- ഏറ്റവും ആവശ്യമുള്ളതും, കൂടുതൽ പ്രധാനപ്പെട്ടതുമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിലവിൽ ആവശ്യമില്ലാത്ത കാര്യങ്ങളെ കുറിച്ചുള്ള അന്വേഷണം ഉപേക്ഷിക്കുകയും, ഇതു വരെ സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കുകയും വേണം.
- വിഷയങ്ങൾ കൂടുതൽ പ്രയാസകരമാക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് നിഷിദ്ധമാണ്. മതവിധികൾക്ക് എതിരു പ്രവർത്തിക്കുന്ന തരത്തിൽ ആശയക്കുഴപ്പങ്ങളുടെ വാതിൽ തുറക്കാൻ കാരണമാകുന്നതും പാടില്ല.
- വിലക്കപ്പെട്ട കാര്യങ്ങളെല്ലാം ഉപേക്ഷിച്ചിരിക്കണം. കാരണം ഒരു കാര്യം ഉപേക്ഷിക്കുക എന്നത് പ്രത്യേകിച്ചൊരു അധ്വാനവും വേണ്ടതില്ലാത്ത കാര്യമാണ്. ഇതു കൊണ്ടാണ് വിലക്കപ്പെട്ടവ എല്ലാം ഉപേക്ഷിക്കണം എന്ന് പൊതുവായി പറഞ്ഞത്.
- കൽപ്പിക്കപ്പെട്ട കാര്യങ്ങൾ പ്രവർത്തിക്കുമ്പോൾ 'സാധ്യമായത്' എന്ന നിബന്ധന വെച്ചിട്ടുണ്ട്; കാരണം ഒരു പ്രവർത്തി ചെയ്യാൻ അദ്ധ്വാനം വേണ്ടതുണ്ട്; ചിലപ്പോൾ അത് പ്രവർത്തിക്കാൻ സാധ്യമല്ലാത്ത സാഹചര്യങ്ങളും ഉണ്ടായേക്കാം. ഇക്കാരണം കൊണ്ടാണ് 'സാധ്യമായത്' എന്ന നിബന്ധന നിശ്ചയിക്കപ്പെട്ടത്.
- ചോദ്യങ്ങൾ അധികരിപ്പിക്കുന്നത് ഈ ഹദീഥിൽ വിലക്കപ്പെട്ടിരിക്കുന്നു. പണ്ഡിതന്മാർ ചോദ്യങ്ങളെ രണ്ടായി വിഭജിച്ചതായി കാണാം.
- ഒന്ന്: ദീനിൻ്റെ വിഷയങ്ങളിൽ പഠിക്കുന്നതിന് വേണ്ടി ചോദിക്കുക എന്നത്. ഈ ചോദ്യങ്ങൾ വേണ്ട കാര്യമാണ്. സ്വഹാബികളുടെ ചോദ്യങ്ങൾ ഇപ്രകാരമായിരുന്നു.
- രണ്ട്: കൃത്രിമത്വമുള്ളതും അനാവശ്യമായതുമായ ചോദ്യങ്ങൾ. ഇത് നിരോധിക്കപ്പെട്ട ചോദ്യങ്ങളിലാണ് ഉൾപ്പെടുക.
- മുൻകാല സമൂഹങ്ങൾ ചെയ്തതു പോലെ, തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട നബിയോട് എതിരാവുക എന്നതിൽ നിന്നുള്ള ശക്തമായ താക്കീത്.
- ആവശ്യമില്ലാത്ത കാര്യങ്ങളെ കുറിച്ചുള്ള അധികരിച്ച ചോദ്യങ്ങളും, നബിമാരുടെ മാർഗത്തിനോട് എതിരാവുക എന്നതും നാശത്തിനുള്ള കാരണമാണ്. പ്രത്യേകിച്ചും, മനുഷ്യർക്ക് എത്തിപ്പെടാൻ സാധിക്കാത്ത വിഷയങ്ങളിലുള്ള ചോദ്യങ്ങൾ. ഉദാഹരണത്തിന്, അല്ലാഹുവിന് മാത്രം അറിയാൻ കഴിയുന്ന അദൃശ്യകാര്യങ്ങളെ കുറിച്ചോ, അന്ത്യനാളിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ അന്വേഷിക്കുന്നതോ ആയ ചോദ്യങ്ങൾ.
- പ്രയാസപ്പെടുത്തുന്ന ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ നിന്നുള്ള വിലക്ക്.
- ഇമാം ഔസാഈ (റഹി) പറയുന്നു: "ഒരാളിൽ നിന്ന് മതവിജ്ഞാനത്തിൻ്റെ ചൈതന്യം എടുത്തു കളയാൻ അല്ലാഹു ഉദ്ദേശിച്ചാൽ അവൻ്റെ നാവിൽ 'കുഴപ്പിക്കുന്ന ചോദ്യങ്ങൾ' അല്ലാഹു ഇട്ടുനൽകും. ജനങ്ങളിൽ ഏറ്റവും വിജ്ഞാനം കുറഞ്ഞവരായി ഇക്കൂട്ടരെയാണ് ഞാൻ കണ്ടിട്ടുള്ളത്."
- ഇബ്നു വഹബ് പറയുന്നു: ഇമാം മാലിക് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "അല്ലാഹുവിൻ്റെ ദീനുമായി ബന്ധപ്പെട്ട വിജ്ഞാനങ്ങളിൽ തർക്കിക്കുന്നത് അറിവിൻ്റെ പ്രകാശം ഒരാളുടെ ഹൃദയത്തിൽ നിന്ന് എടുത്തു നീക്കുന്നതാണ്."