/ ഒരു പുരുഷൻ മറ്റൊരു പുരുഷൻ്റെ ഔറത്തിലേക്കോ, ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ഔറത്തിലേക്കോ നോക്കരുത്...

ഒരു പുരുഷൻ മറ്റൊരു പുരുഷൻ്റെ ഔറത്തിലേക്കോ, ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ഔറത്തിലേക്കോ നോക്കരുത്...

അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരു പുരുഷൻ മറ്റൊരു പുരുഷൻ്റെ ഔറത്തിലേക്കോ, ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ഔറത്തിലേക്കോ നോക്കരുത്. ഒരു പുരുഷൻ മറ്റൊരു പുരുഷനോടൊപ്പം ഒരു വിരിപ്പിൽ കിടക്കുകയോ, ഒരു സ്ത്രീ മറ്റൊരു സ്ത്രീയോടൊപ്പം ഒരു വിരിപ്പിൽ കിടക്കുകയോ അരുത്."
മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

ഒരു പുരുഷൻ മറ്റൊരു പുരുഷൻ്റെ ഔറത്തിലേക്കോ, ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ഔറത്തിലേക്കോ നോക്കുന്നത് നബി -ﷺ- ഈ ഹദീഥിൽ വിലക്കുന്നു. പുറത്ത് കാണുന്നതിൽ ഒരാൾക്ക് ലജ്ജയുണ്ടാകേണ്ട ശരീര ഭാഗങ്ങളാണ് ഔറത്ത്. പുരുഷൻ്റെ ഔറത്ത് പൊക്കിളിനും കാൽ മുട്ടിനും ഇടയിലുള്ള ഭാഗങ്ങളാണ്. അന്യപുരുഷന്മാരെ സംബന്ധിച്ചിടത്തോളം സ്ത്രീകളുടെ ശരീരം മുഴുവൻ ഔറാത്താണ്; അവർ മുഴുവനായി മറച്ചിരിക്കണം. എന്നാൽ മറ്റു സ്ത്രീകൾക്ക് മുൻപിലും വിവാഹബന്ധം നിഷിദ്ധമായ മഹ്റമുകൾക്ക് മുൻപിലും അവർ മറച്ചിരിക്കേണ്ടത് വീട്ടിൽ ജോലി ചെയ്യുമ്പോഴും മറ്റും പൊതുവെ മറക്കാറുള്ള ഭാഗങ്ങൾ മാത്രമാണ്. ഒരു പുരുഷൻ മറ്റൊരു പുരുഷനോടൊപ്പം ഒരേ വസ്ത്രത്തിലോ ഒരേ വിരിപ്പിന് കീഴിലോ നഗ്നരായി കിടക്കുന്നതും, സ്ത്രീകൾ ഒരേ വസ്ത്രത്തിലോ ഒരേ പുതപ്പിന് കീഴിലോ വിവസ്ത്രരായോ കിടക്കുന്നതും വിലക്കിയതിന് പിന്നിലെ കാരണം വ്യക്തമാണ്. അവർ തമ്മിൽ ഔറത്തുകൾ സ്പർശിക്കാൻ അത് കാരണമാകും. ഔറത്ത് സ്പർശിക്കുക എന്നത് അതിലേക്ക് നോക്കുന്നത് പോലെ തന്നെ നിഷിദ്ധമാണ്; അല്ല! അതിനേക്കാൾ ഗുരുതരമാണ്. കാരണം അനേകം തിന്മകളിലേക്ക് അത് നയിക്കുന്നതാണ്.

Hadeeth benefits

  1. ഭർത്താവിനും ഭാര്യക്കും പരസ്പരം ഔറത്തിലേക്ക് നോക്കാൻ അനുവാദമുണ്ട് എന്നത് ഒഴിച്ചു നിർത്തിയാൽ മറ്റെല്ലാവർക്കും പരസ്പരം ഔറത്തിലേക്ക് നോക്കൽ വിലക്കപ്പെട്ടിരിക്കുന്നു.
  2. സമൂഹത്തിൻ്റെ പരിശുദ്ധിയും ചാരിത്ര്യവും കാത്തുസൂക്ഷിക്കുന്നതിലും, മ്ലേഛവൃത്തികളിലേക്ക് നയിക്കുന്ന വഴികൾ കൊട്ടിയടക്കുന്നതിലും ഇസ്‌ലാം പുലർത്തിയ അതീവശ്രദ്ധ നോക്കൂ!
  3. മറ്റൊരാളുടെ ഔറത്തിലേക്ക് നോക്കേണ്ട അനിവാര്യ സാഹചര്യം ഉണ്ടായാൽ അത് അനുവദനീയമാകുന്നതാണ്. ഉദാഹരണത്തിന് ചികിത്സയുടെ ഭാഗമായോ മറ്റോ; എന്നാൽ ഇത് വികാരത്തോട് കൂടിയാവാൻ പാടില്ല.
  4. മുസ്‌ലിമായ ഏതൊരു മനുഷ്യനും തൻ്റെ ഔറത്ത് എപ്പോഴും മറച്ചു വെക്കേണ്ടതും, മറ്റുള്ളവരുടെ ഔറത്തിൽ നിന്ന് കണ്ണുകൾ താഴ്ത്തേണ്ടതുമാണ്.
  5. പുരുഷൻ പുരുഷൻ്റെ ഔറത്തും, സ്ത്രീ സ്ത്രീയുടെ ഔറത്തും നോക്കരുത് എന്ന് പ്രത്യേകം കൽപ്പിക്കപ്പെട്ടത് അത് സംഭവിക്കാൻ കൂടുതൽ സാധ്യതയുള്ളതിനാലാണ്.