- പെരുന്നാൾ നിസ്കാരത്തിന് വേണ്ടി സ്ത്രീകൾ പുറപ്പെടുന്നതും, അവർക്ക് അന്നേ ദിവസം പ്രത്യേകമായി ചില ഉപദേശങ്ങൾ നൽകുന്നതും പുണ്യകരമാണ്.
- ഭർത്താവിൻ്റെ നന്മകളെ നിഷേധിക്കുക എന്നതും ശാപവാക്കുകൾ അധികരിപ്പിക്കുക എന്നതും വൻപാപങ്ങളിൽ പെട്ടതാണ്. കാരണം ഒരു തിന്മ വൻപാപമാണെങ്കിലാണ് അതിന് നരകശിക്ഷയുണ്ട് എന്ന താക്കീത് നൽകപ്പെടാറുള്ളത്.
- ഈമാൻ വർദ്ധിക്കുകയും കുറയുകയും ചെയ്യും എന്ന പാഠം ഈ ഹദീഥിലുണ്ട്. ഒരാളുടെ ഇബാദത്തുകൾ
- അധികരിക്കുന്നതിനനുസരിച്ച് അവൻ്റെ ഈമാനും ദീനും അധികരിക്കുന്നതാണ്. ഒരാളുടെ ഇബാദത്തുകൾ കുറയുമ്പോൾ അവൻ്റെ ദീനിലും കുറവ് സംഭവിക്കുന്നതാണ്.
- നവവി -رَحِمَهُ اللَّهُ- പറയുന്നു: "ബുദ്ധി എന്നത് കൂടുകയും കുറയുകയും ചെയ്യുന്നതാണ്. അതുപോലെത്തന്നെയാണ് ഈമാനും. എന്നാൽ സ്ത്രീകൾക്ക് അതിൽ കുറവുണ്ട് എന്ന് നബി -ﷺ- പറഞ്ഞതിൻ്റെ ഉദ്ദേശ്യം അവരെ ആക്ഷേപിക്കുക എന്നതല്ല. കാരണം അവരുടെ സൃഷ്ടിപ്പിൻ്റെ ഭാഗമായ കാര്യമാണ് ഇവ രണ്ടും. മറിച്ച്, അവരെ കൊണ്ട് സംഭവിച്ചേക്കാവുന്ന ഫിത്നകൾ (കുഴപ്പങ്ങൾ) താക്കീത് നൽകുക എന്നതായിരുന്നു നബി -ﷺ- യുടെ ഉദ്ദേശ്യം. അത് കൊണ്ടാണ് നരകശിക്ഷയുടെ കാരണമായി ഭർത്താവിൻ്റെ നന്മകൾ നിഷേധിക്കലും മറ്റുമെല്ലാം അവിടുന്ന് എടുത്തു പറഞ്ഞത്; ദീനിലും ബുദ്ധിയിലുമുള്ള കുറവ് അതിൻ്റെ കാരണമായി അവിടുന്ന് പറയുകയേ ചെയ്തില്ല. ദീനിലുണ്ടാകുന്ന കുറവ് തിന്മ സംഭവിക്കാനുള്ള ഏകകാരണമല്ല. മറിച്ച്, തിന്മകളുടെ കാരണങ്ങൾ അനേകം വേറെയുമുണ്ട്."
- വിദ്യാർത്ഥി
- അദ്ധ്യാപകനോട് അദ്ദേഹം പറഞ്ഞ കാര്യം മനസ്സിലായില്ലെങ്കിൽ ചോദിച്ചു മനസ്സിലാക്കുന്നതും, അനുയായി നേതാവിനോട് ചോദിച്ചറിയുന്നതുമെല്ലാം അനുവദനീയമാണെന്നതിന് ഈ ഹദീഥ് തെളിവാണ്.
- ഒരു പുരുഷൻ്റെ സാക്ഷ്യത്തിന് പകരമായി രണ്ട് സ്ത്രീകളുടെ സാക്ഷ്യം വേണം; കാരണം സ്ത്രീകൾ കാര്യങ്ങൾ കൃത്യമായി ഓർത്തു വെക്കുന്നതിൽ പിറകിലാണ്.
- ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറയുന്നു: "ദൃഢനിശ്ചയത്തിലുള്ള ഒരു പുരുഷൻ്റെ ബുദ്ധിയെ ഇല്ലാതെയാക്കാൻ കഴിവുള്ള, ബുദ്ധിയും ദീനും കുറഞ്ഞ ഒരു കൂട്ടരെ നിങ്ങളിലല്ലാതെ ഞാൻ കണ്ടിട്ടില്ല." - നബി -ﷺ- യുടെ ഈ വാക്ക് സ്ത്രീകളെയാണ് ഏറ്റവുമധികം നരകത്തിൽ അവിടുന്ന് കണ്ടത് എന്നതിനുള്ള വിശദീകരണമായാണ് എനിക്ക് മനസ്സിലാകുന്നത്. കാരണം വ്യക്തമായ ദൃഢനിശ്ചയമുള്ള ഒരു മനുഷ്യനെ കൊണ്ട് അനുയോജ്യമല്ലാത്ത ഒരു വാക്കോ പ്രവൃത്തിയോ ചെയ്യിക്കാൻ സ്ത്രീ കാരണമായിട്ടുണ്ട് എങ്കിൽ ആ തിന്മയിൽ അവൾ പങ്കാളിയാവുകയും, (അയാളുടെ തീരുമാനത്തെ തിരുത്തി എന്നതിനാൽ) അയാളേക്കാൾ പാപഭാരം വഹിക്കാനും അത് കാരണമായേക്കാം."
- ആർത്തവകാലത്ത് നിസ്കാരം നിർവ്വഹിക്കുന്നതും നോമ്പെടുക്കുന്നതും സ്ത്രീകൾക്ക് ഹറാമാണ്. പ്രസവരക്തം വന്നു കൊണ്ടിരിക്കുന്ന നിഫാസുള്ള സ്ത്രീകളുടെ വിധിയും ഇത് തന്നെയാണ്. ശുദ്ധികാലമായാൽ നോമ്പ് മാത്രം അവൾ നോറ്റുവീട്ടുകയും ചെയ്യണം. നിസ്കാരം മടക്കി നിർവ്വഹിക്കേണ്ടതില്ല.
- നബി -ﷺ- യുടെ മാന്യവും മനോഹരവുമായ സ്വഭാവം. സ്ത്രീകളുടെ ചോദ്യങ്ങൾക്ക് യാതൊരു കുറ്റപ്പെടുത്തലോ പാരുഷ്യമോ പ്രകടിപ്പിക്കാതെ അവിടുന്ന് മറുപടി നൽകിയത് നോക്കൂ.
- ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറയുന്നു: "ദാനധർമ്മങ്ങൾ അല്ലാഹുവിൻ്റെ ശിക്ഷയെ തടയുന്നതാണ്. ചിലപ്പോൾ സൃഷ്ടികൾക്കിടയിൽ സംഭവിച്ചേക്കാവുന്ന തിന്മകൾക്ക് വരെ അത് പ്രായശ്ചിത്തമായേക്കാം."
- നവവി -رَحِمَهُ اللَّهُ- പറയുന്നു: "ആർത്തവകാലത്ത് നിസ്കാരവും നോമ്പും ഉപേക്ഷിക്കുന്നു എന്നതാണ് സ്ത്രീകളുടെ ദീനിൽ കുറവ് വരാൻ കാരണമായത് എന്നതിൽ നിന്ന് ഒരാളുടെ ഇബാദത്തുകൾ അധികരിക്കുമ്പോൾ അയാളുടെ ദീനും
- ഈമാനും അധികരിക്കുന്നതാണ് എന്നും, അതിൽ കുറവ് വരുമ്പോൾ ദീനിൽ കുറവ് വരുന്നതാണ് എന്നും മനസ്സിലാക്കാം. ദീനിലുണ്ടാകുന്ന കുറവ് എന്നതാകട്ടെ; ചില സന്ദർഭത്തിൽ അല്ലാഹുവിങ്കൽ തിന്മയായി രേഖപ്പെടുത്തപ്പെട്ടേക്കാം. നിസ്കാരമോ നോമ്പോ പോലുള്ള നിർബന്ധമായ ആരാധനകൾ യാതൊരു ന്യായവുമില്ലാതെ ഉപേക്ഷിക്കുക എന്നത് ഈ പറഞ്ഞതിനുള്ള ഉദാഹരണമാണ്. മറ്റു ചിലപ്പോൾ ദീനിലുണ്ടാകുന്ന കുറവ് ഒരു തിന്മയായി രേഖപ്പെടുത്തപ്പെട്ടു കൊള്ളണമെന്നുമില്ല; തൻ്റെ മേൽ നിർബന്ധമല്ലാത്ത സാഹചര്യത്തിൽ ജുമുഅഃയോ യുദ്ധമോ പോലുള്ള ആരാധനകൾ ഉപേക്ഷിക്കുന്നവൻ്റെ കാര്യം ഉദാഹരണം. വേറെ ചില സന്ദർഭങ്ങളിൽ ദീനിലുണ്ടാകുന്ന കുറവ് അവനോട് കൽപ്പിക്കപ്പെട്ടതിൻ്റെ ഭാഗവുമായിരിക്കാൻ സാധ്യതയുണ്ട്; ആർത്തവകാരി നിസ്കാരവും നോമ്പും ഉപേക്ഷിക്കുന്നത് അവളോട് അത് കൽപ്പിക്കപ്പെട്ടത് കാരണത്താലാണ് എന്നത് അതിനുള്ള ഉദാഹരണമാണ്."