/ തീർച്ചയായും അല്ലാഹു നിങ്ങളുടെ രൂപങ്ങളിലേക്കോ നിങ്ങളുടെ സമ്പാദ്യങ്ങളിലേക്കോ അല്ല നോക്കുന്നത്. മറിച്ച് നിങ്ങളുടെ ഹൃദയങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കുമാണ് അവൻ നോക്കുന്നത്...

തീർച്ചയായും അല്ലാഹു നിങ്ങളുടെ രൂപങ്ങളിലേക്കോ നിങ്ങളുടെ സമ്പാദ്യങ്ങളിലേക്കോ അല്ല നോക്കുന്നത്. മറിച്ച് നിങ്ങളുടെ ഹൃദയങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കുമാണ് അവൻ നോക്കുന്നത്...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "തീർച്ചയായും അല്ലാഹു നിങ്ങളുടെ രൂപങ്ങളിലേക്കോ നിങ്ങളുടെ സമ്പാദ്യങ്ങളിലേക്കോ അല്ല നോക്കുന്നത്. മറിച്ച് നിങ്ങളുടെ ഹൃദയങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കുമാണ് അവൻ നോക്കുന്നത്."
മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

അല്ലാഹു മനുഷ്യരുടെ ശരീരത്തിൻ്റെ രൂപങ്ങളിലേക്കല്ല നോക്കുന്നത്; അവർ ശാരീരിക ഭംഗിയുള്ളവരാണോ അല്ല, വികൃത രൂപമുള്ളവരാണോ, തടിച്ചവരാണോ മെലിഞ്ഞവരാണോ, ആരോഗ്യദൃഢഗാത്രരാണോ രോഗാതുരരാണോ എന്നതൊന്നുമല്ല അവൻ നോക്കുന്നത്. അതുമല്ലെങ്കിൽ അവരുടെ സമ്പത്തിലേക്കല്ല അല്ലാഹു നോക്കുന്നത്; സമ്പത്ത് കൂടുതലാണോ കുറവാണോ എന്നൊന്നുമല്ല. ഇത്തരം കാര്യങ്ങളുടെ പേരിൽ അല്ലാഹു മനുഷ്യരെ വിചാരണ ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്യുകയില്ല. മറിച്ച്, അവരുടെ ഹൃദയങ്ങളിലേക്കാണ് അവൻ നോക്കുന്നത്. അതിലുള്ള സൂക്ഷ്‌മതയും ദൃഢവിശ്വാസവും സത്യസന്ധതയും ഇഖ്ലാസും (നിഷ്കളങ്കത) അവൻ നോക്കുന്നതാണ്. അതിൽ ലോകമാന്യമോ പ്രശസ്തിക്ക് വേണ്ടിയുള്ള ആഗ്രഹമോ ഉണ്ടോ എന്നത് അവൻ നോക്കുന്നതാണ്. അതു പോലെ, അവരുടെ പ്രവർത്തനങ്ങൾ ശരിയായ വിധത്തിലാണോ അവർ പ്രവർത്തിക്കുന്നത്, അതല്ല തെറ്റായ വിധത്തിലാണോ എന്നതും അവൻ നോക്കുന്നതാണ്. ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിലാണ് അവർക്ക് പ്രതിഫലങ്ങൾ നൽകപ്പെടുന്നതും ശിക്ഷ അനുഭവിക്കേണ്ടി വരുന്നതും.

Hadeeth benefits

  1. ഹൃദയം നന്നാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന ഓർമ്മപ്പെടുത്തലും, എല്ലാ മോശമായ ഗുണങ്ങളിൽ നിന്നും അതിനെ ശുദ്ധീകരിക്കണമെന്ന ഉപദേശവും.
  2. ഹൃദയത്തിൻ്റെ നന്മ ഇഖ്ലാസിലൂടെയും, പ്രവർത്തനങ്ങളുടെ നന്മ നബി ﷺ യെ ഇത്തിബാഅ് ചെയ്യുന്നതിലൂടെയുമാണ്. ഇവ രണ്ടുമാണ് അല്ലാഹുവിങ്കൽ പരിഗണിക്കപ്പെടുന്നതും, അവയാണ് അവൻ നോക്കാനിരിക്കുന്നതും.
  3. ഒരാളും തൻ്റെ സമ്പത്തിലോ സൗന്ദര്യത്തിലോ ശാരീരിക ശേഷിയിലോ ഐഹിക ജീവിതത്തിൻ്റെ പുറംമോടിയിലോ വഞ്ചിതനാകരുത്.
  4. ഉള്ളും മനസ്സും നന്നാക്കാതെ പുറം മാത്രം ഭംഗികൂട്ടുന്നതിൽ ശ്രദ്ധ പതിപ്പിക്കുന്നതിൽ നിന്ന് ഈ ഹദീഥ് നമ്മെ താക്കീത് ചെയ്യുന്നു.