- അല്ലാഹു എല്ലാ നിലക്കും പരിപൂർണ്ണതയുള്ളവനാണ്. അവൻ്റെ അസ്തിത്വവും വിശേഷണങ്ങളും പ്രവർത്തികളും (പ്രാപഞ്ചികവും മതപരവുമായ) വിധിനിർണ്ണയങ്ങളും സമ്പൂർണ്ണമാണ്.
- സൽപ്രവർത്തികളും നന്മകളും അല്ലാഹുവിൻ്റെ പ്രീതി മാത്രം ഉദ്ദേശിച്ചു കൊണ്ട് നിഷ്കളങ്കമായും, നബി -ﷺ- യെ മാതൃകയാക്കി കൊണ്ട് നിർവ്വഹിച്ചതുമായിരിക്കണം.
- നന്മകൾ ചെയ്യാൻ പ്രേരണ നൽകുന്ന പ്രയോഗങ്ങൾ സംസാരത്തിൽ സ്വീകരിക്കണം. 'അല്ലാഹു അവൻ്റെ ദൂതന്മാരോട് കൽപ്പിച്ച കാര്യം മുഅ്മിനീങ്ങളോടും കൽപ്പിച്ചിരിക്കുന്നു' എന്ന നബി -ﷺ- യുടെ വാക്ക് ഉദാഹരണം. തന്നോട് കൽപ്പിക്കപ്പെട്ട അതേ കാര്യം റസൂലുകളോടും പറഞ്ഞിട്ടുണ്ട് എന്ന് അറിയുന്നത് പ്രവർത്തനത്തിൽ കൂടുതൽ മുന്നേറാൻ സഹായിക്കും.
- പ്രാർത്ഥനകൾ സ്വീകരിക്കപ്പെടുന്നതിന് തടസ്സമുണ്ടാക്കുന്ന കാര്യങ്ങളിൽ പെട്ടതാണ് ഹറാം ഭക്ഷിക്കുക എന്നത്.
- പ്രാർത്ഥന സ്വീകരിക്കപ്പെടാൻ കാരണമാകുന്ന അഞ്ച് കാര്യങ്ങൾ ഈ ഹദീഥിലുണ്ട്. 1- ദീർഘദൂര യാത്രകളിലായിരിക്കുക എന്നത്; സാഹചര്യങ്ങൾ പ്രയാസകരമാകുമ്പോൾ അല്ലാഹുവിൻ്റെ മുൻപിൽ അങ്ങേയറ്റം വിനയാന്വിതനാകാൻ പ്രേരിപ്പിക്കുന്നു എന്നത് ഈ സാഹചര്യത്തിലെ പ്രാർത്ഥന സ്വീകരിക്കപ്പെടാനുള്ള സാധ്യത അധികരിപ്പിക്കുന്നു. 2- പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും അകപ്പെട്ട സാഹചര്യമുണ്ടാവുക എന്നത്. 3- പ്രാർത്ഥിക്കുമ്പോൾ ആകാശത്തേക്ക് കൈകൾ ഉയർത്തുക എന്നത്. 4- അല്ലാഹുവാണ് സർവ്വതിൻ്റെയും രക്ഷിതാവ് എന്ന് ഓർമ്മപ്പെടുത്തുന്ന 'റബ്ബ്' എന്ന അവൻ്റെ നാമം ആവർത്തിച്ചു കൊണ്ട് അവനോട് പ്രാർത്ഥിക്കുക എന്നത്. പ്രാർത്ഥന സ്വീകരിക്കപ്പെടാൻ സഹായിക്കുന്ന ഏറ്റവും ശക്തമായ കാരണങ്ങളിലൊന്നാണത്. 5- ഭക്ഷണവും പാനീയവും ശുദ്ധമായ മാർഗങ്ങളിൽ നിന്നായിരിക്കുക.
- ശുദ്ധവും ഹലാലായതുമായ (അനുവദനീയം) ഭക്ഷണം കഴിക്കുക എന്നത് സൽകർമ്മങ്ങൾ പ്രവർത്തിക്കാൻ സഹായമേകുന്ന കാര്യമാണ്.
- ഖാദീ -رَحِمَهُ اللَّهُ- പറയുന്നു: "ഹദീഥിൽ (അല്ലാഹുവിൻ്റെ നാമമായി) 'ത്വയ്യിബ്' എന്നാണ് പറയപ്പെട്ടത്. മ്ലേഛമായത് എന്ന അർത്ഥമുള്ള 'ഖബീഥ്' എന്ന പദത്തിൻ്റെ വിപരീതമാണത്. അല്ലാഹു എല്ലാ വിധത്തിലുള്ള കുറവുകളിൽ നിന്നും ന്യൂനതകളിൽ നിന്നും പരിശുദ്ധനാണ് എന്നാണ് ഈ നാമത്തിൻ്റെ ഉദ്ദേശ്യം. എന്നാൽ ഈ നാമം മനുഷ്യരുടെ കാര്യത്തിൽ പറയപ്പെട്ടാൽ (ഒരാൾ ത്വയ്യിബാണ് എന്നു പറഞ്ഞാൽ) അതിൻ്റെ ഉദ്ദേശ്യം: അയാൾ മോശമായ സ്വഭാവങ്ങളിൽ നിന്നും മ്ലേഛമായ പ്രവർത്തനങ്ങളിൽ നിന്നും അകന്നു നിൽക്കുന്നവനും, അതിന് വിപരീതമായ നന്മകൾ ജീവിതത്തിൽ അലങ്കാരമായി സ്വീകരിച്ചവനുമാണ് എന്നാണ്. സമ്പത്ത് ത്വയ്യിബാണ് എന്നു പറയപ്പെട്ടാലാകട്ടെ, അത് പരിശുദ്ധമായ സമ്പാദ്യവും ഹലാലായതുമാണ് എന്നുമാണ് ഉദ്ദേശ്യം.