- നവവി (رحمه الله) പറയുന്നു: "അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതിനിടയിൽ നോമ്പെടുക്കുന്നതിനുള്ള ശ്രേഷ്ഠത. നോമ്പെടുത്തു കൊണ്ട് യുദ്ധം ചെയ്യുന്നത് പ്രയാസം സൃഷ്ടിക്കുകയോ, ബാധ്യതകൾ നിറവേറ്റുന്നതിൽ കുറവ് വരുത്തുകയോ, അവൻ്റെ യുദ്ധമുന്നേറ്റത്തെയും മറ്റു സൈനിക ഉത്തരവാദിത്തങ്ങളെയും ബാധിക്കുകയോ ചെയ്യാത്തവർക്ക് മാത്രമാണ് ഇത് ബാധകമാവുക."
- സുന്നത്ത് നോമ്പുകൾ അധികരിപ്പിക്കാനുള്ള പ്രോത്സാഹനം.
- പ്രവർത്തനങ്ങൾ അല്ലാഹുവിൻ്റെ തൃപ്തി പ്രതീക്ഷിച്ചു കൊണ്ടും അവനെ മാത്രം ഉദ്ദേശിച്ചു കൊണ്ട് നിഷ്കളങ്കമായും നിർവഹിക്കൽ നിർബന്ധമാണ്. ലോകമാന്യതയോ സൽകീർത്തിയോ ഉദ്ദേശിച്ചോ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളോടെയോ നോമ്പെടുക്കരുത്.
- സിൻദി (رحمه الله) പറയുന്നു: "അല്ലാഹുവിൻ്റെ മാർഗത്തിൽ നോമ്പെടുക്കുക എന്നാണ് ഹദീഥിലുള്ളത്. ഇത് കൊണ്ട് ഉദ്ദേശ്യം കേവലം നിയ്യത്ത് നന്നാക്കുക എന്നു മാത്രമാകാൻ സാധ്യതയുണ്ട്. 'അല്ലാഹുവിൻ്റെ മാർഗത്തിൽ' (ഫീ സബീലില്ലാഹ്) എന്ന പദം യുദ്ധത്തിനെ ഉദ്ദേശിച്ചു കൊണ്ട് പ്രയോഗിക്കാറുള്ളതിനാൽ യുദ്ധവേളയിൽ നോമ്പെടുക്കുക എന്ന അർത്ഥത്തിനും സാധ്യതയുണ്ട്. ഈ അർത്ഥമാണ് കൂടുതൽ പ്രകടമാകുന്നത്."
- ഇബ്നു ഹജർ (رحمه الله) പറയുന്നു: "എഴുപത് 'ഖരീഫ്' നരകത്തിൽ നിന്ന് അകറ്റും" എന്നാണ് ഹദീഥിലുള്ളത്. ശരത്കാലത്തിനാണ് 'ഖരീഫ്' എന്ന് അറബിയിൽ പറയാറുള്ളത് എങ്കിലും ഹദീഥിലെ ഉദ്ദേശ്യം ഒരു വർഷക്കാലയളവാണ്. വേനൽക്കാലം, ശൈത്യകാലം, വസന്തകാലം എന്നിവയൊന്നും പരാമർശിക്കാതെ ശരത്കാലം പ്രത്യേകം എടുത്തു പറഞ്ഞത് ഫലങ്ങളുടെ വിളവെടുപ്പിൻ്റെ കാലമാണത് എന്നതിനാലാണ്."