/ സൂര്യൻ ഉദിച്ചുയരുന്ന എല്ലാ ദിവസങ്ങളിലും ജനങ്ങളുടെ ഓരോ സന്ധികളുടെ മേലും ദാനം ബാധ്യതയുണ്ട്...

സൂര്യൻ ഉദിച്ചുയരുന്ന എല്ലാ ദിവസങ്ങളിലും ജനങ്ങളുടെ ഓരോ സന്ധികളുടെ മേലും ദാനം ബാധ്യതയുണ്ട്...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "സൂര്യൻ ഉദിച്ചുയരുന്ന എല്ലാ ദിവസങ്ങളിലും ജനങ്ങളുടെ ഓരോ സന്ധികളുടെ മേലും ദാനം ബാധ്യതയുണ്ട്. രണ്ട് പേർക്കിടയിൽ നീതിപൂർവ്വം വിധി കൽപ്പിക്കുന്നത് ദാനമാണ്. ഒരാളെ അയാളുടെ വാഹനപ്പുറത്ത് കയറാൻ സഹായിക്കുന്നതും, അയാളെ അതിന് മുകളിലേക്ക് ഉയർത്തുന്നതും, അയാളുടെ ചുമടുകൾ വാഹനത്തിന് മേൽ എടുത്തു വെച്ചു കൊടുക്കുന്നതും ദാനമാണ്. നല്ല വാക്ക് ദാനമാണ്. നിസ്കാരത്തിലേക്ക് നടക്കുന്ന ഓരോ കാൽവെപ്പുകളും ദാനമാണ്. വഴിയിൽ നിന്ന് ഒരു ഉപദ്രവം നീക്കം ചെയ്യുന്നത് ദാനമാണ്."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ഓരോ മനുഷ്യൻ്റെയും ശരീരത്തിലുള്ള സന്ധികളുടെ എണ്ണമനുസരിച്ചുള്ള ഐഛികമായ ദാനങ്ങൾ നൽകാൻ ഓരോ മുസ്‌ലിമിൻ്റെയും മേൽ ബാധ്യതയുണ്ട് എന്ന് നബി -ﷺ- അറിയിക്കുന്നു. അല്ലാഹു അവന് നൽകിയ സൗഖ്യത്തിനുള്ള നന്ദിയുടെ ഭാഗമാണത്. അവൻ്റെ എല്ലുകൾക്കിടയിൽ സന്ധികൾ നിശ്ചയിച്ചു കൊണ്ട് -അവന് വസ്തുക്കൾ പിടിക്കാനും വിടർത്താനും സാധിക്കുന്ന വിധത്തിലാക്കിയതിനുള്ള നന്ദിയുമാണത്. എന്നാൽ ഈ ദാനം പണം കൊണ്ട് മാത്രമല്ല നൽകാൻ കഴിയുക എന്നു കൂടി നബി -ﷺ- അറിയിക്കുന്നു. ശേഷം ഈ ദാനങ്ങളിൽ ഉൾപ്പെടുന്ന ചില കാര്യങ്ങൾ അവിടുന്ന് എണ്ണിപ്പറയുന്നു: തർക്കത്തിൽ അകപ്പെട്ട രണ്ടു പേർക്കിടയിൽ നീതിപൂർവ്വം രഞ്ജിപ്പുണ്ടാക്കുന്നത് ദാനമാണ്. തൻ്റെ വാഹനത്തിന് മുകളിൽ കയറാൻ സാധിക്കാത്ത ഒരാളെ അതിനു സഹായിക്കുന്നതും, ഭാരം കയറ്റിവെക്കാൻ പ്രയാസപ്പെടുന്ന ആൾക്ക് അതിനായി സഹായം നൽകുന്നതും അവൻ്റെ വിഭവങ്ങൾ ഉയർത്താൻ സഹായിക്കുന്നതും ദാനം തന്നെ. നല്ല വാക്ക് പറയുക ദാനധർമ്മമാണ്. ദിക്റുകൾ, ദുആകൾ, സലാം പറയൽ തുടങ്ങിയവയെല്ലാം ഈ പരിധിയിൽ പെടും. നിസ്കാരത്തിലേക്കുള്ള ഓരോ കാൽവെപ്പുകളും ദാനധർമമാണ്. വഴിയിലുള്ള ഉപദ്രവകരമായ വസ്തുക്കൾ നീക്കുന്നതും അതിൽ പെട്ടതു തന്നെ.

Hadeeth benefits

  1. മനുഷ്യരുടെ സന്ധികൾ ചേർത്തു വെച്ചു എന്നത് അല്ലാഹുവിൻ്റെ അപാരമായ അനുഗ്രഹങ്ങളിൽ പെട്ടതാണ്. അതിനാൽ ഓരോ സന്ധികൾക്കും അവയുമായി ബന്ധപ്പെട്ട ദാനമുണ്ട്; ഓരോ സന്ധിയുടെയും അനുഗ്രഹത്തിനുള്ള നന്ദിയാണത്.
  2. അനുഗ്രഹങ്ങൾ നിലച്ചു പോകാതെ തുടർന്നു പോകുമ്പോൾ, അതിനുള്ള നന്ദിയും പുതുക്കിക്കൊണ്ടിരിക്കാൻ ഈ ഹദീഥിൽ പ്രേരണയുണ്ട്.
  3. ഐഛികമായ നന്മകളും ദാനധർമ്മങ്ങളും എല്ലാ ദിവസവും ചെയ്തു കൊണ്ട് സ്ഥിരമായി നിലനിർത്താനുള്ള പ്രോത്സാഹനവും പ്രേരണയും.
  4. ജനങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കാൻ ശ്രമിക്കുന്നതിനുള്ള ശ്രേഷ്ഠത.
  5. ഒരാൾ തൻ്റെ സഹോദരനെ സഹായിക്കാനുള്ള പ്രേരണ. അത്തരം സഹായങ്ങൾ ദാനധർമ്മങ്ങളുടെ ഭാഗമാണ്.
  6. നിസ്കാരം ജമാഅത്തായി നിർവ്വഹിക്കുന്നതിനും, അതിന് വേണ്ടി നടക്കുന്നതിനും, അതിലൂടെ മസ്ജിദുകൾ സജീവമായി നിലനിർത്തുന്നതിനുമുള്ള പ്രേരണയും പ്രോത്സാഹനവും.
  7. മുസ്‌ലിംകൾ സഞ്ചരിക്കുന്ന വഴികളിൽ നിന്ന് ഉപദ്രവകരമായ കാര്യങ്ങൾ എടുത്തു നീക്കുകയും, അതിൻ്റെ പവിത്രത കാത്തു സൂക്ഷിക്കുകയും ചെയ്യുക എന്നത് നിർബന്ധമാണ്.