/ ചിലർ അല്ലാഹുവിൻ്റെ സമ്പത്തിൽ അനർഹമായി കൈകടത്തുന്നു; അന്ത്യനാളിൽ അവർക്ക് നരകമാണുള്ളത്

ചിലർ അല്ലാഹുവിൻ്റെ സമ്പത്തിൽ അനർഹമായി കൈകടത്തുന്നു; അന്ത്യനാളിൽ അവർക്ക് നരകമാണുള്ളത്

ഖൗലഃ അൽ-അൻസ്വാരിയ്യഃ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു: "ചിലർ അല്ലാഹുവിൻ്റെ സമ്പത്തിൽ അനർഹമായി കൈകടത്തുന്നു; അന്ത്യനാളിൽ അവർക്ക് നരകമാണുള്ളത്."
ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

മുസ്‌ലിംകളുടെ പൊതുസ്വത്തിൽ അനർഹമായി ഇടപാടുകൾ നടത്തുന്ന ചിലരുണ്ടെന്നും, അവരതിൽ നിന്ന് തങ്ങൾക്ക് അർഹതയില്ലാത്തത് എടുക്കുന്നുവെന്നും നബി ﷺ അറിയിക്കുന്നു. ഈ പറഞ്ഞതിൽ അനുവദനീയമല്ലാത്ത രൂപത്തിൽ സമ്പാദിക്കുന്നതും സമ്പാദ്യം സ്വരൂപിക്കുന്നതും, തെറ്റായ വഴികളിൽ സമ്പത്ത് ചെലവഴിക്കുന്നതും ഒരുപോലെ ഉൾപ്പെടുന്നതാണ്. അനാഥകളുടെ സമ്പത്ത് ഭക്ഷിക്കുന്നതും വഖ്ഫിൻ്റെ സ്വത്തിൽ കൈകടത്തുന്നതും വിശ്വസിച്ചേൽപ്പിക്കപ്പെട്ട സമ്പാദ്യത്തിന്റെ കാര്യം നിഷേധിക്കുന്നതും, പൊതുജനങ്ങളുടെ സമ്പത്തിൽ നിന്ന് അനർഹമായി കൈക്കലാക്കുന്നതുമെല്ലാം അതിൻ്റെ ചില ഉദാഹരണങ്ങളാണ്. ശേഷം നബി ﷺ ഇക്കൂട്ടർക്കുള്ള പ്രതിഫലം നരകമായിരിക്കുമെന്ന് താക്കീത് ചെയ്യുന്നു.

Hadeeth benefits

  1. ജനങ്ങളുടെ പക്കലുള്ള സമ്പത്തും സമ്പാദ്യവുമെല്ലാം അല്ലാഹുവിൻ്റെതാണ്. അനുവദിക്കപ്പെട്ട മാർഗങ്ങളിൽ അത് ചെലവഴിക്കാൻ അല്ലാഹു അവർക്ക് ഏൽപ്പിച്ചു കൊടുത്തിരിക്കുന്നു എന്ന് മാത്രം. അനാവശ്യ മാർഗ്ഗങ്ങളിൽ ചെലവഴിക്കുന്നതിൽ നിന്ന് ഏവരും അകന്നു നിൽക്കേണ്ടതുണ്ട്. ഭരണാധികാരികൾക്കും അവരല്ലാത്ത പൊതുജനങ്ങൾക്കുമെല്ലാം ഇക്കാര്യം ബാധകമാണ്.
  2. പൊതുജനങ്ങളെ ബാധിക്കുന്ന സമ്പത്തിൻ്റെ വിഷയത്തിൽ ഇസ്‌ലാമിൽ കടുത്ത നിയന്ത്രണങ്ങളുണ്ട്. ഈ വിഷയത്തിൽ എന്തെങ്കിലും ഏറ്റെടുക്കുന്നവർ പണത്തിൻ്റെ വരവിലും ചെലവിലും അന്ത്യനാളിൽ വിചാരണ ചെയ്യപ്പെടുന്നതാണ്.
  3. സമ്പത്തിൻ്റെ കാര്യത്തിൽ ഇസ്‌ലാമികമല്ലാത്ത ഇടപാടുകൾ നടത്തുന്നവർക്ക് ഈ ഹദീഥിലെ ശക്തമായ താക്കീത് ബാധകമാണ്. തൻ്റെ സ്വന്തം സമ്പത്തിൻ്റെ കാര്യത്തിലായാലും മറ്റുള്ളവരുടെ സമ്പത്തിൻ്റെ കാര്യത്തിലായാലും ശരി.