/ ചെരുപ്പ് ധരിക്കുന്നതിലും മുടി ചീകുന്നതിലും ശുദ്ധി വരുത്തുന്നതിലും തൻ്റെ മറ്റെല്ലാ കാര്യങ്ങളിലും വലതിനെ മുന്തിക്കുന്നത് നബി -ﷺ- ക്ക് ഇഷ്ടമായിരുന്നു...

ചെരുപ്പ് ധരിക്കുന്നതിലും മുടി ചീകുന്നതിലും ശുദ്ധി വരുത്തുന്നതിലും തൻ്റെ മറ്റെല്ലാ കാര്യങ്ങളിലും വലതിനെ മുന്തിക്കുന്നത് നബി -ﷺ- ക്ക് ഇഷ്ടമായിരുന്നു...

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: "ചെരുപ്പ് ധരിക്കുന്നതിലും മുടി ചീകുന്നതിലും ശുദ്ധി വരുത്തുന്നതിലും തൻ്റെ മറ്റെല്ലാ കാര്യങ്ങളിലും വലതിനെ മുന്തിക്കുന്നത് നബി -ﷺ- ക്ക് ഇഷ്ടമായിരുന്നു."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ആദരവിനോട് യോജിക്കുന്ന കാര്യങ്ങളിലെല്ലാം വലത് കൊണ്ട് ആരംഭിക്കുകയും അതിന് മുൻഗണന നൽകുകയും ചെയ്യുന്നത് നബി -ﷺ- ക്ക് ഇഷ്ടമായിരുന്നു. അതിൽ പെട്ടതാണ്: ചെരുപ്പ് ധരിക്കുമ്പോൾ വലതു കാലിൽ ആദ്യം ചെരുപ്പ് ധരിക്കുക എന്നതും, മുടിയും താടിയും ചീകുന്ന വേളയിലും എണ്ണ തേക്കുമ്പോഴും വലതു ഭാഗം ആദ്യം ആരംഭിക്കുക എന്നതുമെല്ലാം. വുദൂഅ് ചെയ്യുന്ന വേളയിൽ കൈകാലുകളിൽ വലത്തേത് ആദ്യം കഴുകുക എന്നതും ഇതിൻ്റെ ഭാഗം തന്നെ.

Hadeeth benefits

  1. നവവി (റഹി) പറയുന്നു: "ഇസ്‌ലാമിലെ വിധിവിലക്കുകളിൽ പൊതുവായി പാലിക്കപ്പെടുന്ന അടിസ്ഥാനമാണിത്. ആദരവിൻ്റെയും ശ്രേഷ്ഠതയുടെയും ഭാഗമായി പ്രവർത്തിക്കുന്ന കാര്യങ്ങളിലെല്ലാം വലതിനെ മുന്തിക്കണം. വസ്ത്രം ധരിക്കൽ, ചെരുപ്പ് ധരിക്കൽ, മസ്ജിദിൽ പ്രവേശിക്കൽ, പല്ലു തേക്കൽ, സുറുമയിടൽ, നഖം വെട്ടൽ, മീശ ചെറുതാക്കൽ, മുടി ചീകൽ, കക്ഷത്തിലെ രോമം എടുക്കൽ, തലമുടി വടിക്കൽ, നിസ്കാരത്തിൽ നിന്ന് സലാം വീട്ടൽ, ശുദ്ധീകരണത്തിൻ്റെ വേളയിൽ അവയവങ്ങൾ കഴുകൽ, വിസർജ്ജന സ്ഥലത്ത് നിന്ന് പുറത്തിറങ്ങൽ, ഭക്ഷണപാനീയങ്ങൾ കഴിക്കൽ, ഹസ്തദാനം നൽകൽ, ഹജറുൽ അസ്‌വദ് തടവൽ തുടങ്ങിയ കാര്യങ്ങളെല്ലാം വലതിനെ മുന്തിക്കുന്നത് നല്ലതാണെന്ന് പറയാവുന്ന സന്ദർഭങ്ങളാണ്.
  2. എന്നാൽ ഇതിന് വിരുദ്ധമായ കാര്യങ്ങളിൽ ഇടതിനെയാണ് മുന്തിക്കേണ്ടത്. വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിക്കൽ, മസ്ജിദിൽ നിന്ന് പുറത്തിറങ്ങൽ, മൂക്ക് ചീറ്റൽ, മലമൂത്ര വിസർജ്ജനം ശുദ്ധീകരിക്കൽ, വസ്ത്രവും ചെരുപ്പും പോലുള്ളവ ഊരിവെക്കൽ തുടങ്ങിയ കാര്യങ്ങൾ ഉദാഹരണം. വലതു ഭാഗത്തെ ആദരിക്കുന്നതിൻ്റെയും അതിൻ്റെ ശ്രേഷ്ഠത മാനിക്കുന്നതിൻ്റെയും ഭാഗമാണ് ഇതെല്ലാം."
  3. വലതിനെ മുന്തിക്കൽ നബി -ﷺ- ക്ക് ഇഷ്ടമായിരുന്നു എന്നു പറഞ്ഞതിൽ വലതു കൈയും വലതു കാലും വലതു ഭാഗവും കൊണ്ട് കാര്യങ്ങൾ ചെയ്യുക ഉൾപ്പെടുന്നു.
  4. നവവി (റഹി) പറയുന്നു: " (വുദൂഇൻ്റെ സന്ദർഭത്തിൽ) വലതിനെ മുന്തിക്കുക എന്നത് സുന്നത്താകാത്ത സന്ദർഭങ്ങളുമുണ്ട്. രണ്ട് ചെവികൾ തടവുന്നതും, കൈപ്പത്തികൾ കഴുകുന്നതും, കവിളുകൾ കഴുകുന്നതുമെല്ലാം അതിൽ ഉൾപ്പെടും. ഇവ ഒരേ സമയം ശുദ്ധീകരിക്കുകയാണ് വേണ്ടത്. എന്നാൽ ഒരു കൈ നഷ്ടപ്പെട്ട വ്യക്തിയാണെങ്കിൽ അവൻ വലതിനെ മുന്തിക്കുകയാണ് വേണ്ടത്."