/ ആരെങ്കിലും നോമ്പുകാരനായിരിക്കെ മറന്നു കൊണ്ട് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താൽ അവൻ തൻ്റെ നോമ്പ് പൂർത്തീകരിച്ചു കൊള്ളട്ടെ; അവനെ ഭക്ഷിപ്പിക്കുകയും അവന് വെള്ളം നൽകുകയും ചെയ്തത് അല്ലാഹു മാത്രമാണ്...

ആരെങ്കിലും നോമ്പുകാരനായിരിക്കെ മറന്നു കൊണ്ട് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താൽ അവൻ തൻ്റെ നോമ്പ് പൂർത്തീകരിച്ചു കൊള്ളട്ടെ; അവനെ ഭക്ഷിപ്പിക്കുകയും അവന് വെള്ളം നൽകുകയും ചെയ്തത് അല്ലാഹു മാത്രമാണ്...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും നോമ്പുകാരനായിരിക്കെ മറന്നു കൊണ്ട് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താൽ അവൻ തൻ്റെ നോമ്പ് പൂർത്തീകരിച്ചു കൊള്ളട്ടെ; അവനെ ഭക്ഷിപ്പിക്കുകയും അവന് വെള്ളം നൽകുകയും ചെയ്തത് അല്ലാഹു മാത്രമാണ്."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ഒരാൾ നിർബന്ധമായതോ സുന്നത്തായതോ ആയ നോമ്പിൽ ആയിരിക്കുന്ന വേളയിൽ, മറന്നു കൊണ്ട് ഭക്ഷിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താൽ അവൻ തൻ്റെ നോമ്പ് പൂർത്തീകരിക്കട്ടെ എന്നും, ആ നോമ്പ് മുറിഞ്ഞതായി കണക്കാക്കേണ്ടതില്ലെന്നും നബി (ﷺ) അറിയിക്കുന്നു. തൻ്റെ നോമ്പ് മുറിക്കുക എന്ന ഉദ്ദേശ്യം അവനുണ്ടായിരുന്നില്ല എന്നതിനാൽ തന്നെ അല്ലാഹു അവനിലേക്ക് എത്തിക്കുകയും അവനെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്ത ഉപജീവനത്തിൽ പെട്ടതാണ് അത് എന്നും അവിടുന്ന് കൂട്ടിച്ചേർത്തു.

Hadeeth benefits

  1. മറന്നു കൊണ്ട് ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്തവൻ്റെ നോമ്പ് ശരിയാണ്.
  2. നോമ്പുകാരനായിരിക്കെ മറന്നു കൊണ്ട് ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്തവന് മേൽ യാതൊരു തെറ്റുമില്ല. കാരണം, അവൻ സ്വേഛപ്രകാരം ചെയ്തതല്ല അത്.
  3. അല്ലാഹുവിന് തൻ്റെ അടിമകളോടുള്ള
  4. അനുകമ്പയും, അവർക്ക് അവൻ ദീനിൻ്റെ വിധിവിലക്കുകൾ.എളുപ്പമാക്കി നൽകിയിരിക്കുന്നു എന്നതും, അവരുടെ മേൽ നിന്ന് എല്ലാ പ്രയാസവും ബുദ്ധിമുട്ടും അവൻ നീക്കി നൽകിയിരിക്കുന്നു എന്നതും (ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം).
  5. നോമ്പ് മുറിയാൻ കാരണമാകുന്ന ഒരു കാര്യം ചെയ്താൽ പോലും, ഒരാളുടെ നോമ്പ് മുറിയണമെങ്കിൽ മൂന്ന് നിബന്ധനകളുണ്ട്. (1) അക്കാര്യം തൻ്റെ നോമ്പ് മുറിക്കുന്ന പ്രവൃത്തിയാണെന്ന് അവന് അറിവുണ്ടായിരിക്കണം; അറിവില്ലാതെയാണ് അവൻ ചെയ്തത് എങ്കിൽ അവൻ്റെ നോമ്പ് മുറിയുകയില്ല. (2) നോമ്പ് മുറിക്കുന്ന പ്രവൃത്തിയാണ് ചെയ്യുന്നത് എന്ന ഓർമ്മയോടെ ചെയ്തതായിരിക്കണം; മറന്നു കൊണ്ട് ചെയ്തതാണെങ്കിൽ അവൻ്റെ നോമ്പ് മുറിയുകയില്ല. ആ നോമ്പ് അവൻ മടക്കേണ്ടതുമില്ല. (3) സ്വേഛപ്രകാരം ചെയ്തതായിരിക്കണം; ഒരാൾ നിർബന്ധിച്ച് അവനെ കൊണ്ട് നോമ്പ് മുറിപ്പിക്കുന്ന കാര്യം ചെയ്യിപ്പിച്ചു എന്നാണെങ്കിൽ അവൻ്റെ നോമ്പ് മുറിയുകയില്ല.