/ തീർച്ചയായും നബി -ﷺ- യുടെ സ്വഭാവം ഖുർആനായിരുന്നു

തീർച്ചയായും നബി -ﷺ- യുടെ സ്വഭാവം ഖുർആനായിരുന്നു

സഅ്ദ് ബ്നു ഹിശാം പറയുന്നു: "ഞാൻ ആഇശ -رَضِيَ اللَّهُ عَنْهَا- യെ സന്ദർശിച്ചപ്പോൾ അവരോട് പറഞ്ഞു: "മുഅ്മിനീങ്ങളുടെ മാതാവേ! അല്ലാഹുവിൻ്റെ റസൂൽ -ﷺ- യുടെ സ്വഭാവത്തെ കുറിച്ച് എനിക്ക് അറിയിച്ചു തന്നാലും." അവർ പറഞ്ഞു: "നീ ഖുർആൻ പാരായണം ചെയ്യാറില്ലേ?" ഞാൻ പറഞ്ഞു: "അതെ." അവർ പറഞ്ഞു: "തീർച്ചയായും നബി -ﷺ- യുടെ സ്വഭാവം ഖുർആനായിരുന്നു."

വിശദീകരണം

നബി -ﷺ- യുടെ പത്‌നിയും, വിശ്വാസികളുടെ മാതാവുമായ ആഇശ -رَضِيَ اللَّهُ عَنْهَا- യോട് നബി -ﷺ- യുടെ സ്വഭാവത്തെ കുറിച്ച് ചോദിച്ചപ്പോൾ അവർ ഏറ്റവും സംക്ഷിത്പവും ആശയസമ്പുഷ്ടവുമായ ഉത്തരമാണ് അതിന് നൽകിയത്. എല്ലാ മാന്യമായ സ്വഭാവങ്ങളുടെയും പൂർണ്ണത ഉൾക്കൊള്ളുന്ന വിശുദ്ധ ഖുർആനിലേക്ക് അവർ ചോദ്യകർത്താവിൻ്റെ ശ്രദ്ധ ക്ഷണിച്ചു. നബി -ﷺ- വിശുദ്ധ ഖുർആനിലെ സ്വഭാവമാണ് തൻ്റെ സ്വഭാവമര്യാദയായി ജീവിതത്തിൽ പുലർത്തിയിരുന്നത് എന്നായിരുന്നു അവർ പറഞ്ഞത്. ഖുർആൻ കൽപ്പിച്ചതെല്ലാം അവിടുന്ന് പുലർത്തുകയും, ഖുർആൻ വിലക്കിയതെല്ലാം അവിടുന്ന് ഉപേക്ഷിക്കുകയും ചെയ്തു. നബി -ﷺ- യുടെ സ്വഭാവമെന്നാൽ ഖുർആൻ ജീവിതത്തിൽ പ്രാവർത്തികമാക്കലായിരുന്നു. അതിലെ വിധിവിലക്കുകളിൽ അവിടുന്ന് നിലകൊള്ളുകയും, അതിലെ മര്യാദകൾ ജീവിതത്തിൽ പാലിക്കുകയും, അതിലെ ഉദാഹരണങ്ങളിൽ നിന്നും ചരിത്രങ്ങളിൽ നിന്നും അവിടുന്ന് പാഠമുൾക്കൊള്ളുകയും ചെയ്തു.

Hadeeth benefits

  1. വിശുദ്ധ ഖുർആനിലെ സ്വഭാവങ്ങൾ ജീവിതത്തിൽ പകർത്തുന്ന കാര്യത്തിൽ നബി -ﷺ- യെ മാതൃകയാക്കാനുള്ള പ്രോത്സാഹനം
  2. നബി -ﷺ- യുടെ സ്വഭാവത്തെ കുറിച്ചുള്ള പ്രശംസ; അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തിന്റെ വെളിച്ചത്തിനനുസരിച്ചായിരുന്നു അത്.
  3. വിശുദ്ധ ഖുർആൻ എല്ലാ മാന്യമായ സ്വഭാവങ്ങളുടെയും ഉത്ഭവകേന്ദ്രമാണ്.
  4. ഇസ്‌ലാമിലെ സ്വഭാവമെന്നാൽ ദീൻ മുഴുവൻ ഉൾക്കൊള്ളുന്നതാണ്. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കലും, അവൻ്റെ വിലക്കുകൾ ഉപേക്ഷിക്കലുമാണത്.