- അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്യുന്നതിൻ്റെ ഗൗരവം; വളരെ അനിവാര്യമായ കാര്യത്തിന് വേണ്ടിയല്ലാതെ അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്യാൻ പാടില്ല.
- ഹറാമായ സമ്പാദ്യം കൂടുതലുണ്ടെങ്കിലും ശരി അതിലെ ബറകത്ത് ഊരിയെടുക്കപ്പെട്ടിരിക്കും; യാതൊരു നന്മയും അതിലുണ്ടാവുകയില്ല.
- മുല്ലാ അലിയ്യുൽ ഖാരീ (رحمه الله) പറയുന്നു: "സമ്പത്തിലെ ബറകത്ത് (അനുഗ്രഹം) നഷ്ടമാകാൻ പല വഴികളുമുണ്ട്. ചിലപ്പോൾ സമ്പത്ത് നശിച്ചു പോകുന്ന സ്ഥിതി സംജാതമായേക്കാം. അതുമല്ലെങ്കിൽ ഇഹലോകത്തോ പരലോകത്തോ ഒരു പ്രയോജനവും ലഭിക്കാത്ത വഴികളിൽ അത് ചെലവഴിക്കേണ്ട സ്ഥിതി ഉണ്ടായേക്കാം. സമ്പത്ത് കൈവശമുണ്ടായിട്ടും അത് കൊണ്ട് പ്രയോജനം ലഭിക്കാതിരിക്കുക എന്നതും, അവന് ഇഷ്ടമില്ലാത്തവർ അത് അനന്തരമായി കയ്യടക്കുന്നതും അതിൽ പെട്ടതാണ്."
- നവവി (رحمه الله) പറയുന്നു: "കച്ചവടത്തിൽ സത്യം അധികരിപ്പിക്കുന്നത് ഈ ഹദീഥിലൂടെ വിലക്കപ്പെട്ടിരിക്കുന്നു. അനാവശ്യമായി സത്യം ചെയ്യുക എന്നത് അടിസ്ഥാനപരമായി വെറുക്കപ്പെട്ടതാണ്. അതോടൊപ്പം, തൻ്റെ കച്ചവടച്ചരക്ക് സത്യം ചെയ്യുക വഴി വിറ്റഴിക്കുക എന്ന തെറ്റും അതിനോടൊപ്പം സംഭവിക്കുന്നു. വസ്തു വാങ്ങുന്ന വ്യക്തി അവൻ്റെ സത്യം ചെയ്യലിൽ വഞ്ചിതനാകാനുള്ള സാധ്യതയുമുണ്ട്."
- ധാരാളമായി സത്യം ചെയ്യുക എന്നത് ഈമാൻ കുറവാണെന്നതിൻ്റെയും തൗഹീദ് ശക്തമല്ലെന്നതിൻ്റെയും അടയാളമാണ്. കാരണം ധാരാളമായി സത്യം ചെയ്യുക എന്നത് രണ്ട് കാര്യങ്ങളിലേക്ക് നയിക്കുന്നതാണ്.
- 1- സത്യം ചെയ്യുന്നതിലുള്ള അശ്രദ്ധയും, പറയുന്ന കാര്യത്തിൻ്റെ സത്യസന്ധത ഉറപ്പു വരുത്തുന്നതിലുള്ള ഗൗരവക്കുറവും. 2- കളവ്. ധാരാളമായി സത്യം ചെയ്യുന്നവർ കളവിൽ വീണുപോകാൻ സാധ്യതയുണ്ട്. അതിനാൽ സത്യം ചെയ്യുന്നത് കുറക്കേണ്ടതുണ്ട്. അല്ലാഹു പറഞ്ഞതു പോലെ: "നിങ്ങളുടെ ശപഥങ്ങളെ നിങ്ങൾ സൂക്ഷിക്കുക." (മാഇദഃ: 89)