/ ഈ ദിവസങ്ങളേക്കാൾ സൽകർമ്മങ്ങൾ അല്ലാഹുവിന് പ്രിയങ്കരമായ മറ്റൊരു ദിവസവുമില്ല." ദുൽഹിജ്ജയിലെ ആദ്യപത്തു ദിനങ്ങളെയാണ് അവിടുന്ന് ഉദ്ദേശിച്ചത്...

ഈ ദിവസങ്ങളേക്കാൾ സൽകർമ്മങ്ങൾ അല്ലാഹുവിന് പ്രിയങ്കരമായ മറ്റൊരു ദിവസവുമില്ല." ദുൽഹിജ്ജയിലെ ആദ്യപത്തു ദിനങ്ങളെയാണ് അവിടുന്ന് ഉദ്ദേശിച്ചത്...

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഈ ദിവസങ്ങളേക്കാൾ സൽകർമ്മങ്ങൾ അല്ലാഹുവിന് പ്രിയങ്കരമായ മറ്റൊരു ദിവസവുമില്ല." ദുൽഹിജ്ജയിലെ ആദ്യപത്തു ദിനങ്ങളെയാണ് അവിടുന്ന് ഉദ്ദേശിച്ചത്. സ്വഹാബികൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദ് പോലും?!" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദ് പോലും (അതിനേക്കാൾ പ്രിയങ്കരമല്ല). സ്വന്തം ജീവനും സമ്പത്തുമായി യുദ്ധത്തിന് പുറപ്പെടുകയും, അതിൽ യാതൊന്നും തിരിച്ചു വരാതിരിക്കുകയും ചെയ്ത ഒരാളൊഴികെ."

വിശദീകരണം

ദുൽ ഹിജ്ജയിലെ ആദ്യത്തെ പത്തു ദിവസങ്ങളിൽ സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നത് വർഷത്തിലെ മറ്റേതു ദിവസങ്ങളിൽ സൽകർമ്മം ചെയ്യുന്നതിനേക്കാളും ശ്രേഷ്ഠതയുള്ളതാണെന്ന് നബി -ﷺ- അറിയിക്കുന്നു. എങ്കിൽ ഈ പത്തു ദിവസങ്ങളിലല്ലാതെ അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരാൾ ജിഹാദ് (യുദ്ധം) ചെയ്താൽ അത് ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായിരിക്കുമോ എന്ന് സ്വഹാബികൾ നബി -ﷺ- യോട് ആരാഞ്ഞു. കാരണം ജിഹാദാണ് ഏറ്റവും ശ്രേഷ്ഠകരമായ പ്രവർത്തനം എന്ന് സ്വഹാബികൾക്ക് ബോധ്യമുള്ള കാര്യമായിരുന്നു. അതിന് ഉത്തരമായി നബി -ﷺ- പറഞ്ഞു: "ഈ ദിവസങ്ങളിലെ സൽകർമ്മങ്ങൾ ജിഹാദിനേക്കാളും ശ്രേഷ്ഠകരം തന്നെയാണ്. എന്നാൽ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിനായി പുറപ്പെടുകയും, തൻ്റെ ജീവനും സമ്പത്തും അല്ലാഹുവിൻ്റെ മാർഗത്തിൽ ത്യജിക്കാൻ തയ്യാറാവുകയും, അങ്ങനെ അല്ലാഹുവിൻ്റെ മാർഗത്തിൽ സമ്പത്തും ജീവനും നഷ്ടമാവുകയും ചെയ്ത ഒരാളുടെ പ്രവർത്തനം മാത്രം അതിനേക്കാൾ ഉന്നതമായിരിക്കും. ശ്രേഷ്ഠകരമായ ഈ ദിനങ്ങളിലെ സൽകർമ്മങ്ങളെ കവച്ചു വെക്കാൻ കഴിയുന്ന ഒരേയൊരു നന്മ ഇത് മാത്രമാണെന്ന് നബി -ﷺ- അറിയിക്കുന്നു.

Hadeeth benefits

  1. ദുൽ ഹിജ്ജ ആദ്യ പത്തിലെ പ്രവർത്തനങ്ങൾക്കുള്ള ശ്രേഷ്ഠത. അതിനാൽ ഈ ദിവസം പരമാവധി ഉപയോഗപ്പെടുത്താൻ ഓരോ മുസ്‌ലിമും ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാഹുവിനെ ദിക്ർ ചെയ്തു കൊണ്ടും, ഖുർആൻ പാരായണം ചെയ്തു കൊണ്ടും, തക്ബീറും തഹ്‌ലീലും തഹ്‌മീദും അധികരിപ്പിച്ചു കൊണ്ടും, നിസ്കാരവും ദാനധർമ്മങ്ങളും നോമ്പും മറ്റു നന്മകളും ചെയ്തു കൊണ്ടും ഈ ദിവസത്തിൽ സൽകർമ്മങ്ങൾ അധികരിപ്പിക്കാൻ അവൻ ശ്രദ്ധിക്കേണ്ടതുണ്ട്.