- കള്ളസത്യം ചെയ്തു പോയാൽ അതിന് പ്രത്യേകിച്ച് കഫ്ഫാറത്ത് (പ്രായശ്ചിത്തം) ഇല്ല. ഈ തിന്മയുടെ കാഠിന്യവും ഗൗരവവും ബോധ്യപ്പെടുത്തുന്ന കാര്യങ്ങളിലൊന്നാണത്. അല്ലാഹുവിനോട് ആത്മാർത്ഥമായി പശ്ചാത്തപിക്കുക എന്നത് മാത്രമേ ഈ തിന്മ സംഭവിച്ചാൽ ചെയ്യാൻ കഴിയൂ.
- ഹദീഥിൽ നാല് തിന്മകൾ പ്രത്യേകം എടുത്തു പറഞ്ഞത് അവയുടെ ഗൗരവം ബോധ്യപ്പെടുത്തുന്നതിനാണ്. വൻപാപങ്ങൾ നാലെണ്ണം മാത്രമാണെന്ന് ഈ പറഞ്ഞതിന് അർത്ഥമില്ല.
- തിന്മകളെ വൻപാപങ്ങളെന്നും ചെറുപാപങ്ങളെന്നും വേർതിരിക്കാം. ഇഹലോകത്ത് ശിക്ഷാനടപടി നിശ്ചയിക്കപ്പെട്ടതോ, ശാപാർഹമായതോ, പരലോകത്ത് നരകപ്രവേശനം പോലുള്ള ശിക്ഷ താക്കീത് ചെയ്യപ്പെട്ടതോ ആയ തിന്മകളെല്ലാം വൻപാപങ്ങളാണ്. അവയിൽ ചിലത് അതീവ ഭീകരവും, മറ്റുള്ളവ അതിൽ താഴെയുമാണ്. അതിൻ്റെ അടിസ്ഥാനത്തിൽ ഈ വിഷയത്തിലെ വിലക്കിൻ്റെ ശക്തിയിലും വ്യത്യാസമുണ്ടായിരിക്കും. വൻപാപങ്ങളിൽ പെടാത്തതെല്ലാം ചെറുപാപങ്ങളാണ്.