൽകുന്നതിൻ്റെയും അവരെ സാധ്യമായ വിധത്തിൽ സഹായിക്കുന്നതിൻ്റെയും ശ്രേഷ്ഠത ഈ ഹദീഥിലുണ്ട്. അത് വൈജ്ഞാനികമോ സാമ്പത്തികമോ ആയ സഹായമോ, ഒരു കൈത്താങ്ങോ, പ്രയോജനകരമായ ഒരു വഴി ചൂണ്ടിക്കാണിച്ചു നൽകലോ ഒന്നു ഗുണദോഷിക്കലോ ആകാം."
- പ്രയാസമനുഭവിക്കുന്നവർക്ക് എളുപ്പം നൽകുന്നതിനുള്ള പ്രോത്സാഹനം.
- മുസ്‌ലിമായ ഒരു സഹോദരനെ സഹായിക്കുന്നതിനുള്ള പ്രോത്സാഹനം. തൻ്റെ സഹോദരനെ എങ്ങനെ സഹായിക്കുന്നുവോ, അതു പോലെയായിരിക്കും അല്ലാഹുവിൻ്റെ സഹായം അവന് ലഭിക്കുക.
- ഒരു മുസ്‌ലിമിൻ്റെ ന്യൂനതകൾ മറച്ചു വെക്കുക എന്നതിൻ്റെ ഭാഗമാണ് അവൻ്റെ ന്യൂനതകൾ അന്വേഷിച്ചു പോകാതിരിക്കുക എന്നത്. സലഫുകളിൽ ചിലർ പറഞ്ഞതായി കാണാം: ഒരു ന്യൂനതയും പറയപ്പെടാനില്ലാത്ത ചിലരെ ഞാൻ കണ്ടിട്ടുണ്ട്; എന്നാൽ അവർ ജനങ്ങളുടെ ന്യൂനതകൾ പറയാൻ ആരംഭിച്ചതോടെ അവരെ കുറിച്ച് ജനങ്ങളും ന്യൂനതകൾ പറയാൻ തുടങ്ങി. എന്നാൽ പറയപ്പെടാൻ ന്യൂനതകൾ പലതുമുണ്ടായിരുന്ന ചിലരെയും ഞാൻ കണ്ടിട്ടുണ്ട്; എന്നാൽ അവർ ജനങ്ങളുടെ ന്യൂനതകൾ പറയാതെ മാറിനിന്നപ്പോൾ അവരുടെ ന്യൂനതകൾ വിസ്മരിക്കപ്പെട്ടു."
- ജനങ്ങളുടെ തിന്മകൾ മറച്ചു പിടിക്കുക എന്നതിൻ്റെ അർത്ഥം തിന്മ എതിർക്കുന്നതും തിരുത്തുന്നതും ഉപേക്ഷിക്കണമെന്നല്ല. മറിച്ച്, തിന്മകൾ തിരുത്തുകയും അതോടൊപ്പം മറച്ചു പിടിക്കുകയുമാണ് വേണ്ടത്. ജനങ്ങൾക്കിടയിൽ തോന്നിവാസത്തിലും തിന്മകളിൽ മുഴുകുന്നതിലും അറിയപ്പെടാത്തവരുടെ കാര്യത്തിലാണ് ഈ പറഞ്ഞത് ബാധകമാവുക.
- എന്നാൽ ധിക്കാരവും തിന്മയും പ്രവർത്തിക്കുന്നവരാണെന്ന് അറിയപ്പെട്ട കൂട്ടരുടെ കാര്യം അതല്ല. അവരുടെ തിന്മകൾ മറച്ചു വെക്കുന്നത് പുണ്യകരമല്ല. മറിച്ച്, അക്കാര്യം ഭരണാധികാരികളുടെയും മറ്റും ശ്രദ്ധയിൽ പെടുത്തുക എന്നതാണ് വേണ്ടത്; അതു കൊണ്ട് കൂടുതൽ പ്രശ്നങ്ങളൊന്നും ഉണ്ടാകാനിടയില്ലെങ്കിൽ അപ്രകാരം ചെയ്യണം.
- തിന്മകളിൽ തുടർന്നു കൊണ്ടേയിരിക്കുന്നവൻ്റെ തെറ്റുകളെ മറച്ചു വെക്കുന്നത് അവൻ അതിൽ വീണ്ടും ആഴത്തിൽ മുഴുകാനാണ് കാരണമാവുക. ജനങ്ങളെ കൂടുതൽ ഉപദ്രവിക്കാൻ അവന് ധൈര്യം പകരുകയും, മറ്റുള്ളവർക്കും ഇതേ പോലെ അതിക്രമത്തിൻ്റെ വഴിയിലേക്ക് പ്രവേശിക്കാൻ പ്രേരണ നൽകുകയുമാണ് അത് കൊണ്ട് സംഭവിക്കുക.
- ഇസ്‌ലാമിക വിജ്ഞാനം പഠിക്കാനും വിശുദ്ധ ഖുർആൻ പാരായണം ചെയ്യാനും പഠനവിധേയമാക്കാനുമുള്ള പ്രോത്സാഹനം.
- നവവി (رحمه الله) പറയുന്നു: "വിശുദ്ധ ഖുർആൻ പാരായണത്തിനായി മസ്ജിദുകളിൽ ഒത്തുകൂടുന്നതിൻ്റെ ശ്രേഷ്ഠത ഈ ഹദീഥ് ബോധ്യപ്പെടുത്തുന്നു... മദ്റസകളിലും മറ്റുമെല്ലാം ഇതേ ലക്ഷ്യത്തോടെ ഒത്തുകൂടുന്നതും മസ്ജിദുകളുടെ ഈ പദവിയിൽ ചേർക്കപ്പെടാവുന്നതാണ്. ഇൻശാ അല്ലാഹ്."
- പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് അല്ലാഹു പ്രതിഫലം നിശ്ചയിച്ചിട്ടുള്ളത്; അല്ലാതെ തറവാടിൻ്റെയും കുലമഹിമയുടെയും അടിസ്ഥാനത്തിലല്ല.